

മണിരത്നത്തിനൊപ്പം നിരവധി സിനിമകളിൽ സഹരചയിതാവായി പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനി. ഒരു സഹരചയിതാവിന് ഒരിക്കലും ഈഗോ പാടില്ലെന്ന് പറയുകയാണ് സുഹാസിനിയിപ്പോൾ. അതോടൊപ്പം സഹരചയിതാവിനുണ്ടാകേണ്ട ഗുണങ്ങളെക്കുറിച്ചും സുഹാസിനി സിനിഉലകത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
"മണി എഴുതുന്ന ഏറ്റവും മികച്ച സീനായിരിക്കും സിനിമയിൽ വരുന്നത് എന്നല്ലേ നിങ്ങൾ കരുതുന്നത്. പക്ഷേ അങ്ങനെയല്ല, അദ്ദേഹത്തിന്റെ ഏറ്റവും മികച്ച എഴുത്തുകളെല്ലാം ചവറ്റുകുട്ടയിലാണ് കൂടുതലും കിടക്കുന്നത്. ഏറ്റവും മികച്ച സീനുകളൊക്കെ എഴുതിയത് ചുരുട്ടി കൂട്ടി അദ്ദേഹം ചവറ്റുകുട്ടയിൽ ഇടുന്നത് ഞാൻ കണ്ടിട്ടുണ്ട്.
എന്റെ കാര്യം എങ്ങനെയാണെന്ന് വച്ചാൽ, ഒരു നാല് വരി എഴുതിയാൽ പോലും അത് ഞാൻ ഭദ്രമായി സൂക്ഷിച്ചു വയ്ക്കും. എന്നാൽ അദ്ദേഹം അങ്ങനെയല്ല. ഈ സിറ്റുവേഷന് ഇത് യോജിച്ചതല്ലെങ്കിൽ ചുരുട്ടി കൂട്ടി കളയും. വേറെ പടത്തിനായി അത് മാറ്റിവയ്ക്കുകയൊന്നുമില്ല. പുതിയ കഥാപാത്രത്തിനായി പുതിയത് എഴുതും.
മുൻപ് എഴുതിയ സംഭവം പൊടി തട്ടിയെടുത്ത് പോളിഷ് ചെയ്ത് എടുക്കുന്ന രീതി അദ്ദേഹത്തിനില്ല. എല്ലാ കാര്യങ്ങളും പുതിയതായി ചെയ്താൽ മാത്രമേ അത് ശരിയാവുകയുള്ളൂ എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഞാനൊരു പത്ത് പേജ് എഴുതി കൊടുത്താൽ അതിൽ നിന്ന് രണ്ട് പേജ് മണി എടുത്താൽ തന്നെ വലിയ കാര്യം. സഹ രചയിതാവിന് ഒരിക്കലും ഈഗോ പാടില്ല.
സഹരചയിതാവായി എഴുതി കൊടുക്കുന്ന കാര്യം ആദ്യമൊക്കെ തിരക്കഥാകൃത്ത് നിരസിക്കുമെന്ന കാര്യമുറപ്പാണ്. ഇത് ശരിയല്ല എന്നേ അവർ ആദ്യം പറയുകയുള്ളൂ. ശരിയായി വരുന്ന ഒരു സമയം വരും. ഉദാഹരണം പറയുകയാണെങ്കിൽ റോജയ്ക്ക് വേണ്ടിയാണ് ഞാനാദ്യം സീൻ എഴുതുന്നത്. അതിൽ മധുബാല അവതരിപ്പിച്ച കഥാപാത്രം ഭർത്താവിനെ കാണാതെ പോയെന്ന് പറഞ്ഞ് പരാതി പറയുന്ന ഒരു രംഗമുണ്ട്.
'റോജ' എഴുതുന്ന സമയത്ത് ഒരു കന്നഡ സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി നോ മാൻസ് ലാൻഡി (കശ്മീർ) ലായിരുന്നു ഞാൻ. അനുഭവവും ഒരു എഴുത്തുകാരന് കൂട്ടായി വരും. അവിടെ ചെന്നപ്പോഴാണ് എനിക്ക് മനസിലായത് 24 മണിക്കൂറും അവിടെ സൈനികരുണ്ടെന്ന കാര്യം. ശത്രുക്കൾ വന്നാലും ഇല്ലെങ്കിലും സൈനികർ അവിടെ ഉണ്ടാകണം.
കൊടുംതണുപ്പുള്ളപ്പോഴും കൊടിയ വേനലിലും എന്ത് പ്രശ്നം വന്നാലും അവിടെ അവരുണ്ടാകണം. അത് എനിക്ക് റോജയിൽ ഉപയോഗിക്കാൻ പറ്റി. കശ്മീരിലെ എന്റെ ഷൂട്ടിങ്ങിന് ശേഷമായിരുന്നു റോജയുടെ ഷൂട്ട് തുടങ്ങാനിരുന്നത്. കശ്മീരിൽ ഞാൻ പോയപ്പോൾ കണ്ട കാര്യമാണ് ഞാനതിൽ എഴുതിയത്. അതൊരു സഹരചയിതാവിന്റെ ഗുണമാണ്.
എന്നാൽ ഞാൻ എഴുതിയത് വായിച്ചിട്ട് മണി സാർ എന്നോട് ചോദിച്ചത്, നീ എന്നോട് ഈ പറഞ്ഞ കാര്യം ഒരു മന്ത്രിയുടെ മകളായിരുന്നുവെങ്കിൽ പറയുമോ എന്നായിരുന്നു. ഒരു സഹരചയിതാവ് എന്ന നിലയിൽ ഞാൻ എന്റെ അനുഭവത്തിൽ നിന്നുകൊണ്ടാണ് എഴുതുന്നത്.
പക്ഷേ ആ സിനിമയുടെ പ്രധാന രചയിതാവ് ആ സമയത്തെ സമകാലിക വിഷയങ്ങളെക്കൂടി നോക്കിയിട്ടാണ് എഴുതുക. അത്തരമൊരു മനസിലാക്കലും സഹകരണവും ഒരു സഹരചയിതാവിന് എപ്പോഴുമുണ്ടാകണം".- സുഹാസിനി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates