

വിക്രം നായകനായെത്തിയ വീര ധീര സൂരൻ പാർട്ട് 2 എന്ന ചിത്രത്തിലൂടെയായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ തമിഴ് സിനിമാ അരങ്ങേറ്റം. കണ്ണൻ എന്ന വില്ലനായാണ് ചിത്രത്തിൽ സുരാജ് എത്തിയത്. വീര ധീര സൂരന് പിന്നാലെ യൂത്ത്, കര, ജയിലർ 2 തുടങ്ങി നിരവധി തമിഴ് സിനിമകളിലും സുരാജ് ഭാഗമായി.
വീര ധീര സൂരനിലേക്ക് വന്നതിനേക്കുറിച്ച് സുരാജ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. കരയുടെ പ്രൊമോഷന്റെ ഭാഗമായി സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകൻ എസ് യു അരുൺകുമാറാണ് തന്റെയടുത്ത് കഥ പറഞ്ഞതെന്നും എന്നാൽ തനിക്ക് ഒന്നും മനസിലായില്ലെന്നും സുരാജ് പറഞ്ഞു.
ഷൂട്ടിങ് സെറ്റിലെത്തിയപ്പോഴാണ് കഥ ശരിക്കും മനസിലായതെന്നും സുരാജ് പറഞ്ഞു. തമാശരൂപേണയാണ് സുരാജ് ഇക്കാര്യം പറഞ്ഞത്. "അതൊരു വലിയ അനുഭവമായിരുന്നു. തമിഴിൽ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ തമിഴ് സ്ലാങ് എനിക്ക് മനസിലാകണം. അത് മനസിലായെങ്കിൽ മാത്രമേ എനിക്ക് പെർഫോം ചെയ്യാൻ പറ്റുകയുള്ളൂ.
ഇപ്പോൾ ഒരു കഥാപാത്രം കിട്ടിയാൽ, ആ കഥാപാത്രത്തിന്റെ ഇമോഷൻ, കഥാപാത്രം പറയുന്ന വിഷയം അതെല്ലാം മലയാളത്തിൽ എഴുതി പഠിച്ചിട്ടാണ് ഞാൻ അഭിനയിക്കുന്നത്. മലയാളത്തിലാണെങ്കിൽ പെട്ടെന്ന് നമുക്ക് ഷോട്ട് എടുക്കാം, തമിഴിൽ കുറച്ച് പണിയാണ്. അങ്ങനെയിരിക്കുമ്പോഴാണ് എനിക്ക് അരുണിന്റെ വിളി വരുന്നത്. അദ്ദേഹത്തിന്റെ ചിത്ത എന്ന സിനിമ ഞാൻ കണ്ടിരുന്നു. അങ്ങനെ അദ്ദേഹം എന്നോട് കഥ പറഞ്ഞു.
തമിഴ് എനിക്ക് നന്നായി മനസിലാകില്ല. സിനിമ കണ്ടിട്ടുള്ളതു കൊണ്ട് കുറച്ചു കാര്യങ്ങൾ മനസിലാകുമെന്നല്ലാതെ എനിക്ക് വലുതായി തമിഴ് അറിയില്ല. അദ്ദേഹം എന്റെ അടുത്ത് വന്ന് കഥ പറഞ്ഞപ്പോൾ, ശരിക്കും എനിക്ക് പറയുന്നതെല്ലാം ഒരുപോലെയാണ് തോന്നിയത്. അദ്ദേഹം 'മനസിലായോ' എന്ന് ചോദിക്കുമ്പോൾ ഞാൻ തലയാട്ടും. കാരണം ഈ സിനിമ എന്റെ കയ്യിൽ നിന്ന് പോകരുതല്ലോ.
എല്ലാം കേട്ട ശേഷം ഞാൻ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു. 'സാർ ഈ കഥാപാത്രത്തിന് ഞാൻ അനുയോജ്യനാണോ' എന്ന്. അദ്ദേഹം ഓക്കെ പറഞ്ഞു. പിന്നെ ഞാൻ ഷൂട്ടിങ്ങിനായി പോയി. വിക്രം സാറുമുണ്ടായിരുന്നു. സത്യം പറഞ്ഞാൽ എനിക്ക് ഒന്നും മനസിലായില്ല. അരുൺ എന്താണ് പറഞ്ഞിട്ട് പോകുന്നതെന്നൊന്നും എനിക്ക് മനസിലായില്ല. ഓക്കെയാണോ എന്ന് എന്നോട് ചോദിക്കും, ഓക്കെയാണെന്ന് ഞാൻ പറയും.
കുറച്ചു കഴിഞ്ഞ് വിക്രം സാർ എന്നോട് ചോദിച്ചു, 'സുരാജ് കഥ എങ്ങനെയുണ്ട് ?'. അപ്പോൾ ഞാൻ പറഞ്ഞു, 'സാർ അത് എങ്ങനെയുണ്ടെന്ന് ചോദിക്കാനാണ് ഞാൻ സാറിന്റെ അടുത്തേക്ക് വന്നതെന്ന്'. അദ്ദേഹത്തിന് മലയാളം അറിയാം. ഞാൻ പറഞ്ഞു, 'എനിക്കൊന്നും മനസിലായില്ല സാർ'. 'അപ്പോൾ നിങ്ങൾ അല്ലേ കഥയെല്ലാം ഇഷ്‌ടപ്പെട്ടെന്ന് അരുണിനോട് പറഞ്ഞതെന്ന്' വിക്രം ചോദിച്ചു.
സിനിമ കയ്യിൽ നിന്ന് പോകാതിരിക്കാനാണ് ഞാൻ അന്ന് അങ്ങനെ പറഞ്ഞതെന്ന് പറഞ്ഞു. അപ്പോഴാണ് അരുൺ അറിയുന്നത് എനിക്ക് കഥയൊന്നും മനസിലായില്ലെന്ന്. ഇവൻ ആക്ടിങ്ങിൽ പുലിയാണല്ലോ എന്ന് സംവിധായകന് മനസിലാകുന്നത് അപ്പോഴാണ്. ഞാൻ പിന്നെ സോറി പറഞ്ഞു.
കാരണം എന്നോട് കഥ പറയാൻ വേണ്ടി മാത്രം അവർ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വന്നതാണ്. അപ്പോൾ സാർ എനിക്കൊന്നും മനസിലായില്ല എന്ന് പറഞ്ഞാൽ അവരെന്ത് വിചാരിക്കും. ഞാനിങ്ങനെ പറയുന്നത് കേട്ട് അദ്ദേഹം പെട്ടെന്ന് ചിരിച്ചു". - സുരാജ് പറഞ്ഞു. വീര ധീര സൂരന്റെ പാർട്ട് 1 ന്റെ സീനുകളൊന്നും എടുത്തിട്ടില്ലെന്നും സുരാജ് കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates