സ്വാസികയും സിജുവും/ വിഡിയോയിൽ നിന്ന്, സംസ്ഥാന ചലച്ചിത്ര അവാർഡുമായി സ്വാസിക/ ഫേയ്സ്ബുക്ക്
സ്വാസികയും സിജുവും/ വിഡിയോയിൽ നിന്ന്, സംസ്ഥാന ചലച്ചിത്ര അവാർഡുമായി സ്വാസിക/ ഫേയ്സ്ബുക്ക്

സ്വാസികയുടെ സംസ്ഥാന അവാർഡ് മോഷണം പോയി, പൊലീസിനെ വിളിച്ച് സിജു; വിഡിയോ

നീണ്ട നേരത്തെ ടെൻഷനു ശേഷം ​ഗോൾഡൻ ലേഡിയെ കയ്യിൽ കിട്ടിയപ്പോഴാണ് താൻ പറ്റിപ്പെടുകയാണെന്ന് സ്വാസികക്ക് മനസിലായത്
Published on

സംസ്ഥാന ചലച്ചിത്ര അവാർഡ് കയ്യിൽ കിട്ടി അധികം വൈകിയില്ല സ്വാസികയുടെ ട്രോഫി മോഷണം പോയി. മോഷ്ടാവിനെ കണ്ടെത്താൻ അവസാനം പൊലീസിനെ വിളിക്കേണ്ടിവന്നു. നീണ്ട നേരത്തെ ടെൻഷനു ശേഷം ​ഗോൾഡൻ ലേഡിയെ കയ്യിൽ കിട്ടിയപ്പോഴാണ് താൻ പറ്റിപ്പെടുകയാണെന്ന് സ്വാസികക്ക് മനസിലായത്. രസകരമായ ഗുലുമാൽ പ്രാങ്ക് വിഡിയോകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ അനൂപ് പന്തളമാണ് താരത്തിന് പണികൊടുത്തത്. 

മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് സ്വാസികക്ക് ലഭിച്ചത്. വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്കാരം. ഇതുകൂടാതെ മികച്ച ചിത്രത്തിനുള്ള അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങളും ചിത്രത്തെ തേടിയെത്തിയിരുന്നു. അവാർഡ് വിതരണത്തിന് ശേഷം സ്വാസികയും സിജു വിൽസണും വാസന്തി സിനിമയുടെ സംവിധായകരായ ഷിനോസ് റഹ്മാന്‍–സജാസ് റഹ്മാന്‍ എന്നിവരും ചേർന്നൊരു അഭിമുഖം ഒരുക്കിയിരുന്നു. അഭിമുഖത്തിന് ഇരിക്കുന്നതിനിടെ അവാർഡുകൾ തൊട്ടടുത്ത മേശകളിൽ വച്ചു. ഇവിടെ നിന്നാണ് അവാർ കാണാതാകുന്നത്. 

അഭിമുഖം കഴിഞ്ഞു നോക്കിയപ്പോഴാണ് ഇവർ കാര്യം അറിയുന്നത്. ഇതോടെ എല്ലാവരും ടെൻഷനിലായി. നീല ഷർട്ടിട്ട ആളെ അന്വേഷിക്കുന്ന തിരക്കിലായി എല്ലാവരും. അവാർഡ് കിട്ടിയിട്ട് അയാൾ എന്തു ചെയ്യും എന്ന ചർച്ച വരെ നടന്നു. അവസാനം സിജു വിൽസൺ തന്റെ പരിചയത്തിലുള്ള പൊലീസുകാരനെ വിളിച്ച് കാര്യം പറഞ്ഞു. പക്ഷേ സിജു യഥാർത്ഥത്തിൽ വിളിച്ചത് അനൂപിനെ ആയിരുന്നു. പ്രാങ്കിനെക്കുറിച്ച് സിജുവിന് അറിയാമായിരുന്നു. അവസാനം അനൂപ് നേരിട്ടെത്തി സ്വാസികയ്ക്കു അവാർഡ് ഫലകം തിരികെ നൽകുകയായിരുന്നു. തങ്ങൾ ഇതുവരെ ചെയ്തതിൽ ഏറ്റവും റിസ്കുള്ള പ്രാങ്കാണ് ഇതെന്നാണ് അനൂപും കൂട്ടരും പറയുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com