'മോഹന്‍ലാലിന്റെ മോന്തയ്ക്കിട്ട് ഒരെണ്ണം കൊടുക്കാന്‍ തോന്നി'; നാടോടിക്കാറ്റ് സെറ്റില്‍ നടന്നതിനെപ്പറ്റി ശ്രീനിവാസന്‍ പറഞ്ഞത്

എന്നെ രക്ഷിക്കാന്‍ ആരുമില്ല. എന്നെ സഹായിക്കാന്‍ ആരുമില്ല. ഞാന്‍ ബീച്ചിലെ ഇരുട്ടില്‍ പോയി നിന്നു.
Mohanlal and Sreenivasan
Mohanlal and Sreenivasan
Updated on
2 min read

മലയാള സിനിമയിലെ ഐക്കോണിക് കൂട്ടുകെട്ടാണ് മോഹന്‍ലാലും ശ്രീനിവാസനും. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം പിറന്നത് ക്ലാസിക്കുകളാണ്. മലയാളി സൗഹൃദത്തിന്റെ തന്നെ നിര്‍വചനമാണ് ഇന്ന് ദാസനും വിജയനും. നാടോടിക്കാറ്റ് മലയാളിയ്ക്ക് ഒരിക്കലും ഒരു സിനിമ മാത്രമല്ല, മറ്റ് പലതുമാണ്.

നാടോടിക്കാറ്റില്‍ മോഹന്‍ലാലിനൊപ്പം നൃത്തം ചെയ്തതിനെക്കുറിച്ച് മുമ്പൊരിക്കല്‍ ശ്രീനിവാസന്‍ സംസാരിച്ചിരുന്നു. രസകരമായ ആ കഥ വീണ്ടും ചര്‍ച്ചകളില്‍ നിറുകയാണ്. കൈരളി ടിവിയിലെ പരിപാടിയിലാണ് ശ്രീനിവാസന്‍ മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:

''നാടോടിക്കാറ്റ് എന്ന സിനിമയിലെ കരകാണാ കടലല മേലെ എന്ന പാട്ട് ദാസനും വിജയനുമായി അഭിനയിക്കുന്ന എന്റേയും മോഹന്‍ലാലിന്റേയും ഭാവനയാണ്. ദുബായിലേക്ക് പോകുന്ന ഞങ്ങള്‍ വഴിയില്‍ വച്ച് കാണുന്ന സ്വപ്നം. ദുബായിലെത്തി, കാശുകാരായി ആര്‍ഭാട ജീവിതമൊക്കെയായി തരുണീമണികള്‍ക്കൊപ്പം നൃത്തം വെക്കുകയാണ്. സ്വപ്‌നത്തില്‍ കഥാപാത്രങ്ങള്‍ നൃത്തം ചെയ്യുന്നതില്‍ തെറ്റില്ലല്ലോ.

പക്ഷെ എന്നെ സംബന്ധിച്ച് ആ നൃത്ത രംഗത്തിന്റെ ചിത്രീകരണം ഞെട്ടലോടെ മാത്രമേ ഓര്‍മിക്കാന്‍ പറ്റുകയുള്ളൂ. മദിരാശയിലെ മറീന ബീച്ചില്‍ ഒരു രാത്രിയിലായിരുന്നു പാട്ട് ചിത്രീകരിക്കാന്‍ തീരുമാനിച്ചത്. ദാസന്റെ കൂടെ വിജയനും ഡാന്‍സ് ചെയ്യണമെന്ന് അറിഞ്ഞതോടെ എന്റെ കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി. ജീവിതത്തില്‍ ഒരിക്കല്‍ പോലും താളാത്മകമായി ശരീരം ചലിപ്പിച്ചിട്ടില്ലാത്ത ഞാന്‍ ഡാന്‍സ് ചെയ്യുകയാണ്. ബീച്ചില്‍ ഞാന്‍ നില്‍ക്കുന്ന ഭാഗം പിളര്‍ന്ന് പാതാളത്തിലേക്ക് ഞാന്‍ പോയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയി.

പാട്ട് പ്ലേ ചെയ്തു. ഡാന്‍സ് മാസ്റ്റര്‍ സ്റ്റെപ്പുകള്‍ കാണിച്ചു തന്നു. എന്താ ശ്രീനിവാസന്‍ ചെയ്തൂടെ എന്ന് ചോദിച്ചു. ചെയ്യാം എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ പതുക്കെ സംവിധായകന്റെ അടുത്തേക്ക് ചെന്നു. ദാസന്‍ പെണ്‍കുട്ടികളുടെ കൂടെ ഡാന്‍സ് ചെയ്യുമ്പോള്‍ വിജയന്‍ അത് നോക്കി നിന്നാല്‍ പോരെ? എന്ന് ചോദിച്ചു. അത് പോര രണ്ട് പേരും ഡാന്‍സ് ചെയ്യണം. സ്വപ്‌നം ഒരാളുടേതല്ല, രണ്ട് പേരുടേയുമാണെന്ന് അദ്ദേഹം പറഞ്ഞു. നാടോടിക്കാറ്റ് എന്ന സിനിമയുടെ തിരക്കഥയെഴുതുന്ന സമയത്ത് എന്നോട് സ്‌നേഹത്തോടെ പെരുമാറിയിരുന്ന ആ മനുഷ്യന്റെ ക്രൂരമായ മറ്റൊരു മുഖം കണ്ട് ഞാന്‍ ഞെട്ടിത്തരിച്ചു. യാതൊരു കാരുണ്യവുമില്ലാത്ത പെരുമാറ്റം.

എനിക്ക് മനസിലായി. എന്നെ രക്ഷിക്കാന്‍ ആരുമില്ല. എന്നെ സഹായിക്കാന്‍ ആരുമില്ല. ഞാന്‍ ബീച്ചിലെ ഇരുട്ടില്‍ പോയി നിന്നു. പാട്ട് പ്ലേ ചെയ്യുന്നതിന് അനുസരിച്ച് എന്റെ ശരീരം ചലിപ്പിക്കാന്‍ ശ്രമിച്ചു. ഇല്ല, എന്റെ ശരീരം അനങ്ങുന്നില്ല. എന്റെ ശരീരം സ്റ്റീല്‍ പോലെ സ്റ്റഡിയായി നില്‍ക്കുകയാണ്. പെട്ടെന്ന് ഡാന്‍സ് മാസ്റ്ററുടെ ശബ്ദം ഇടിമുഴക്കം പോലെ വന്നു. ശ്രീനിവാസന്‍, ഗെറ്റ് റെഡി. ടേക്ക്! എന്ത് ടേക്ക്, എന്ത് ഗെറ്റ് റെഡി! ഞാന്‍ നോക്കുമ്പോള്‍ മറ്റേ ദുഷ്ടന്‍ മോഹന്‍ലാല്‍ പാല്‍ പായസം കുടിക്കും പോലെ, പയറുപോലെ ഡാന്‍സ് പരിശീലിക്കുകയാണ്. അത് കണ്ടപ്പോള്‍ അയാളുടെ മോന്തയ്ക്കിട്ട് ഒരെണ്ണം കൊടുക്കാനാണ് തോന്നിയത്.

എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ ഞാനൊരു ജീവച്ഛവം പോലെ മോഹന്‍ലാലിന്റേയും ഡാന്‍സ് ചെയ്യുന്ന പെണ്‍പിള്ളേരുടേയും നടുവില്‍ പോയി നിന്നു. പിന്നെ എന്താണ് സംഭവിച്ചതെന്ന് എനിക്കോര്‍മയില്ല. എന്നെക്കൊണ്ട് എന്തോ ചെയ്യിപ്പിക്കാന്‍ ശ്രമിക്കുന്നതും എന്റെ ചുവടുകള്‍ തെറ്റുന്നതും ഞാന്‍ വീഴുന്നതും ഈ പെണ്‍പിള്ളേരും മോഹന്‍ലാലും എന്നെ പരിഹസിച്ച് ചിരിക്കുന്നതും അര്‍ബോധാവസ്ഥയില്‍ എനിക്ക് ഓര്‍മയുണ്ട്. ഇന്നും ആ പാട്ട് ടിവിയില്‍ വരുമ്പോള്‍ ഞാന്‍ ടിവി ഓഫാക്കി വല്ല കടല്‍ക്കരയിലോ പുഴക്കരയിലോ പോയി നില്‍ക്കും''.

Summary

Sreenivasan once recalled how he felt like slapping Mohanlal during dance shoot in Nadodikkattu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com