

ചെന്നൈ; ആരോഗ്യസ്ഥിതി മോശമായതിന് തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രജനീകാന്ത് വീട്ടിലേക്ക് മടങ്ങി. താരം തന്നെയാണ് വീട്ടിലേക്ക് തിരിച്ചെത്തിയെന്ന വിവരം ആരാധകരെ അറിയിച്ചത്. ഞായറാഴ്ച രാത്രി 9.30 ഓടെയാണ് വീട്ടിലേക്ക് മടങ്ങിയത്. തലവേദനയും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 28-നാണ് രജനീകാന്തിനെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പക്ഷാഘാതത്തിന്റെ തൊട്ടരുകിലൂടെ കടന്നുപോയി
ആശുപത്രിയിലെത്തി പ്രാഥമിക പരിശോധനകൾക്കു ശേഷം രജനിയെ എംആർഐ സ്കാനിങ്ങിനു വിധേയനാക്കിയിരുന്നു. തലയുടെ സ്കാനിങ് റിപ്പോർട്ട് പുറത്തു വന്നതോടെ പക്ഷാഘാതത്തിനു തൊട്ടരികിലൂടെ താരം കടന്നു പോയതായി കണ്ടെത്തി. രക്തക്കുഴൽ പൊട്ടിയതായും എംആർഐ സ്കാനിങ്ങിനിലൂടെ ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും പക്ഷാഘാത സാധ്യത കുറയ്ക്കുന്നതിനുമായി കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ നടത്തുകയായിരുന്നു.
ആരോഗ്യത്തിനായി കൂട്ടപ്രാർത്ഥന
അതേസമയം രജനിയുടെ ആരോഗ്യത്തിന് വേണ്ടി വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കുകയാണ്. മധുര തിരുപ്പറങ്കുണ്ട്രം ക്ഷേത്രത്തിൽ വഴിപാടായി ആരാധകർ മണ്ണു തിന്നും നൂറ്റിയെട്ട് തേങ്ങകൾ ഉടച്ചും പ്രാർഥനകൾ നടത്തി. കൂട്ടപ്രാർഥനയും ആരാധകർ നടത്തി വരുന്നുണ്ട്. രജനിയുടെ ആരോഗ്യത്തിനും പുതിയ ചിത്രം അണ്ണാത്തെയുടെ വിജയത്തിനായുമാണ് പ്രത്യേക പ്രാർത്ഥനകൾ.
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ ദീപാവലി റിലീസായാണ് ആരാധകരിൽ എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് അണ്ണാത്തെയുടെയും സ്ഥാനം. സിരുത്തൈ ശിവ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നയന്‍താര, കീര്‍ത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ്, മീന, സൂരി, ജഗപതി ബാബു, അഭിമന്യു സിംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates