

നല്ല രീതിയിലുള്ള വിമർശനങ്ങളെ താൻ സ്വീകരിക്കാറുണ്ടെന്നും നമ്മൾ മെച്ചപ്പെടണം എന്നുണ്ടെങ്കിൽ നമ്മുടെ നെഗറ്റീവുകളെ അംഗീകരിക്കാനും കറക്ട് ചെയ്യാനുമൊക്കെ നമ്മൾ എപ്പോഴും റെഡിയായിട്ട് ഇരിക്കണമെന്നും ഗാനരചയിതാവ് വിനായക് ശശികുമാർ. എന്നാൽ ഒരു തലമുറയോട് തന്നെയുള്ള അമർഷം വിമർശനങ്ങളിലൂടെ തീർക്കുന്നവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "എല്ലാ തലമുറയിൽപ്പെട്ടവരും തങ്ങൾ തങ്ങൾക്ക് മുൻപുള്ള തലമുറയേക്കാൾ ബുദ്ധിമാന്മാരും, തങ്ങൾക്ക് ശേഷമുള്ള തലമുറയേക്കാൾ അറിവുള്ളവരുമാണെന്ന് കരുതുന്നവരാണ്. എല്ലാ തലമുറയിലും അതുണ്ട്. അത് ബ്രേക്ക് ചെയ്തത് ഒരുപക്ഷേ ഈ തലമുറയിൽപ്പെട്ടവരായിരിക്കും.
അടുത്ത ജനറേഷനെ പുച്ഛത്തോടെ കാണാതെ, അവരുടേതാണ് ലോകം, അവർ ശരിയാണ്, നമ്മളായിരിക്കും ചിലപ്പോൾ തെറ്റ് എന്നൊക്കെ ചിലപ്പോൾ തിരുത്തി തുടങ്ങുന്നത് നമ്മുടെ തലമുറയിൽപ്പെട്ടവരായിരിക്കും. ഇതിനു മുൻപ് വരെയുള്ള തലമുറയ്ക്ക്, പുതിയതിനോട് എന്തോ പുച്ഛമാണ്, ഇവർക്കൊക്കെ എന്തറിയാം ?. - എന്നൊരു സാധനമാണ്.
ഗിരീഷ് പുത്തഞ്ചേരിയും കൈതപ്രവുമൊക്കെ പാട്ടെഴുതുന്ന സമയത്ത് വിമർശിച്ചവരൊക്കെ തന്നെയാണ് ഇന്നും വിമർശിക്കുന്നത് എന്നുള്ളതാണ് തമാശ. അതിനൊരു അപ്‍ഡേഷനൊന്നും വന്നിട്ടില്ല. ഗാന വിമർശകരൊക്കെ ഇപ്പോഴും അതേ പോലെ തന്നെയുണ്ട്. വയലാറിന് ശേഷം വന്നവരെ ആരെയും അവർക്ക് മനസുകൊണ്ട് അംഗീകരിക്കാൻ പറ്റിയിട്ടില്ല.
ഞാൻ പണ്ട് ഗാന നിരൂപണം വായിക്കുമ്പോൾ തന്നെ തോന്നിയിട്ടുണ്ട്, എന്താണ് ഇവർക്കിത് പറ്റാത്തത് എന്ന്. പിന്നെ ഞാൻ പാട്ടെഴുത്തുകാരൻ ആകുമ്പോൾ കാര്യങ്ങൾ മാറുമോ ?. അത് മാറില്ല".- വിനായക് ശശികുമാർ പറഞ്ഞു. അതേസമയം നല്ല രീതിയിലുള്ള വിമർശനങ്ങളെ താൻ സ്വീകരിക്കാറുണ്ടെന്നും വിനായക് കൂട്ടിച്ചേർത്തു.
"നമ്മൾ മെച്ചപ്പെടണം എന്നുണ്ടെങ്കിൽ നമ്മുടെ നെഗറ്റീവുകളെ അംഗീകരിക്കാനും കറക്ട് ചെയ്യാനുമൊക്കെ നമ്മൾ റെഡിയായിട്ട് ഇരിക്കണം എപ്പോഴും. അത്തരം കാര്യങ്ങളൊക്കെ നമ്മളെടുക്കും. മറ്റേത് അങ്ങനെയല്ല, ഒരു തലമുറയോട് തന്നെയുള്ള അമർഷം ഇങ്ങനെയൊക്കെ പ്രകടിപ്പിച്ച് തീർക്കുന്നു എന്നേയുള്ളൂ.
അതിലൊന്നും ചെയ്യാനില്ല. കാലം മാറിയത് അറിയാത്തവരാണ് അത്തരം വിമർശനങ്ങളുമായി വരുന്നത്. അവരിപ്പോഴും ഈ കാലത്ത് ജീവിച്ചിരിക്കുന്നു എന്നേയുള്ളൂ, മനസുകൊണ്ട് ഇപ്പോഴും അവിടെ നിൽക്കുവാണ്".- വിനായക് ശശികുമാർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates