

വാഴ 2 വിൽ ഒരു പ്രധാന കഥാപാത്രമായി സംവിധായകൻ അൽഫോൻസ് പുത്രൻ എത്തിയിരുന്നു. വൻ സ്വീകാര്യതയാണ് അൽഫോൻസിന്റെ സേവ്യർ അലക്സാണ്ടർ എന്ന കഥാപാത്രത്തിന് ലഭിക്കുന്നത്. 'ആ പ്രേമത്തിന് എന്താ കുഴപ്പം...' എന്ന അൽഫോൻസിന്റെ ഡയലോഗിനും വലിയ കയ്യടിയാണ് ലഭിച്ചത്.
ഇപ്പോഴിതാ താൻ അൽഫോൻസ് പുത്രന്റെ കടുത്ത ആരാധകനാണെന്ന് പറയുകയാണ് വാഴ 2 സംവിധായകൻ സവിൻ സാ. എല്ലാ ആഘോഷങ്ങൾക്കും വാട്സാപ്പിലും ഫെയ്സ്ബുക്കിലുമൊക്കെ താൻ അദ്ദേഹത്തിന് ആശംസ അറിയിക്കാറുണ്ടായിരുന്നുവെന്നും അങ്ങനെയൊരാൾ തന്റെ തൊട്ടടുത്ത് വന്നു നിൽക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നും സവിൻ പറഞ്ഞു.
അൽഫോൻസിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു സ്പെഷ്യൽ മൊമന്റ് ആണെന്നും സവിൻ സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "അൽഫോൻസ് പുത്രന്റെ കടുത്ത ആരാധകനായിരുന്നു ഞാൻ. കടുത്ത ആരാധകൻ എന്ന് പറഞ്ഞാൽ, അത്രയും കടുത്ത ആരാധകരിൽ ഒരാളായിരുന്നു.
'പ്രേമം' കണ്ടിട്ട്, ഇങ്ങനെയൊക്കെ സിനിമ ചെയ്യാൻ പറ്റുമോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അദ്ദേഹം ഈ സിനിമയുടെ ഭാഗമായത് തന്നെ വലിയൊരു ആവേശമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ചത് തന്നെയാണ് ഈ സിനിമയിൽ ചെയ്തത്.
ശരിക്കും ഒരു ഫാൻ ബോയ് മൊമന്റ് തന്നെയായിരുന്നു എനിക്ക്. അയ്യോ ഇത് അൽഫോൻസ് പുത്രൻ അല്ലേ എന്നൊക്കെ വിചാരിച്ചിട്ടുണ്ട്. ഞാൻ മാത്രമല്ല, ടെക്നിക്കൽ സൈഡിലുള്ള എല്ലാവരും അങ്ങനെയായിരുന്നു. അദ്ദേഹത്തോട് വളരെ ബഹുമാനമായിരുന്നു എല്ലാവർക്കും.
എനിക്ക് അദ്ദേഹത്തോട് എത്ര ഇഷ്ടമുണ്ടോ, അത്രയും തന്നെ ഇഷ്ടമുള്ളവരായിരുന്നു ഭൂരിഭാഗം പേരും. ഷൂട്ടിങ് സെറ്റിൽ നിൽക്കുമ്പോഴാണല്ലോ അത് നമുക്ക് മനസിലാകുന്നത്. അതൊരു വല്ലാത്ത മൊമന്റ് ആയിരുന്നു. നമ്മുടെ കൂടെയുള്ള ഒരാളെ പോലെ തന്നെയായിരുന്നു അദ്ദേഹം.
ഇങ്ങനെയൊരാൾ നമ്മുടെ സിനിമയുടെ ഭാഗമാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഞാനാണെങ്കിൽ എല്ലാ വർഷവും ഇൻസ്റ്റഗ്രാമിലും വാട്സ്ആപ്പിലുമൊക്കെ ഓണം, വിഷു തുടങ്ങി എല്ലാ ആഘോഷങ്ങൾക്കും ബർത്ത് ഡേയ്ക്കുമൊക്കെ അദ്ദേഹത്തിന് മെസേജ് അയക്കുമായിരുന്നു. അങ്ങനെയുള്ള ഒരാൾ തൊട്ടടുത്ത് വന്നു നിൽക്കുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല.
സ്പെഷ്യൽ മൊമന്റ് ആയിരുന്നു എനിക്ക് ഈ പടം മൊത്തം. അദ്ദേഹത്തിൽ നിന്ന് പഠിക്കാനുള്ളതെല്ലാം അദ്ദേഹത്തിന്റെ സിനിമകളിൽ ഉണ്ടായിരുന്നു, അത് പഠിച്ചിട്ടാണ് ഞാൻ വന്നത്. പിന്നെ അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടിൽ അദ്ദേഹം നമുക്ക് കാര്യങ്ങളൊക്കെ പറഞ്ഞു തരും. എനിക്ക് 'പ്രേമം' സിനിമ ഷൂട്ട് ചെയ്തത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളൊക്കെ അറിയാനായിരുന്നു കൂടുതൽ താല്പര്യം.
സമയം കിട്ടുമ്പോൾ അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഞാൻ ചോദിക്കും. അതൊക്കെ കേൾക്കാൻ പറ്റിയത് ഒരു ഭാഗ്യം പോലെ തോന്നുന്നു, വല്ലാത്ത മൊമന്റ് ആയിരുന്നു. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷം.
ഒരിക്കലും ഒരു ഫാൻ ബോയ് ആയി ഞാൻ അദ്ദേഹത്തിന് മുൻപിൽ ചെന്ന് നിന്നിട്ടില്ല, ഉള്ളിന്റെയുള്ളിൽ അങ്ങനെ ആയിരുന്നെങ്കിൽ പോലും. ചിലപ്പോൾ അദ്ദേഹത്തിന് അത് അറിയാമായിരിക്കും എന്ന് തോന്നുന്നു. വാഴ 2 ഞങ്ങളൊന്നിച്ചായിരുന്നു തിയറ്ററിൽ പോയി കണ്ടത്. അദ്ദേഹം വളരെ ഹാപ്പി ആയിരുന്നു.- സവിൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates