'സലിം കൈ പിടിച്ച് പറഞ്ഞു, എല്ലാം പൂര്‍ത്തിയാകുന്നതു പോലെ, അറംപറ്റിയ വാക്കുകള്‍'; വിങ്ങലോടെ വിഡി സതീശന്‍

സഹോദരനെ, കൂടപ്പിറപ്പിനെ നഷ്ടപ്പെട്ടതിന്റെ ദുഃഖമാണ് തനിക്കെന്നും അദ്ദേഹം പറഞ്ഞു
VD Satheesan and Salim Kumar
VD Satheesan and Salim Kumar
Updated on
2 min read

നടനും പ്രിയ സുഹൃത്തുമായ സലിം കുമാറിന്റെ ഓര്‍മകളില്‍ വിങ്ങി മുഖ്യമന്ത്രി വിഡി സതീശന്‍. തനിക്ക് നഷ്ടമായത് കൂടെപ്പിറപ്പിനെയാണെന്നാണ് വിഡി സതീശന്‍ പറയുന്നത്. പറവൂരില്‍ സലിം കുമാര്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2011 ല്‍ മന്ത്രിയാകാന്‍ സാധിക്കാതെ വന്നപ്പോള്‍ സലിം കുമാര്‍ കുറേ കരഞ്ഞുവെന്നാണ് സതീശന്‍ പറയുന്നത്.

VD Satheesan and Salim Kumar
ആത്മവിശ്വാസമുണ്ടായിരുന്ന ആ ചിത്രങ്ങള്‍ ഓടിയില്ല, സംശയിച്ചെടുത്ത 'തേന്മാവിന്‍ കൊമ്പത്ത്' വന്‍ ഹിറ്റും: പ്രിയദര്‍ശന്‍

പിന്നീട് താന്‍ മുഖ്യമന്ത്രിയായപ്പോള്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ സലിം കുമാര്‍ എത്തിയതും അദ്ദേഹം ഓര്‍ത്തു. താന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ ജീവിതലക്ഷ്യം പൂര്‍ത്തിയായെന്ന് വികാരനിര്‍ഭരനായി സലിം കുമാര്‍ പറഞ്ഞുവെന്നാണ് വിഡി സതീശന്‍ പറയുന്നത്.

VD Satheesan and Salim Kumar
ജീവിതത്തിന്റെ നേർക്കാഴ്ചയായി 'ഹബീബി'; പ്രധാന വേഷത്തില്‍ ധനുഷിന്റെ പിതാവ് കസ്തൂരി രാജ

''രോഗബാധിതനായിരുന്നു എങ്കിലും അവിശ്വസനീയമായ ഒരു വേര്‍പാടാണ് പെട്ടെന്നുണ്ടായത്. സത്യത്തില്‍ നമ്മുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ പോയ ഒരു അനുഭവമാണ് എല്ലാവര്‍ക്കും. അടുപ്പമുള്ളവര്‍ക്കെല്ലാം അദ്ദേഹം കുടുംബത്തില്‍ അംഗമായിരുന്നു, സഹോദരനായിരുന്നു, മകനായിരുന്നു. സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരാളായിരുന്നു'' വിഡി സതീശന്‍ പറയുന്നു.

സഹോദരനെ, കൂടപ്പിറപ്പിനെ നഷ്ടപ്പെട്ടതിന്റെ ദുഃഖമാണ് തനിക്കെന്നും അദ്ദേഹം പറഞ്ഞു. കാണാതിരുന്നാലും ഫോണ്‍ ചെയ്യാതിരുന്നാലും കുറെ ദിവസങ്ങള്‍ കൂടി നമ്മള്‍ കൂട്ടിമുട്ടിയാലും സ്‌നേഹവും ആ ഹൃദയബന്ധവും എത്ര വലുതാണ് എന്ന് എനിക്ക് ബോധ്യമാക്കി തന്ന ഒരാള്‍ കൂടിയാണ് സലിം കുമാറെന്നും അദ്ദേഹം പറയുന്നു.

പറവൂരിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ സലിംകുമാറിനെ കുറിച്ച് ചിന്തിക്കും. സലിംകുമാറിന്റെ സാന്നിധ്യം എല്ലാ സ്ഥലത്തും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം വെള്ളപ്പൊക്കം വരുമ്പോള്‍ നമ്മളെ സഹായിക്കാന്‍ വരും, തിരഞ്ഞെടുപ്പ് വരുമ്പോള്‍ നമ്മളെ സഹായിക്കാന്‍ വരും, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അപ്പോള്‍ സലിംകുമാറിന്റെ സാന്നിധ്യം നമ്മുടെ തൊട്ടരികില്‍ ഉണ്ടാകും.അതുകഴിഞ്ഞാല്‍ പിന്നെ അദ്ദേഹം, അദ്ദേഹത്തിന്റെ ലോകത്തേക്ക് യാത്രയാകുമെന്നും വിഡി സതീശന്‍ പറയുന്നു.

സലിം കുമാറിനെ അവസാനമായി കണ്ടപ്പോഴുണ്ടായ അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ''ഏറ്റവും അവസാനം അദ്ദേഹം പങ്കെടുത്ത ഒരു പൊതുചടങ്ങ് എനിക്കിവിടെ നല്‍കിയ, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം എനിക്ക് ഈ പറവൂരില്‍ നല്‍കിയ പൗരസ്വീകരണമാണ്. അന്ന് എന്നോട് എന്റെ അടുത്ത് ചേര്‍ന്നിരുന്നുകൊണ്ട് എന്റെ കൈ പിടിച്ചുകൊണ്ട് എന്നോട് പറഞ്ഞു, 'എനിക്ക് എല്ലാം പൂര്‍ത്തിയായതുപോലെയാണ്' എന്ന്; അറം പറ്റിയ വാക്കുകള്‍ പോലെയാണ് ഇപ്പോള്‍ എനിക്ക് അത് തോന്നുന്നത്.'' എന്നാണ് വിഡി സതീശന്‍ പറയുന്നത്.

' 2011ല്‍ മന്ത്രിയാകാതെ വന്നപ്പോള്‍ താന്‍ വീട്ടില്‍ ഇരുന്ന് ഒരുപാട് കരഞ്ഞുവെന്ന് സലിം പറഞ്ഞു. ഇപ്പോള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍, ഇവിടെ വന്ന് പറവൂരിലെ സ്വീകരണത്തില്‍ പങ്കെടുക്കുന്നത് കാണാന്‍ എനിക്ക് ഭാഗ്യം ഉണ്ടായി, ജീവിതത്തില്‍ എല്ലാം പൂര്‍ത്തിയായതുപോലെ' എന്നും സലിം കുമാര്‍ പറഞ്ഞുവെന്നാണ് സതീശന്‍ പറയുന്നത്. 'ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്' എന്നുപറഞ്ഞ് തിരിച്ചു കൈപിടിച്ച് ഞാന്‍ ആശ്വസിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അന്ന് സലിം കുമാര്‍ തന്നോട് യാത്ര ചോദിക്കുകയായിരുന്നു എന്ന് പിന്നീട് മരണവിവരം കേട്ടപ്പോള്‍ മനസ്സിലായി. അത്ര വികാരനിര്‍ഭരമായിട്ടാണ് തന്റെ കൈ പിടിച്ചുകൊണ്ട് അത് പറഞ്ഞതെന്നും വിഡി സതീശന്‍ പറയുന്നു ആരു വിചാരിച്ചാലും നമ്മുടെ ഹൃദയത്തില്‍ നിന്ന് സലിം കുമാറിനെ അടര്‍ത്തി മാറ്റാന്‍ പറ്റില്ല. നമ്മുടെ ഹൃദയത്തില്‍ ഒരു സ്ഥാനം... നമ്മുടെ കുടുംബാംഗങ്ങള്‍ക്ക്, ഇഷ്ടപ്പെട്ടവര്‍ക്ക്, നമ്മള്‍ ഏറ്റവുമധികം സ്‌നേഹിക്കുന്നവര്‍ക്ക് ഹൃദയത്തില്‍ ഒരു ഇടം കൊടുത്ത സ്ഥലത്ത്, സലിംകുമാര്‍ അങ്ങ് തീര്‍ച്ചയായും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Summary

VD Satheesan says he lost a brother when Salim Kumar passed away. Recalls their last meeting and what he said.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com