'വീട്ടിൽ എന്റെ വിഗ്രഹം സ്ഥാപിച്ച് പൂജ ചെയ്യുന്നവർ ആ ഗ്രാമത്തിലുണ്ട്, അതെന്നെ ഭയപ്പെടുത്തുന്നു'; കിച്ച സുദീപ്
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് കിച്ചാ സുദീപ്. താരത്തിന്റെ പുതിയ ചിത്രം വിക്രാന്ത് റോണ വൻ വിജയം നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് നാലു ദിവസം കൊണ്ട് നൂറു കോടി ക്ലബ്ബിലാണ് ചിത്രം ഇടംനേടിയത്. ഇപ്പോൾ തന്റെ ആരാധകരെക്കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലാണ് ശ്രദ്ധ നേടുന്നത്. കിലോ മീറ്ററുകൾ നടന്ന് കാണാൻ വന്നവരും വീട്ടിൽ തന്റെ വിഗ്രഹം സ്ഥാപിച്ച് ആരാധിക്കുന്നവരും ഉണ്ടെന്നാണ് സുദീപ് പറഞ്ഞത്. ഇത് തന്നെ ഭയപ്പെടുത്തുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ആരാധകർ ഏതറ്റം വരെയും പോകുന്നവരാണ്. എന്റെ ചിത്രവും പേരും ദേഹത്ത് പച്ചകുത്തുന്നവരുണ്ട്. ഇത് ഭ്രാന്താണെന്ന് പറഞ്ഞാൽ പ്രായമായ അച്ഛനും അമ്മയും മകളും അടങ്ങുന്ന ഒരു കുടുംബത്തെ കാണിച്ചുതരും ഞാൻ. എന്നെ കാണാൻ 15 ദിവസം നടന്നാണവർ നടന്നത്. സഹായം ചോദിച്ചൊന്നുമല്ല അവർ വന്നത്. വഴിയിൽ കണ്ടവർ അവരുടെ യാത്രയുടെ ഉദ്ദേശമറിഞ്ഞ് അവർക്ക് ഭക്ഷണവും മറ്റും നൽകി. അവരെ കാണുകയും പകുതി ദിവസം അവർക്കൊപ്പം ചെലവിടുകയും ചെയ്തു. തിരിച്ചുപോകാനുള്ള ടിക്കറ്റ് ഞാനെടുത്തുനൽകുകയായിരുന്നു. അവർ കാൽനടയായി തിരിച്ചുപോകാൻ തനിക്ക് താത്പര്യമില്ലായിരുന്നു.- സുദീപ് പറഞ്ഞു.
എന്റെ പേരിൽ ക്ഷേത്രം പണിത് വിഗ്രഹം സ്ഥാപിച്ച് ആരാധിക്കുന്നവരുണ്ട്. വീടുകളിൽ എന്റെ ചിത്രവും വിഗ്രഹവും വെച്ച് രാവിലെ പൂജ ചെയ്യുന്നവരുണ്ട്. കർണാടകയിലെ ഒരു ഗ്രാമത്തിലെ മുഴുവൻ വീടുകളിലും രാവിലെ എന്റെ ചിത്രത്തിനുമുന്നിൽ പൂജ ചെയ്യുന്ന ആരാധകരുണ്ട്. അതെന്നെ ഭയപ്പെടുത്തുന്നുണ്ട്. കാരണം ഒരിക്കലും അങ്ങനെയൊരു സ്ഥാനമല്ല ഞാൻ ആഗ്രഹിച്ചത്.- താരം കൂട്ടിച്ചേർത്തു. താൻ ഒരിക്കലും പൂർണനല്ലെന്നും എനിക്കും തെറ്റുപറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
അനൂപ് ഭണ്ഡാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാൻ്റസി ആക്ഷൻ ചിത്രമാണ് വിക്രാന്ത് റോണ. പൂർണമായും 3 ഡി യിൽ ഒരുക്കിയ ചിത്രം കന്നഡയ്ക്ക് പുറമേ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് പുറത്തെത്തിയിരിക്കുന്നത്. ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ട്യനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 95 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം നാലാം ദിവസം 100 കോടി തൊട്ടിരിക്കുകയാണ്. 1997-ൽ പുറത്തിറങ്ങിയ തായവ്വാ എന്ന ചിത്രത്തിലൂടെയാണ് സുദീപ് വെള്ളിത്തിരയിലേക്കെത്തുന്നത്. എന്നാൽ 2001-ൽ പുറത്തിറങ്ങിയ ഹുച്ച എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സൂപ്പർ താരപദവിയിലേക്കുയർന്നത്. രാജമൗലിയുടെ ഈച്ചയിലെ കഥാപാത്രമാണ് മലയാളികൾക്കിടയിൽ സുദീപിനെ ശ്രദ്ധേയനാക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
