'പുരുഷൻ കൂടെയില്ലെങ്കിൽ ഭയപ്പെടണമെന്നാണ് അവർ പറഞ്ഞത്, സമൂഹം പുച്ഛിക്കുമെന്ന് മുന്നറിയിപ്പ് നൽകി'; അമല പോൾ

'വിവാഹമോചനത്തിലൂടെ ഞാൻ കടന്നു പോയപ്പോൾ എന്നെ പിന്തുണയ്ക്കാൻ ആരും വന്നതായി എനിക്കോർമ്മയില്ല'
അമല പോൾ/ ഫേയ്സ്ബുക്ക്
അമല പോൾ/ ഫേയ്സ്ബുക്ക്
Updated on: 
1 min read

വിവാഹമോചന നേടിയ സമയത്ത് നേരിടേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ച് മനസു തുറന്ന് നടി അമല പോൾ. ആ സമയത്ത് തന്നെ ആരും പിന്തുണച്ചില്ലെന്നും പകരം ഭയപ്പെടുത്തുകയാണ് ചെയ്തത് എന്നാണ് താരം പറയുന്നത്. പുതിയ ചിത്രമായ പിറ്റ കതലുവിന്റെ പ്രൊമോഷൻ പരിപാടിക്കിടെ സിനിമാ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു അമലയുടെ വെളിപ്പെടുത്തൽ. 

തെലുങ്ക് ആന്തോളജി ചിത്രമായ പിറ്റ കാതലുവിൽ മീര എന്ന കഥാപാത്രത്തെയാണ് താരം അഭിനയിച്ചത്. ഭാര്യാ ഭർതൃ ബന്ധത്തിലെ പ്രശ്നങ്ങൾ തുറന്നു കാട്ടുന്നതായിരുന്നു ചിത്രം. 'ഈ കഥാപാത്രം തന്റെ വ്യക്തി ജീവിതവുമായി ഏറെ അടുത്തു കിടക്കുന്നതാണെന്നാണ് അമല പറയുന്നത്. യഥാർത്ഥ ജീവിതത്തിന്റെ പ്രതിഫലനമാണ് മീര. വിവാഹജീവിതത്തിലെ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീയ്ക്ക് പിന്തുണ നൽകുന്നൊരു സംവിധാനം നിലവിലില്ല. വിവാഹമോചനത്തിലൂടെ ഞാൻ കടന്നു പോയപ്പോൾ എന്നെ പിന്തുണയ്ക്കാൻ ആരും വന്നതായി എനിക്കോർമ്മയില്ല. എല്ലാവരും എന്നിൽ ഭയം വളർത്താൻ ശ്രമിക്കുകയായിരുന്നു. ഞാൻ ഒരു പെൺകുട്ടി മാത്രമാണെന്ന് അവർ പറഞ്ഞുകൊണ്ടേയിരുന്നു. ഞാനൊരു വിജയിച്ച അഭിനേതാവായിട്ടു കൂടി ഒരു പുരുഷൻ എനിക്കൊപ്പം ഇല്ലെങ്കിൽ ഞാൻ ഭയപ്പെടണമെന്നാണ് അവർ എന്നോട് പറഞ്ഞത്. എന്റെ കരിയർ താളം തെറ്റുമെന്നും സമൂഹം എന്നെ പുച്ഛിക്കുമെന്നും അവർ മുന്നറിയിപ്പു നൽകി. ആരും എന്റെ സന്തോഷത്തെക്കുറിച്ചോ മാനസിക ആരോഗ്യത്തെക്കുറിച്ചോ ആശങ്ക പ്രകടിപ്പിച്ചില്ല. - അമല പറഞ്ഞു. 

കൂടാതെ തന്റെ കുടുംബത്തിന്റെ സ്ത്രീവിരുദ്ധ ചിന്താ​ഗതിയെക്കുറിച്ചും താരം തുറന്നു പറഞ്ഞു. അച്ഛനും അമ്മയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് താരം പറഞ്ഞത്. "ഗാർഹിക പീഡനവും അക്രമവും കണ്ടാണ് ഞാൻ വളർന്നത്. ഒരിക്കൽ വീട്ടുകാരോടൊപ്പം ഒരു വേക്കേഷന് പോയി. അന്നും അമ്മ തന്നെ തനിക്ക് എല്ലാ കാര്യങ്ങളും ചെയ്ത് തരണമെന്ന് അച്ഛന് നിർബന്ധമുണ്ടായിരുന്നു. അമ്മയ്ക്കും ഒരു ബ്രേക്ക് വേണമെന്ന് ഞാൻ തർക്കിച്ചു. ഭാര്യയാണെന്ന് കരുതി ഒരു സ്ത്രീയോട് ബഹുമാനമില്ലാതെ പെരുമാറാൻ നിങ്ങൾക്ക് അവകാശമില്ലെന്ന് അന്ന് ഞാൻ അച്ഛനോട് പറഞ്ഞു. നാളെ മറ്റൊരു ഇതുപോലെ എന്നോട് പെരുമാറിയാൽ എങ്ങനെയിരിക്കുമെന്നും അച്ഛനോട് ചോദിച്ചു. എന്നാൽ അച്ഛൻ തന്ന മറുപടിയെന്നെ നിരാശയാക്കി. എന്റെ ഭർത്താവ് അങ്ങനെയൊരാളാകുമെന്ന് താൻ കരുതുന്നില്ലെന്നാണ് അച്ഛൻ പറഞ്ഞത് അല്ലാതെ ഞങ്ങൾക്കിടയിൽ നടന്ന തർക്കത്തെക്കുറിച്ച് അദ്ദേ​ഹം ഒട്ടും ബോധവാനായിരുന്നില്ല. ഞാൻ വളർന്ന ജീവിതത്തിലെ കുടുംബരീതി ഇതായിരുന്നു." - അമല വ്യക്തമാക്കി. 

തമിഴ് സംവിധായകൻ എഎൽ വിജയ് ആയിരുന്നു അമലയുടെ മുൻ ഭർത്താവ്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. എന്നാൽ 2016 ൽ ഇവർ വിവാഹമോചിതരാവുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com