അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ചത്താ പച്ച. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് കൊച്ചിയിൽ വച്ച് നടന്നിരുന്നു. അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പ്രശസ്ത സംഗീത സംവിധായകരായ ശങ്കർ–എഹ്സാൻ–ലോയ് ആണ്. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിന് ശങ്കർ മഹാദേവനും എത്തിയിരുന്നു.
ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ ശങ്കർ മഹാദേവൻ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും മികച്ച സിനിമകൾ ചെയ്തത് മലയാളത്തിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. "30 വർഷം ഹിന്ദി സിനിമയിൽ വർക്ക് ചെയ്ത ഞങ്ങളുടെ ആദ്യത്തെ മലയാള സിനിമയാണ് ചത്താ പച്ച.
ഈ സിനിമയിൽ വർക്ക് ചെയ്തത് മനോഹരമായ ഒരനുഭവമായിരുന്നു. ഗാനരചയിതാവ് വിനായക് ശശികുമാർ നിറഞ്ഞ കയ്യടി അർഹിക്കുന്നു. ഞങ്ങളെ സ്നേഹിച്ചതിനും അംഗീകരിച്ചതിനും നന്ദി. ഇത്തരമൊരു അവസരം മുൻപ് ലഭിക്കാത്തതു കൊണ്ടാണ് മലയാളത്തിലേക്കുള്ള വരവ് വൈകിയത്. മലയാള സിനിമ ചെയ്യാൻ കഴിഞ്ഞത് ഒരു വലിയ അഭിമാനമായി കരുതുന്നു.
ഞങ്ങളുടെ അഭിപ്രായത്തിൽ കഴിഞ്ഞ പത്ത് വർഷത്തിൽ മലയാളത്തിൽ നിന്നാണ് മികച്ച സിനിമകൾ ഉണ്ടായത്. രാജ്യത്തെ ഏറ്റവും മികച്ച സിനിമയും ഭക്ഷണവും കേരളത്തിലാണ്".- ശങ്കർ മഹാദേവൻ പറഞ്ഞു.
അതേസമയം സനൂപ് തൈക്കൂടം ആണ് ചത്താ പച്ചയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ഛായാഗ്രഹണം. ചിത്രത്തിൽ നടൻ മമ്മൂട്ടിയും അതിഥി വേഷത്തിലെത്തുന്നുണ്ട്. ജനുവരി 22 ന് ചിത്രം തിയറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates