

'ദൃശ്യം 3' റിലീസിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ. ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ചിത്രം ഏപ്രിൽ രണ്ടിനാണ് തിയറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. യൂട്യൂബ് ചാനല്‍ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ദൃശ്യം 3 യെപ്പറ്റി എന്താണ് പറയാനുള്ളത് എന്നായിരുന്നു അദ്ദേഹത്തോടുള്ള ചോദ്യം. രണ്ടാം ഭാഗത്തെപ്പോലെയേ അല്ല മൂന്നാം ഭാഗമെന്ന് മറുപടി. "ദൃശ്യം ആദ്യ ഭാഗം പോലെ ആയിരുന്നില്ലല്ലോ രണ്ടാം ഭാഗം. രണ്ടാം ഭാഗത്തെപ്പോലെ അല്ല ദൃശ്യം 3. അത് ജീത്തു തന്നെ പറഞ്ഞിട്ടുണ്ട്. ബാക്കി കാണൂ. ആ സസ്പെന്‍സ് നില്‍ക്കട്ടെ." ശ്രീകാന്ത് മുരളി പറഞ്ഞു.
ദൃശ്യം 3 യുടെ കാര്യത്തില്‍ പ്രതീക്ഷ വെക്കാതെ വരാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെ, "ദൃശ്യം 2 ഇറങ്ങുന്നതിന് മുന്‍പും ജീത്തു അങ്ങനെ പറഞ്ഞിരുന്നില്ലേ. അത് നല്ലതല്ലേ ?. വന്‍ പ്രതീക്ഷയായിട്ട് അല്ലല്ലോ വരണ്ടത്".- ശ്രീകാന്ത് മുരളി പറയുന്നു.
"ഒരു വെള്ളിയാഴ്ചയാണ് സിനിമയെ നിശ്ചയിക്കുന്നത്. ഏറ്റവും നന്നാവണം എന്ന് ആഗ്രഹിച്ചാണ് നമ്മള്‍ എല്ലാവരും സിനിമയില്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഇതില്‍ ചെറിയ ഒരു റോളേ ചെയ്തിട്ടുള്ളൂ. ആശിര്‍വാദിന്‍റെ വലിയൊരു പടമാണ്. ലാല്‍ സാര്‍ അഭിനയിക്കുന്ന സിനിമയാണ്. 47 വര്‍ഷമായിട്ട് മലയാളിക്ക് വേണ്ടി സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ആളാണ് അദ്ദേഹം. വീണ്ടും അദ്ദേഹത്തിന് പ്രതീക്ഷയുണ്ട്. ദൃശ്യം 3 യ്ക്ക് മാത്രമല്ല, എല്ലാ സിനിമയ്ക്കും സസ്പെന്‍സ് ഉണ്ട്.
അത് ജനങ്ങള്‍ സ്വീകരിക്കുമ്പോഴാണ് നന്നായി എന്ന് പറയുക. ആദ്യ ദിനം തന്നെ തീരുമാനിക്കപ്പെടുന്ന സിനിമകളും ഉണ്ട്. ദൃശ്യത്തെ സംബന്ധിച്ച് ആദ്യ രണ്ട് ഭാഗങ്ങള്‍ ഉണ്ടാക്കിയ പ്രതീക്ഷയാണ് മൂന്നിലേക്ക് നമ്മളെ കൊണ്ട് എത്തിച്ചിരിക്കുന്നത്. ആവേശഭരിതനായ ഒരു പ്രേക്ഷകനെപ്പോലെ ഞാനും കാത്തിരിക്കുന്നു". ശ്രീകാന്ത് മുരളി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates