

സാമ്പത്തികപരമായുള്ള തന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് ഭാര്യ ആരതിയാണെന്ന് നടൻ ശിവകാർത്തികേയൻ. രാധിക ശരത്കുമാറിനെ കേന്ദ്രകഥാപാത്രമാക്കി നിർമിച്ച തായ്‌കിഴവി എന്ന ചിത്രത്തിന്റെ സക്സസ് മീറ്റിൽ സംസാരിക്കുകയായിരുന്നു നടൻ.
"എന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല. ഭാര്യ ആരതിയാണ് എന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം ശ്രദ്ധയോടെ നോക്കി നടത്തുന്നത്. എന്തെങ്കിലും ചെലവ് വരുമ്പോൾ ഞാൻ അവളോട് കാശ് ചോദിക്കും. അവളുടെ സാമ്പത്തിക മേൽനോട്ടമാണ് എന്നെ നിർമാതാവാകാൻ പ്രാപ്തനാക്കിയത്. അവൾ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാകുമായിരുന്നില്ല."- ശിവകാർത്തികേയൻ പറഞ്ഞു.
ഇതിനു മുൻപ് പലപ്പോഴും ആരതി തന്റെ ജീവിതത്തിൽ കൊണ്ടുവന്ന സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് ശിവകാർത്തികേയൻ സംസാരിച്ചിരുന്നു. സിനിമയിൽ വരുന്നതിന് മുൻപ് നല്ലൊരു ശമ്പളം പോലുമില്ലാതിരുന്ന കാലത്താണ് ആരതി തന്നെ വിവാഹം ചെയ്യാൻ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നവാഗതനായ ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത ചിത്രമാണ് തായ്‌കിഴവി. 50 കോടിയിലേറെ കളക്ഷൻ ചിത്രം ബോക്സ് ഓഫീസിൽ നേടുകയും ചെയ്തു. 2010 ലാണ് ആരതിയും ശിവകാർത്തികേയനും തമ്മിൽ വിവാഹിതരാകുന്നത്.
അന്ന് ശിവകാർത്തികേയൻ സിനിമയിൽ സജീവമായിരുന്നില്ല. ചെന്നൈയിൽ വച്ചായിരുന്നു വിവാഹം. ദമ്പതികൾക്ക് മൂന്ന് മക്കൾ ആണുള്ളത്. അതേസമയം പരാശക്തിയാണ് ശിവകാർത്തികേയന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates