

കോമഡി നടനില്‍ നിന്നും നായകനിലേക്കുള്ള സൂരിയുടെ വളര്‍ച്ച സമാനതകളില്ലാത്തതാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പും കഠിനാധ്വാനവുമാണ് സൂരിയ്ക്ക് തമിഴ് സിനിമയില്‍ സ്വന്തമായൊരു ഇടം നേടിക്കൊടുത്തത്. സിനിമയില്‍ കരിയര്‍ പടുത്തുയര്‍ത്തുന്നതിന് മുന്നോടിയായി പെയ്ന്റിങ് ജോലി അടക്കം പല തൊഴിലും ചെയ്തിട്ടുണ്ട് സൂരി. തന്റെ ജീവിതത്തിലൂടെ പലര്‍ക്കും ഇന്ന് പ്രചോദനമാണ് സൂരി.
സിനിമയില്‍ വേരുകളോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെയാണ് സൂരി കടന്നു വരുന്നത്. അതുകൊണ്ട് തന്നെ കരിയറിന്റെ തുടക്കകാലത്ത് ഏറെ കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. തന്റെ തുടക്കകാലത്ത് സെറ്റില്‍ വച്ച് നേരിട്ട ദുരനുഭവം തുറന്നു പറയുകയാണ് സൂരി. പുതിയ ചിത്രം മാണ്ടാടിയുടെ റിലീസിന് മുമ്പായി ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
''എന്നെ ഒരു സിനിമയുടെ ചിത്രീകരണത്തിനായി വിളിച്ചു. വലിയ കോമഡി നടനുമായുള്ള കോമ്പിനേഷന്‍ സീന്‍ ആയിരുന്നു. ഷൂട്ടിന് ശേഷം അവര്‍ മോണിറ്റര്‍ നോക്കി. ആ വലിയ നടനും സംവിധായകനും തമ്മില്‍ കാര്യമായ ചര്‍ച്ച തന്നെ നടന്നു. പിന്നീട് എന്നെ വിളിച്ചു. എന്നിട്ട് എന്റെ ഷര്‍ട്ട് അഴിച്ച് മറ്റൊരു നടന് കൊടുക്കാന്‍ പറഞ്ഞു. അവന്‍ റെക്കമെന്റേഷനിലൂടെ വന്നതായിരുന്നു'' സൂരി പറയുന്നു.
''അത് എന്റെ സ്വന്തം ഷര്‍ട്ടായിരുന്നു. അത് അവന് പാകമാകുന്നത് പോലുമുണ്ടായിരുന്നില്ല. സ്റ്റിച്ച് അഴിച്ച് വലുതാക്കിയാണ് അവന് നല്‍കിയത്. ശേഷം അവരത് കോസ്റ്റ്യൂം വണ്ടിയിലേക്ക് വലിച്ചെറിഞ്ഞു. ഞാന്‍ വെറും തോർത്ത് മാത്രം ധരിച്ച് നിന്ന് ഇതെല്ലാം കാണുകയായിരുന്നു. തോർത്ത് മാത്രം ധരിച്ച് ഞാന്‍ എന്റെ ഷര്‍ട്ട് തെരയേണ്ടി വന്നു എനിക്ക്. ആ സംഭവം എന്നെ വല്ലാതെ വേദനിപ്പിച്ചതാണ്'' സൂരി പറയുന്നു.
അതേസമയം ആ സംവിധായകന്‍ ഇന്ന് വലിയ നിലയിലാണ്. അദ്ദേഹത്തിന് ഈ സംഭവം ഓര്‍മയുണ്ടാകില്ല. താന്‍ ആയിരുന്നു ആ നടനെന്നും ഓര്‍ത്തിരിക്കാന്‍ സാധ്യതയില്ല. ഇന്നും തന്റെ ജന്മദിനത്തിലും സിനിമ റിലീസാകുമ്പോഴും അദ്ദേഹം മെസേജ് അയക്കാറുണ്ടെന്നും സൂരി പറയുന്നു. ''വിശപ്പും, അപമാനിക്കലുകളും ചതിയുമെല്ലാം എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അതെല്ലാം എനിക്ക് ശീലമായി. എന്നെ ചതിച്ചവര്‍ക്കുള്ള സമര്‍പ്പണമാണ് ഇന്നത്തെ എന്റെ വിജയം. ഞാന്‍ മുന്നോട്ട് പോവുകയാണ്'' എന്നും സൂരി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates