

2026 ലെ ഹാട്രിക് വിജയത്തിന്റെ സന്തോഷത്തിലാണ് തമിഴ് സൂപ്പർതാരം സൂര്യ. ജിത്തു മാധവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സീനിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിനു നൽകുന്ന സ്നേഹത്തിന് പ്രേക്ഷകർക്ക് നന്ദിയറിയിക്കുകയാണ് സൂര്യ.
ഭാഷകളും അതിരുകളും ഇല്ലാതാക്കിക്കൊണ്ടു നൽകുന്ന സ്നേഹവും പിന്തുണയും ഏറെ സന്തോഷം നൽകുന്നുവെന്നും താരം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. ജ്യോതികക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചാണ് സൂര്യ പ്രേക്ഷകർക്ക് നന്ദിയറിയിച്ചത്.
‘സീൻ’ സിനിമയുടെ വിജയത്തിൽ അണിയറപ്രവർത്തകർക്ക് ദീപാവലി സമ്മാനങ്ങളൊരുക്കാനും നിർമാതാക്കൾ കൂടെയായ നടൻ സൂര്യയും ഭാര്യ ജ്യോതികയും മറന്നില്ല. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവർക്കാണ് ഇരുവരും പ്രത്യേക സമ്മാനങ്ങൾ നൽകിയത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
ചിത്രം തിയറ്ററുകളിലെത്തി ഏറ്റെടുത്ത പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും ഈ സ്നേഹമാണ് കൂടുതൽ പുതിയ മേഖലകൾ തേടാനും പരീക്ഷണങ്ങൾ നടത്താനുമുള്ള ആത്മവിശ്വാസം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ ടീമിനും ജോയ്ക്കും തനിക്കും പ്രേക്ഷകർ നൽകുന്ന പിന്തുണ ഏറെ വിലപ്പെട്ടതാണെന്നും സൂര്യ കൂട്ടിച്ചേർത്തു.
“ഞങ്ങളുടെ ഹൃദയം നിറയെ നിങ്ങളോടുള്ള നന്ദി മാത്രമാണ്! ഭാഷകളുടെയും അതിർത്തികളുടെയും വേർതിരിവില്ലാതെ #സീൻ എന്ന ചിത്രത്തിന് നിങ്ങൾ നൽകിയ സ്നേഹവും കരുതലും ഞങ്ങളുടെ ടീമിനും ജോയ്ക്കും എനിക്കും ഏറെ വിലപ്പെട്ടതാണ്. പരിപൂർണ്ണവിശ്വാസത്തോടെ തിയറ്ററുകളിലെത്തിയ ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങൾ നൽകുന്ന ഈ അനന്തമായ സ്നേഹമാണ് പുതിയ സ്വപ്നങ്ങളിലേക്കും പുതിയ ചക്രവാളങ്ങളിലേക്കും ചിറകുവിടർത്താൻ ഞങ്ങൾക്ക് കരുത്തേകുന്നത്. എന്നെന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു! എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ.” - സൂര്യ കുറിച്ചു.
സൂര്യയുടെ പോസ്റ്റിന് താഴെ നയൻതാര ഉൾപ്പെടെയുള്ള സിനിമാ താരങ്ങളും ആശംസകളുമായി എത്തിയിരുന്നു. ജിത്തു മാധവൻ സംവിധാനം ചെയ്ത കോമഡി ആക്ഷൻ ത്രില്ലർ ചിത്രമാണ് 'സീൻ'. സൂര്യ നായകനായെത്തുന്ന ചിത്രത്തിൽ നസ്രിയ നസീം, നസ്‌ലിൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മികച്ച പ്രതികരണത്തോടെ ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates