

മലയാളികള്‍ ഇന്നും ഞെട്ടലോടെ ഓര്‍ക്കുന്ന സിനിമയാണ് മാളൂട്ടി. ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഉര്‍വശിയും ജയറാമുമായിരുന്നു നായകനും നായികയും. ഇരുവരുടേയും മകളായി എത്തിയത് ബേബി ശ്യാമിലിയായിരുന്നു. ശ്യാമിലി അവതരിപ്പിച്ച മാളൂട്ടി കുഴല്‍ക്കിണറില്‍ വീഴുന്നതും തുടര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളുമായിരുന്നു സിനിമ അവതിരിപ്പിച്ചത്.
ശ്വാസം അടക്കിപ്പിടിച്ചല്ലാതെ ഇന്നും മാളൂട്ടി കാണാനാകില്ല. കാണികളെക്കാളും ടെന്‍ഷനടിച്ചായിരുന്നു തങ്ങള്‍ സിനിമ ചിത്രീകരിച്ചതെന്നാണ് ഉര്‍വശി പറയുന്നത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആ അനുഭവം ഉര്‍വശി പങ്കുവെക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:
ഒരു കുട്ടിയ്ക്ക് മാത്രം ഇറങ്ങാന്‍ പാകത്തിനുള്ള കുഴിയായിരുന്നു അത്. അതിലേക്ക് എങ്ങനെ വീഴും. എങ്ങനെ അഭിനയിക്കുകയും. നേരെ വന്ന് താഴേക്ക് വീഴണം. ഈ ഷോട്ട് കാണുമ്പോഴൊക്കെ ഞാന്‍ ടെന്‍ഷനിലാണ്. ഷോട്ടെടുക്കുമ്പോഴും ആ ടെന്‍ഷന്‍ എന്റെ മുഖത്തുണ്ട്. ഈ കൊച്ചിനെ എങ്ങനെ മുകളിലേക്ക് എടുക്കുമെന്നൊക്കെയാണ് ചിന്തിച്ചിരുന്നത്. അറിയാതെ ബോധം കെടുന്നൊരു സീനുണ്ട്. ഏതാണ്ട് ഓട്ടോമാറ്റിക് ആയി അങ്ങനെ തന്നെ സംഭവിച്ചതാണ്. കാരണം കൊച്ച് അതില്‍ വീണതിന്റെ വെപ്രാളവും പരവേശവുമൊക്കെ എനിക്ക് ശരിക്കുമുണ്ടായിരുന്നു.
കുഴിയെടുക്കുന്നത് കുട്ടി കണ്ടിരുന്നു. അതിനാല്‍ ഓടി വന്ന് കുഴിയുടെ അടുത്തെത്തുമ്പോള്‍ കോണ്‍ഷ്യസ് ആകും. അങ്ങനെ ഉച്ചവരെയായിട്ടും ഷോട്ട് റെഡിയാകുന്നില്ല. ഉച്ച കഴിഞ്ഞ ശേഷം കൊച്ചിന്റെ അച്ഛനേയും വച്ച് പ്ലാന്‍ ചെയ്തു. അതോടെ കുഴി മാറ്റിയെടുത്തു. കുഴി എവിടെയാണെന്ന് കൊച്ചിന് അറിയില്ല. കൊച്ച് വീണതും ഞാന്‍ ഒറ്റ അലര്‍ച്ചയായിരുന്നു. എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി. ആ കൊച്ചിന്റെ അച്ഛന് സ്വര്‍ണക്കപ്പ് എടുത്തു കൊടുക്കണം. ആ സിനിമ നന്നാകാന്‍ വേണ്ടി ആ അച്ഛനെടുത്ത ത്യാഗത്തിന് വളരെ വലുതാണ്.
ഞാന്‍ നോക്കുമ്പോള്‍ കൊച്ചിന് അനക്കമില്ല. അതിനെ മുകളിലേക്ക് എടുത്തപ്പോള്‍ ജഡം വരുന്നത് പോലെ വരികയാണ്. കണ്ണൊക്കെ തുറിപ്പിച്ച്. കൊച്ചിന് ഒരു അനക്കവുമില്ല. കൊച്ച് ചത്തു പോയോ എന്നുവരെ ഞാന്‍ ചിന്തിച്ചു. ദൈവത്തോട് പ്രാര്‍ത്ഥിച്ചു. കരയുകയും അയാളെ ചീത്ത വിളിക്കുകയും ചെയ്തു. കണ്ണില്‍ ചോരയില്ലെന്നൊക്കെ പറഞ്ഞ് പ്രാകി. കൊച്ചിന് കൊണ്ടു വന്നിരുത്തി, നെഞ്ചത്തും കാലിലുമൊക്കെ തടവിക്കൊടുക്കുകയൊക്കെ ചെയ്തു ഞാന്‍. പത്ത് മിനുറ്റ് കഴിഞ്ഞതും കൊച്ച് കരയാന്‍ തുടങ്ങി. എനിക്ക് ഇപ്പോള്‍ പറയുമ്പോഴും നെഞ്ചിടിക്കുകയാണ്. ഈ സീനില്‍ മുഴുവന്‍ എന്നെ വേട്ടയാടിയത് ആ അനുഭവമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates