നീതിക്കായി രണ്ട് വഴികളിൽ പൃഥ്വിരാജും കരീനയും; ‘ദായ്റ’ ട്രെയ്‌ലർ

സെപ്റ്റംബർ 18നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്
Daayra
Daayra
Updated on
2 min read

മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് സുകുമാരൻ–കരീന കപൂർ ചിത്രം ‘ദായ്റ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. സെപ്റ്റംബർ 18നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രത്തിൽ രാജ്യത്തെ പിടിച്ചുകുലുക്കുന്ന ഒരു കുറ്റകൃത്യത്തിന് പിന്നാലെ നടക്കുന്ന അന്വേഷണമാണ് പ്രധാനമായും പറയുന്നത്.

കേസന്വേഷണത്തിനിടെ രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ നീതിയെ സമീപിക്കുന്നത് രണ്ട് വ്യത്യസ്ത രീതികളിലാണ്. ഡി.സി.പി. അജൂനി കോഹ്‌ലിയായി കരീന കപൂർ ഖാനും ഡി.സി.പി. രമൺ കുമാറായി പൃഥ്വിരാജ് സുകുമാരനുമാണ് എത്തുന്നത്. കുറ്റകൃത്യത്തിന് പിന്നാലെ ഉയരുന്ന ചോദ്യങ്ങളും അന്വേഷണത്തിലെ പുതിയ വെളിപ്പെടുത്തലുകളുമാണ് ട്രെയ്‌ലറിൽ കാണുന്നത്. സത്യം എന്താണ്, നീതി എങ്ങനെയാണ് തീരുമാനിക്കപ്പെടുന്നത് തുടങ്ങിയ ചോദ്യങ്ങളിലേക്കാണ് ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നത്. ഒരു സംഭവത്തെക്കുറിച്ച് സമൂഹത്തിൽ പല അഭിപ്രായങ്ങളും കഥകളും രൂപപ്പെടുമ്പോൾ യഥാർഥ സത്യം എവിടെയാണെന്ന ചോദ്യവും ചിത്രം ഉയർത്തുന്നു.

രമൺ കുമാറിന്റെ കഥാപാത്രമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ശാന്തമായ പുറംഭാവത്തിന് പിന്നിലെ സങ്കീർണതയും അന്വേഷണത്തിനിടെ രമൺ നേരിടുന്ന ചോദ്യങ്ങളുമാണ് തന്നെ ആകർഷിച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിന്റെ അവസാനം വരെ കാര്യങ്ങളെ ഒരു വശത്തേക്ക് മാത്രം നയിക്കാതെ പ്രേക്ഷകർക്ക് സ്വന്തം നിലപാട് രൂപപ്പെടുത്താനുള്ള അവസരം നൽകുന്ന രീതിയിലാണ് കഥ പറയുന്നതെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

മേഘ്ന ഗുൽസാറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് മികച്ച അനുഭവമായിരുന്നെന്നും കരീന കപൂർ ഖാനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് യാത്ര കൂടുതൽ മനോഹരമാക്കിയെന്നും പൃഥ്വിരാജ് പറഞ്ഞു. പ്രേക്ഷകർക്ക് ഏറെ ചിന്തിക്കാനുള്ള കാര്യങ്ങൾ നൽകുന്ന, എന്നാൽ മനുഷ്യരുടെ വികാരങ്ങൾക്കും പ്രാധാന്യം നൽകുന്ന കഥയാണ് ‘ദായ്റ’യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഘ്ന ഗുൽസാറിനൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ച് കരീന കപൂർ ഖാനും സന്തോഷം പങ്കുവച്ചു. ഒരു കഥാപാത്രത്തെക്കുറിച്ച് താൻ കരുതുന്ന കാര്യങ്ങൾ പോലും വീണ്ടും ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്ന സംവിധായികയാണ് മേഘ്നയെന്ന് കരീന പറഞ്ഞു. ഡി.സി.പി. അജൂനി കോഹ്‌ലി എന്ന കഥാപാത്രം തന്റെ അഭിനയജീവിതത്തിൽ ഇതുവരെ അധികം പരീക്ഷിച്ചിട്ടില്ലാത്തൊരു മേഖലയിലേക്ക് തന്നെ കൊണ്ടുപോയെന്നും കരീന വ്യക്തമാക്കി.

പൃഥ്വിരാജിനൊപ്പം അഭിനയിച്ചതും മികച്ച അനുഭവമായിരുന്നെന്നും കരീന പറഞ്ഞു. വളരെ സ്വാഭാവികമായി കഥാപാത്രത്തിനൊപ്പം നിൽക്കുന്ന നടനാണ് പൃഥ്വിരാജെന്നും ഇരുവരും തമ്മിലുള്ള അഭിനയസമന്വയം ചിത്രത്തിന്റെ അനുഭവം കൂടുതൽ മികച്ചതാക്കിയെന്നും കരീന കൂട്ടിച്ചേർത്തു.

‘ദായ്റ’ കറുപ്പും വെളുപ്പുമായി മാത്രം കാര്യങ്ങളെ കാണുന്ന ചിത്രമല്ലെന്ന് സംവിധായിക മേഘ്ന ഗുൽസാർ പറഞ്ഞു. ശരിയും തെറ്റും തമ്മിലുള്ള അതിരുകൾക്കിടയിലെ സങ്കീർണമായ ലോകത്തേക്കാണ് ചിത്രം കടന്നുചെല്ലുന്നത്. കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും ശക്തമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നും മേഘ്ന പറഞ്ഞു.

‘തൽവാർ’, ‘റാസി’ എന്നീ ചിത്രങ്ങൾക്ക് ശേഷം മേഘ്ന ഗുൽസാറും ജംഗിൾ പിക്ചേഴ്സും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദായ്റ’. യാഷ് കേശ്വാനി, സിമ അഗർവാൾ, മേഘ്ന ഗുൽസാർ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജംഗിൾ പിക്ചേഴ്സും ഡോ. ജയന്തിലാൽ ഗഡയുടെ പെൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പെൻ മറുധറാണ് വിതരണം ചെയ്യുന്നത്. ജിതേന്ദ്ര ജോഷി, ക്ഷിതി ജോഗ്, കൻവൽജീത് സിങ്, സന്ദീപ് കുൽക്കർണി, തൃപ്തി ഖാംകർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സെപ്റ്റംബർ 18ന് ‘ദായ്റ’ തിയറ്ററുകളിലെത്തും. പിആർഒ: സതീഷ് എരിയാളത്ത്.

Daayra
'ഞങ്ങള്‍ ഇപ്പോഴും കൂട്ടുകാര്‍, മകളെ ഒരുമിച്ച് വളര്‍ത്താന്‍ സാധിക്കുന്നത് അതിനാല്‍'; മുന്‍ഭാര്യ സൈന്ധവിയെക്കുറിച്ച് ജി.വി പ്രകാശ്
Daayra
'ആ നഗ്ന വിഡിയോയിലുള്ളത് ഞാനല്ല, പൂര്‍ണമായും കെട്ടിച്ചമച്ചത്'; പ്രചരണങ്ങള്‍ക്കെതിരെ ശാലിനി പാണ്ഡെ
Daayra
'ഡിസ്‌കാല്‍ക്കുലിയ' എന്ന പഠന വൈകല്യമുണ്ട്, കണക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്; വെളിപ്പെടുത്തി താര സുതാരിയ
Summary

Trailer of Daayra, starring Prithviraj and Kareena Kapoor is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com