

നടൻ ഇന്ദ്രൻസ് 'ഒരു അത്ഭുതമാണെ'ന്നാണ് കറുപ്പ് സിനിമയുടെ പ്രൊമോഷനിടെ നടൻ സൂര്യ പറഞ്ഞത് സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് കേട്ടിരുന്നത്. എന്നാൽ സൂര്യ പറഞ്ഞത് അക്ഷരാർഥത്തിൽ ശരയാണെന്ന് പറയുകയാണിപ്പോൾ തമിഴ് സിനിമാ പ്രേക്ഷകർ. കറുപ്പിലെ ഇന്ദ്രൻസിന്റെ പ്രകടനത്തെ വാനോളം പ്രശംസിക്കുകയാണ് സിനിമ കണ്ട ഓരോരുത്തരുമിപ്പോൾ.
ചിത്രത്തിന്റെ ആദ്യ പകുതി തന്നെ ഇന്ദ്രൻസ് അവതരിപ്പിച്ച സുകുമാരൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് പോകുന്നത്. മകൾക്ക് വേണ്ടി ജീവിക്കുന്ന അച്ഛൻ തനിക്ക് നീതി നഷ്ടപ്പെടുമ്പോൾ അവസാന ആശ്രയമെന്ന രീതിയിലാണ് ദൈവത്തെ വിളിക്കുന്നത്.
സുകുമാരനോടും മകളോടും പ്രേക്ഷകർക്ക് കണക്ഷൻ തോന്നിയില്ലെങ്കിൽ സിനിമയുടെ ആത്മാവ് തന്നെ നഷ്ടമാകും. അവിടെയാണ് ആദ്യ പകുതിയിൽ തന്നെ ഇന്ദ്രൻസ് ഒരു അത്ഭുതമായി മാറിയിരിക്കുന്നത്. നടിപ്പിൻ നായകനെന്ന് ആരാധകർ വിളിക്കുന്ന സൂര്യയെപ്പോലും സൈഡാക്കി കൊണ്ടാണ് ഇന്ദ്രൻസിന്റെ ഗംഭീര പെർഫോമൻസ്.
പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട് മകൾ പൊട്ടിക്കരയുമ്പോഴും സുകുമാരൻ കൂളായി ഇരിക്കുകയാണ്. തനിക്ക് നീതി ലഭിക്കുമെന്ന ചിന്തയാണ് അയാൾക്ക് അപ്പോഴും. എന്നാൽ മകൾ പോലും കാണാതെ അയാൾ കരയുമ്പോൾ ആ ഇമോഷൻ പ്രേക്ഷകരിലേക്കും കൃത്യമായി എത്തുന്നുണ്ട്.
'അവിശ്വസനീയമാണ് ഇന്ദ്രൻസിന്റെ അഭിനയം... എന്തൊരു മികച്ച നടനാണ്.. അദ്ദേഹത്തിന്റെ പ്രകടനം കണ്ട് കരഞ്ഞു പോയി'., 'ഇന്ദ്രൻസിനില്ലാതെ ആ കാരക്ടർ ഇത്ര പെർഫെക്ടായി ചെയ്യാനാകില്ല', 'കോടതിയിൽ അദ്ദേഹം പൊട്ടിക്കരയുമ്പോൾ ആ കണ്ണീരിന്റെ നനവ് നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും!'- എന്നൊക്കെയാണ് ഇന്ദ്രൻസിന്റെ അഭിനയത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates