

ബോളിവുഡ് താരങ്ങളിലെ ഉറച്ച ശബ്ദമാണ് താപ്‌സി പന്നു. താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദറോ ഇല്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും സ്വന്തമായൊരു ഇടം കണ്ടെത്തുന്നതും. ഓണ്‍ സ്‌ക്രീനിലെ ശക്തമായ കഥാപാത്രങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ നിലപാടുകളിലൂടേയും താപ്‌സി ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്.
സിനിമയ്ക്ക് അകത്തെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നത് പോലെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലും തന്റെ നിലപാടുകള്‍ മറയില്ലാതെ പങ്കുവെക്കുന്ന താരമാണ് താപ്‌സി പന്നു. ഇതിന്റെ പേരില്‍ താപ്‌സിയ്ക്ക് പലപ്പോഴും ഓണ്‍ലൈനിലും ഓഫ് ലൈനിലും അധിക്ഷേപങ്ങളും അതിക്രമങ്ങളും നേരിടേണ്ടി വരാറുണ്ട്. എന്നാല്‍ താപ്‌സി തന്റെ നിലപാടുകളില്‍ നിന്നും പിന്നോട്ട് പോകാറില്ല.
ഇഷ്ട രാഷ്ട്രീയ നേതാവ് ആരെന്ന ചോദ്യത്തിനുള്ള താപ്‌സിയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. താപ്‌സിയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതാണ് താരത്തിന്റെ മറുപടി. തന്റെ പുതിയ ചിത്രം അസ്സിയുടെ പ്രൊമോഷന്റെ ഭാഗമായി സ്വകാര്യ ചാനലിലെ പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു താപ്‌സിയുടെ പ്രതികരണം.
രാഹുല്‍ ഗാന്ധിയുടേയും നരേന്ദ്രമോദിയുടേയും ചിത്രങ്ങള്‍ കാണിച്ചു കൊണ്ട് ആരാണ് ഇഷ്ട നേതാവ് എന്ന് അവതാരകന്‍ ചോദിച്ചു. ഉടനെ തന്നെ താപ്‌സി മോദിയുടെ ചിത്രത്തിന് അരികിലെത്തി തൊട്ട് നമസ്‌ക്കരിക്കുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ താപ്‌സി പറഞ്ഞ വാക്കുകളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ' എനിക്ക് ഇനിയും ഈ രാജ്യത്ത് ജീവിക്കണം' എന്നായിരുന്നു താപ്‌സി പറഞ്ഞത്.
താപ്‌സിയുടെ വാക്കുകള്‍ ശക്തമായ രാഷ്ട്രീയ പ്രസ്താവനയാണെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. സംഘപരിവാറിനേയും മോദിയേയും പരിഹസിക്കുന്നതിനൊപ്പം വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നത് കൂടിയാണ് താപ്‌സിയുടെ വാക്കുകളെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയാന്‍ താരങ്ങള്‍ എന്തുകൊണ്ട് ഭയപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നതാണ് താപ്‌സിയുടെ വാക്കുകളെന്നാണ് സോഷ്യല്‍ മീഡിയ നിരീക്ഷണം. താരത്തിന്റെ സര്‍ക്കാസ്റ്റിക് പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. താപ്‌സിയെ അനുകൂലിച്ചും എതിര്‍ത്തുമൊക്കെ നിരവധി പേരാണ് എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates