

മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എംപുരാൻ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ചിത്രത്തിന് എതിരെ പല കോണുകളിൽ നിന്ന് വിമർശനങ്ങളുയർന്നതോടെ ചിത്രത്തിന്റെ റീ എഡിറ്റ് പതിപ്പും അണിയറപ്രവർത്തകർ പുറത്തിറക്കി. ഇപ്പോൾ തിയറ്ററുകളിൽ ചിത്രത്തിന്റെ റീ എഡിറ്റ് പതിപ്പുകളാണ് പ്രദർശിപ്പിക്കുന്നത്. ഇപ്പോഴിതാ എംപുരാൻ സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടൻ വിജയരാഘവൻ. എംപുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെ താൻ പുച്ഛത്തോടെയാണ് കാണുന്നതെന്നും വിജയരാഘവൻ ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിനോട് പറഞ്ഞു.
"എംപുരാനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ വളരെ പുച്ഛത്തോടെയാണ് ഞാൻ കാണുന്നത്, തികഞ്ഞ പുച്ഛത്തോടെയാണ് കാണുന്നത്. അത് ആരുണ്ടാക്കിയാലും ശരി. നിരവധി അഭ്യൂഹങ്ങളും വേർഷനുമൊക്കെ ഞാൻ കേൾക്കുന്നുണ്ട്. അതൊക്കെ ആളുകൾക്ക് എങ്ങനെ വേണമെങ്കിലും വളച്ചൊടിച്ച് പറയാം. പക്ഷപാതപരമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാനും അവതരിപ്പിക്കാനും എളുപ്പമാണ്.
എന്നിരുന്നാലും വിവാദത്തിനപ്പുറം, ആത്യന്തികമായി പ്രേക്ഷകന് അല്ലെങ്കിൽ മനുഷ്യന് എന്തെങ്കിലും ഗുണം വേണ്ടേ. മോഹൻലാൽ, രജനികാന്ത് എന്നൊക്കെ പറയുന്നത് ഒരു സ്റ്റാർഡം ആണ്. അതിനെ വിൽക്കണമെങ്കിൽ അതിന്റേതായ കുറേ സംഭവങ്ങൾ കൂടി വേണം. ഉദാഹരണത്തിന്, മോഹൻലാലിന്റെ അച്ഛനായി വഴിയേ പോകുന്ന ഒരാളെ വച്ചുകഴിഞ്ഞാൽ, അത് അച്ഛനാണെന്ന് ആരും വിശ്വസിക്കില്ല. രജനികാന്തിന്റെ കാര്യത്തിലും അങ്ങനെയാണ്.
അതുപോലെയുള്ള ഒരാൾ രജനികാന്തിന്റെ അച്ഛനായി വന്നാലേ ആളുകൾ വിശ്വസിക്കൂ. അവർ അങ്ങനെയൊരു പ്രൊഡക്ട് ആയിത്തീരുകയാണ്. എനിക്ക് അത്തരമൊരു ഇമേജ് ഉണ്ടാകരുത് എന്നാണ് ആഗ്രഹം. പ്രൊപ്പഗാണ്ട ഒരിക്കലും ആളുകൾ അംഗീകരിക്കില്ല. പ്രൊപ്പഗാണ്ട സിനിമകളിൽ അനുഭവപ്പെടുന്നതു കൊണ്ടാണ് അതിനെതിരെ ആളുകൾ സംസാരിക്കുന്നത്, അത് എന്തിനേപ്പറ്റിയാണെങ്കിലും. പ്രൊപ്പഗാണ്ട ഒരിക്കലും കലയ്ക്ക് പറ്റുന്ന ഒന്നായി എനിക്ക് തോന്നുന്നില്ല.
നമ്മൾ അറിയാതെ അത് ജനങ്ങളിലേക്കെത്തിക്കണം, അവരത് അറിയരുത്. പ്രശസ്തരായ പ്രാസംഗികർ പ്രസംഗിക്കുമ്പോൾ അവർ ഒരിക്കലും ഇസങ്ങളേക്കുറിച്ച് സംസാരിക്കാറില്ല. എന്നാൽ അറിയാതെ അതിലുണ്ടാവുകയും ചെയ്യും. അത് തന്നെയാണ് സിനിമയിലും നാടകത്തിലും വേണ്ടത്. കുഞ്ചൻ നമ്പ്യാർ എന്തായിരുന്നു, ആ കാലത്ത് രാജാവിനെ വരെ വിമർശിച്ചിരുന്നു, വിമർശനം ആണെന്ന് തോന്നുകയില്ല". - വിജയരാഘവൻ പറഞ്ഞു.
എംപുരാൻ ഒരു പ്രൊപ്പഗാണ്ട സിനിമയാണോ എന്ന ചോദ്യത്തോടും വിജയരാഘവൻ പ്രതികരിച്ചു. "അത് എനിക്ക് അറിയില്ല, എംപുരാൻ ഞാൻ കണ്ടില്ല. ആളുകൾ പറയുന്നത് കേൾക്കുന്നത് അല്ലാതെ, അത് എന്താണെന്ന് എനിക്കറിയില്ല. ഞാൻ ആ സിനിമയെക്കുറിച്ച് അല്ല പറയുന്നത്. ഏതൊരു കാര്യമാണോ ഒരു പ്രൊപ്പഗാണ്ട ആയി നമ്മളുപയോഗിക്കുന്നത്, അത് പ്രൊപ്പഗാണ്ട ആണെന്ന് തോന്നിയാൽ നമ്മൾ വിചാരിക്കുന്ന ആ സംഭവത്തിലേക്ക് അത് എത്തില്ല.
അത് അവർ പറയുന്നതായി അല്ലേ തോന്നുകയുള്ളൂ. ഒരു പ്രത്യേക വിഭാഗം, ആ വിഭാഗത്തിന് വേണ്ടി പറയുന്നു എന്നല്ലേ തോന്നുകയുള്ളൂ. അതിലൂടെ നമ്മളിൽ എന്തെങ്കിലും മാറ്റം വരുമോ? അത് കണ്ടാൽ ആർക്കെങ്കിലും മാറ്റം വരുമോ? ഇല്ല. അതുകൊണ്ട് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കാനേ പറ്റുകയുള്ളൂ, നന്മയുണ്ടാക്കാൻ പറ്റില്ല".- വിജയരാഘവൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates