

ആരാധകരുടെ സ്വന്തം നടിപ്പിൻ നായകനൊക്കെ ആണെങ്കിലും ബോക്സ് ഓഫീസിൽ അടുത്തിടെ അത്ര നല്ല കാലമായിരുന്നില്ല നടൻ സൂര്യയ്ക്ക്. കഴിഞ്ഞ 10 വർഷമെടുത്താൽ അദ്ദേഹത്തിന്റേതായി എടുത്തു പറയാൻ മാത്രം ബ്ലോക്ക്ബസ്റ്ററുകളൊന്നുമുണ്ടായിരുന്നില്ല.
ഇതിനിടെ ബിഗ് ബഡ്ജറ്റ് സിനിമകളൊക്കെ സൂര്യയുടെ പേരിലെത്തിയെങ്കിലും ഒന്ന് പോലും തിയറ്ററിൽ കരകയറിയില്ല എന്നതാണ് വാസ്തവം. കളിയാക്കിയവരെ കൊണ്ട് തന്നെ കൈ അടിപ്പിക്കുന്ന ഒരു ശീലം സൂര്യയ്ക്ക് പണ്ടേ ഉണ്ട്. ഇപ്പോഴിതാ 13 വർഷമായി സ്റ്റാർഡം ഇല്ല, ഫാൻബേസ് ഇല്ല എന്ന് പരിഹസിച്ചവരുടെയെല്ലാം വായ ഒറ്റ സിനിമ കൊണ്ട് അടപ്പിച്ചിരിക്കുകയാണ് സൂര്യ.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനിപ്പുറം ഒരു സൂര്യ ചിത്രം തിയറ്ററുകൾ ഇളക്കി മറിക്കുകയാണിപ്പോൾ. ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് എന്ന ചിത്രമാണ് അത്. മെയ് 15 ന് ആയിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. റിലീസിന് തൊട്ടുമുൻപ് വരെ പ്രതിസന്ധികളിലൂടെയായിരുന്നു കറുപ്പ് കടന്നു പോയത്.
എന്നാൽ ആദ്യ ഷോയ്ക്ക് പിന്നാലെ സൂര്യയുടെ തലവര തന്നെ മാറി. ഇപ്പോഴിതാ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി ഗ്രോസ് പിന്നിട്ടിരിക്കുകയാണ് ചിത്രം. നിര്‍മാതാക്കള്‍ തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. സൂര്യയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രവുമാണ് കറുപ്പ്.
കൃത്യമായി പറഞ്ഞാല്‍ 207 കോടിയാണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം.
ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തിയിരിക്കുന്നത്. സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ ഇന്ദ്രൻസിന്റെ കഥാപാത്രവും ഏറെ പ്രശംസകൾ നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates