

സിനിമയിലെന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും വളരെ ആക്ടീവായ നടനാണ് വിനായകൻ. നടന്റെ ഒരു വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നടനെതിരെ ട്രോളുകളും നിറയുകയാണ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐഎം വിജയന്റെ മകനും ഈസ്റ്റ് ബംഗാൾ എഫ്സിയുടെ ഫുട്ബോൾ വിഡിയോ പെർഫോമൻസ് അനലിസ്റ്റ് തലവനുമായ ആരോമൽ വിജയൻ വിവാഹിതനായത്.
റോമി വിക്ടോറിയ ഹെബറാനെയാണ് ആരോമൽ വിവാഹം കഴിച്ചത്. ജൂലൈ 5-ന് തൃശ്ശൂർ തിരുവമ്പാടി കൺവെൻഷൻ സെന്ററിലെ നന്ദനം ഓഡിറ്റോറിയത്തിൽ നടന്ന വിവാഹച്ചടങ്ങിൽ സിനിമാ- കായിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. നടൻ ദിലീപും വിനായകനും ചടങ്ങിലെ ശ്രദ്ധേയ സാന്നിധ്യങ്ങളായിരുന്നു.
വിവാഹച്ചടങ്ങിനിടെ നടന്ന ഒരു ചെറിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിനായകനോട് ഒരു കുട്ടി ആരാധകൻ ഓട്ടോഗ്രാഫ് ചോദിക്കുന്നതും താരം നൽകിയ ഓട്ടോഗ്രാഫും ആണ് ചർച്ചയായി മാറുന്നത്. വിനായകൻ എഴുതിയത് എന്താണെന്ന് പലർക്കും മനസിലായിട്ടില്ല എന്നതാണ് വാസ്തവം. ഓട്ടോഗ്രാഫ് നൽകിയ ശേഷം താരം തമാശയോടെ കണ്ണിറുക്കി കാണിക്കുന്നതും വിഡിയോയിൽ ശ്രദ്ധ നേടുന്നുണ്ട്.
ഈ രംഗമാണ് സോഷ്യൽ മീഡിയയിൽ നിരവധി രസകരമായ പ്രതികരണങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. 'ഓട്ടോഗ്രാഫിന് പകരം മരുന്നിന്റെ പ്രിസ്‌ക്രിപ്ഷൻ എഴുതിക്കൊടുത്തതാണോ?', 'മേലാൽ ഓട്ടോഗ്രാഫ് ചോദിക്കരുത്', 'മെഡിക്കൽ സ്റ്റോറിൽ കാണിച്ചാൽ മരുന്നു കിട്ടും', 'എഴുതാൻ വേണ്ടി പേന എടുക്കുമ്പോൾ തെളിയാതെ വന്നാൽ ഞാനും ഇങ്ങനെ ചെയ്യാറുണ്ട്' എന്നിങ്ങനെ രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates