

രാജ്യത്ത് പുതിയ ചർച്ചയും വിവാദവും ഉയർത്തിയതാണ് ഡൽഹിയിലെ തെരുവുനായപ്രശ്‌നത്തിൽ സുപ്രീം കോടതിയുടെ ഉത്തരവ്. രാജ്യതലസ്ഥാനത്തെ തെരുവുനായ്ക്കളെയെല്ലാം ഷെൽട്ടറുകളിലേക്ക് മാറ്റാൻ ഉത്തരവിട്ട രണ്ടംഗ ബഞ്ചിന്റെ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. പർദിവാലയായിരുന്നു.
തെരുവിൽ പട്ടികളെ പേടിച്ച് നടക്കാൻ വിധിക്കപ്പെട്ട പാവപ്പെട്ടവരും സാധാരണക്കാരുമായ മനുഷ്യരുടെ വികാരം ഉൾക്കൊണ്ടുകൊണ്ടാണ് പർദിവാല കോടതിമുറിയിൽ സംസാരിച്ചത്. ഒരു ഇറ്റാലിയൻ സിനിമയിലെ പ്രശസ്തമായ ഡയലോഗ് അദ്ദേഹം ഓർമിപ്പിച്ചു.
1966 ൽ പുറത്തിറങ്ങിയ ഇതിഹാസ ചിത്രം "ദ് ഗുഡ്, ദ് ബാഡ് ആൻഡ് ദി അഗ്ലി" യിലെ പ്രധാനപ്പെട്ടൊരു കഥാപാത്രം ബാത്ത് ടബ്ബിൽ കുളിച്ചുകൊണ്ടിരുന്ന രംഗമാണ് അദ്ദേഹം ഉദാഹരിച്ചത്. തുല്യ പ്രാധാന്യമുള്ള മൂന്നു പ്രധാന കഥാപാത്രങ്ങളാണ് ആ സിനിമയിൽ.
ദ് ഗുഡ് ആയി അവതരിപ്പിക്കപ്പെട്ട പേരില്ലാത്ത മനുഷ്യൻ്റെ വേഷമിട്ടത് ക്ലിന്റ് ഈസ്ററ് വുഡാണ് (Clint Eastwood). ദി അഗ്ലി ആയ "ട്യൂക്കോ" എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എലി ഹെർഷെൽ വാലക്കും (Eli Herschel Wallach), ദ് ബാഡ് ആയ "ഏഞ്ചൽ അയ്‌സ്" എന്ന കഥാപാത്രമായി വേഷമിട്ടത് ലീ വാൻ ക്ളീഫും (Lee Van Cleef).
കോടതിമുറിയിൽ എല്ലാവരോടുമായി ജസ്റ്റിസ് പർദിവാല ചോദിച്ചു: "നിങ്ങൾ കണ്ടിട്ടുണ്ടോ ആ സിനിമ... അഗ്ലി കുളിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നൊരു മനുഷ്യൻ തോക്കുമായ് കടന്നുവന്ന് പറയുന്നു. ഞാൻ നിങ്ങളെ തേടി നടക്കുകയായിരുന്നു..."
ജസ്റ്റിസ് പർദിവാല പറഞ്ഞ രംഗമിതാണ്: സോപ്പുപത നിറഞ്ഞ ബാത്ത് ടബ്ബിൽ തല മാത്രം പുറത്ത് കാണിച്ച് ട്യൂക്കോ കിടക്കുന്നു. പെട്ടെന്ന് ഒരൊറ്റക്കയ്യൻ മനുഷ്യൻ കുളിമുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തു കയറി. അയാളുടെ ഇടതു കയ്യിൽ നീട്ടിപ്പിടിച്ച തോക്ക്.
തുടർന്ന് ട്യുക്കോയോട് അയാൾ പറയുന്നു: "കഴിഞ്ഞ എട്ട് മാസമായി ഞാൻ നിന്നെ തേടി നടക്കുകയായിരുന്നു. എപ്പോഴൊക്കെ എന്റെ വലത് കയ്യിൽ ഒരു തോക്ക് ഉണ്ടാവേണ്ടിയിരുന്നോ അപ്പോഴെല്ലാം ഞാൻ നിന്നെ ഓർത്തു. ഇപ്പോഴിതാ ഏറ്റവും അനുയോജ്യമായ തരത്തിൽ നിന്നെ എന്റെ മുന്നിൽ കിട്ടി. ഇടത് കൈ കൊണ്ട് വെടിവെച്ച് പഠിക്കാൻ എനിക്കിഷ്ടം പോലെ സമയം കിട്ടിയിരുന്നു."
പൊളപ്പൻ ഡയലോഗ് പറഞ്ഞു തീരും മുൻപേ വെടി പൊട്ടി. വച്ചത് ട്യുക്കോയാണെന്ന് മാത്രം. സോപ്പ് പതയ്ക്കടിയിൽ നിന്ന് മിന്നൽ വേഗത്തിലുയർന്ന ട്യുക്കോയുടെ കയ്യിലെ തോക്കിൽ നിന്ന് തുടരെ തുടരെ വെടി ഉതിർന്നു.
പകവീട്ടാൻ വന്നവൻ ചത്ത് മലച്ചപ്പോൾ ട്യുക്കോയുടെ എവർഗ്രീൻ ഡയലോഗ്: "വെടിവയ്‌ക്കേണ്ടപ്പോൾ വെടിവയ്ക്കണം, സംസാരമരുത്".
ജസ്റ്റിസ് പർദിവാല പറഞ്ഞ് നിർത്തിയതും അതുതന്നെ; സംസാരമല്ല "ഇത് പ്രവർത്തിക്കാനുള്ള സമയം!"
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
