തിയേറ്ററുകളിൽ മികച്ച പ്രകടനം തുടരുകയാണ് സൂര്യ നായകനായെത്തിയ തമിഴ് ചിത്രം ‘സീൻ’. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ ആഗോള ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിലേക്ക് കടക്കാനൊരുങ്ങുകയാണ് ചിത്രം. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ നസ്രിയയും നസ്‌ലനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
റിലീസ് ചെയ്ത ആദ്യദിനം ഇന്ത്യയിൽ നിന്ന് 22.50 കോടി രൂപയാണ് ചിത്രം നേടിയത്. രണ്ടാം ദിനം കളക്ഷനിൽ അഞ്ച് ശതമാനം വർധനവുണ്ടായി. 23.50 കോടി രൂപയാണ് രണ്ടാം ദിനത്തിലെ കളക്ഷൻ. ഇതോടെ രണ്ട് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്നുള്ള ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ 46 കോടി രൂപയായി.
തമിഴ്നാട്ടിലാണ് ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണം ലഭിക്കുന്നത്. രണ്ട് ദിവസം കൊണ്ട് 21.50 കോടി രൂപയാണ് ഇവിടെ നിന്ന് നേടിയത്. കേരളത്തിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്. കേരളത്തിൽ നിന്ന് ഇതുവരെ ഏകദേശം 10.75 കോടി രൂപയാണ് ചിത്രം നേടിയതെന്ന് പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്യുന്നു. തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് 8.75 കോടി രൂപയും കർണാടകയിൽ നിന്ന് 4.25 കോടി രൂപയും സ്വന്തമാക്കി. മറ്റ് ഇന്ത്യൻ വിപണികളിൽ നിന്ന് 75 ലക്ഷം രൂപയും ലഭിച്ചു.
വിദേശ വിപണികളിൽ നിന്നും മികച്ച വരുമാനമാണ് ചിത്രം നേടുന്നത്. രണ്ട് ദിവസം കൊണ്ട് ഏകദേശം 34 കോടി രൂപയാണ് വിദേശത്തുനിന്നുള്ള കളക്ഷൻ. ഇതോടെ ആഗോള ബോക്സ് ഓഫീസിൽ ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ 80 കോടി രൂപയായെന്നും പിങ്ക്‌വില്ലയുടെ റിപ്പോർട്ടിൽ പറയുന്നു. മൂന്നാം ദിവസം അവസാനിക്കുമ്പോഴേക്കും ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
‘ആവേശം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ഒരുക്കുന്ന പൊലീസ് കോമഡി ഡ്രാമയാണ് ‘സീൻ’. ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം, രൺബീർ കപൂറും യഷും പ്രധാന വേഷങ്ങളിലെത്തുന്ന ‘രാമായണ’യുടെ റിലീസും ബോക്സ് ഓഫീസിൽ ചിത്രത്തിന് വെല്ലുവിളിയാകുന്നുണ്ട്. സൂര്യയുടെ കരിയറിലെ ശ്രദ്ധേയമായ വിജയങ്ങളിലൊന്നായി ‘സീൻ’ മാറുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates