

വില്ലന്‍ വേഷങ്ങളിലൂടെ കരിയര്‍ ആരംഭിച്ച്, ഇന്ന് കോമഡിയിലും കയ്യടി നേടി തിളങ്ങി നില്‍ക്കുകയാണ് സുരേഷ് കൃഷ്ണ. ബെത്‌ലഹേം കുടുംബ യൂണിറ്റില്‍ ഏറ്റവും കൂടുതല്‍ ചിരിപ്പിക്കുന്ന താരങ്ങളിലൊരാള്‍ സുരേഷ് കൃഷ്ണയാണ്. ഒരുകാലത്ത് പേടിപ്പിച്ചിരുന്ന ക്രൂരവില്ലന്‍ വേഷങ്ങള്‍ ചെയ്ത നടന്‍ തന്നെയാണോ ഇതെന്ന് തോന്നിപ്പിക്കുന്നതാണ് ബെത്‌ലഹേമിലെ സുരേഷ് കൃഷ്ണയുടെ പ്രകടനം.
സുരേഷ് കൃഷ്ണയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത് ഒരു ചതിയില്‍ നിന്നുമാണ്. ഒരു സിനിമയ്ക്ക് വേണ്ടിയെന്ന പേരില്‍ നടത്തിയൊരു തട്ടിപ്പ് ഫോട്ടോഷൂട്ടില്‍ പങ്കെടുത്തതിന് പിന്നാലെയാണ് അദ്ദേഹം തന്നിലെ നടനെ കണ്ടെത്താന്‍ ഇറങ്ങിത്തിരിക്കുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് കൃഷ്ണ ആ ഓര്‍മ പങ്കിടുന്നുണ്ട്.
''കുട്ടിക്കാലത്ത് സിനിമ വല്ലാതെ ഭ്രമിപ്പിച്ചിട്ടില്ല. വീട്ടില്‍ നിന്ന് തിയേറ്ററില്‍ പോകുന്നതു തന്നെ കുറവായിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഒറ്റയ്ക്ക് പോയി ഒരു സിനിമ കാണുന്നത്. അതൊരു കമല്‍ഹാസന്‍ സിനിമയായിരുന്നു. പ്രീഡിഗ്രിക്കാലമാണ് സിനിമയിലേക്ക് അടുപ്പിച്ചത് എന്ന് പറയാം. കോടമ്പാക്കത്തെ സ്‌കൂളിലായിരുന്നു പ്രീഡിഗ്രി പഠനം. ഒരുപാട് സിനിമാതാരങ്ങള്‍ പിറന്ന സ്‌കൂള്‍. പ്രധാന താരങ്ങളുടേയും സാങ്കേതിക പ്രവര്‍ത്തകരുടെയെല്ലാം മക്കള്‍ പഠിക്കുന്നതും ആ സ്‌കൂളിലാണ്. പുതുമുഖ താരങ്ങളെ ആവശ്യമായി വന്നാല്‍ അതിനും അവിടം തന്നെയായിരുന്നു ആശ്രയം.
ഒരുപാട് ഓഡിഷന്‍ തട്ടിപ്പുകളും അന്ന് നടന്നിരുന്നു. ഇല്ലാത്ത സിനിമയുടെ പേരും പറഞ്ഞ് ആള്‍ക്കാരുടെ പേരും പറഞ്ഞ് ആള്‍ക്കാരുടെ കൈയില്‍ നിന്ന് പണം വാങ്ങും. ഫോട്ടോഷൂട്ട് എന്നും പറഞ്ഞ് ഫിലിം പോലും ഇല്ലാത്ത കാമറയില്‍ ഫോട്ടോ എടുത്ത് പറ്റിക്കും. അത്തരത്തില്‍ പണം സമ്പാദിക്കുന്ന നിരവധി കറക്കുകമ്പനികള്‍ അന്ന് ചെന്നൈയിലുണ്ടായിരുന്നു. അതിലൊരുത്തനാണ് എന്നേയും പറ്റിച്ചത്.
അസോസിയേറ്റ് സംവിധായകനാണെന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയത്. പ്രശസ്തനായ ഒരു സംവിധായകന്റെ അടുത്ത പടത്തില്‍ ഞാനാണ് നായകന്‍ എന്നു പറഞ്ഞ് വലയില്‍ വീഴ്ത്തി. ആദ്യം ഞാന്‍ ഒഴിഞ്ഞുമാറിയെങ്കിലും അയാള്‍ പലതവണ സന്ദര്‍ശിച്ച് വിശ്വസിപ്പിച്ചു. ചെന്നൈയുടെ പല ഭാഗങ്ങളില്‍ ചെന്ന് ഫോട്ടോഷൂട്ടും നടത്തി. ആ ഫോട്ടോകളിലെല്ലാം എന്റെ മുഖത്ത് ഒരേ ഭാവമായിരുന്നു. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അഭിനയം പ്രൊഫഷണലായി പഠിക്കണം എന്ന് ഉപദേശിച്ചു. ശരിക്കും ആ പോയിന്റില്‍ വച്ചാണ് ഒന്ന് ശ്രമിച്ചു നോക്കിയാലോ എന്ന് തോന്നിയത്'' സുരേഷ് കൃഷ്ണ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates