

വിജയ് ചിത്രം ജന നായകന്റെ റിലീസ് പ്രതിസന്ധിയെക്കുറിച്ച് പ്രതികരിച്ച് നടന്റെ അച്ഛനും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ. രാഷ്ട്രീയപരമായ കാര്യങ്ങൾ കാരണം ചിത്രത്തിന്റെ റിലീസ് വൈകുമെന്ന് വിജയ് മുൻകൂട്ടി കണ്ടിരുന്നുവെന്ന് ചന്ദ്രശേഖർ പറഞ്ഞു.
ജനുവരി മുതൽ ജന നായകന്റെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികളിൽ തനിക്ക് ഞെട്ടൽ ഒന്നും ഉണ്ടായില്ലെന്നും ചന്ദ്രശേഖർ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. തടസ്സങ്ങളൊന്നുമില്ലാതെ ചിത്രം റിലീസ് ചെയ്തിരുന്നെങ്കിൽ തങ്ങൾ അത്ഭുതപ്പെട്ടേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ കക്ഷികളുടെ ഇടപെടലുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ അവ കേവലം ഊഹാപോഹങ്ങൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. "പ്രശ്നങ്ങൾ പ്രതീക്ഷിച്ചില്ല എന്ന് പറയരുത്. 'നോക്കൂ, ഞാൻ രാഷ്ട്രീയത്തിലേക്ക് പോകുമ്പോൾ നിങ്ങൾ ഒരു സിനിമ ചെയ്യുന്നു.
ചിത്രത്തിന് നേരിടേണ്ടി വരുന്ന തടസ്സങ്ങളെക്കുറിച്ച് നിങ്ങൾക്ക് ബോധമുണ്ടെന്ന് ഞാൻ കരുതുന്നു. നിങ്ങൾക്ക് അതിൽ കുഴപ്പമില്ലേ?' എന്നാണ് ജന നായകന്റെ നിർമാതാവിനോട് മലേഷ്യയിൽ നടന്ന ഓഡിയോ ലോഞ്ചിനിടെ വിജയ് ചോദിച്ചത്. തടസ്സങ്ങൾ നേരിടേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.
ഇത് ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഞങ്ങൾക്ക് അത്ഭുതമൊന്നമില്ല. യാതൊരു തടസ്സവുമില്ലാതെ ചിത്രം പുറത്തിറങ്ങിയിരുന്നെങ്കിൽ ഞങ്ങൾ അത്ഭുതപ്പെട്ടേനെ," ചന്ദ്രശേഖർ പറഞ്ഞു. "ക്രിമിനൽ മൈൻഡുള്ള ആളുകൾ ആദ്യം നമ്മുടെ ഹൃദയത്തെ ആക്രമിക്കുകയും പിന്നീട് അവർ നമ്മുടെ സാമ്പത്തിക വഴി തകർക്കുകയും ചെയ്യും".- ചന്ദ്രശേഖർ വ്യക്തമാക്കി.
അതേസമയം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'ജന നായകൻ' വിജയ്‌യുടെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമാണ്. പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോൾ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രം ജനുവരിയിൽ പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്നതാണ്. ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കാത്തതിനാൽ റിലീസ് അനിശ്ചിതമായി നീളുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates