

പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നും ഒരു നിമിഷം കൊണ്ട് എല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പോയ നിരവധി പേരുണ്ട്. പക്ഷെ തങ്ങള്‍ ബാക്കി വച്ചു പോയ സിനിമകളിലൂടേയും കഥാപാത്രങ്ങളിലൂടേയും അവര്‍ ഇന്നും ഓര്‍മിക്കപ്പെടുന്നു. അത്തരത്തിലൊരു താരമാണ് രൂപിണി. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായിരുന്നു രൂപിണി. എന്നാല്‍ ഇന്ന് അവര്‍ സിനിമയുടെ ഗ്ലാമര്‍ ലോകത്തു നിന്നും അകലം പാലിക്കുകയാണ്. ഇപ്പോഴിതാ രൂപിണിയുടെ പുതിയ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
കോമള്‍ മഹുവാകര്‍ എന്നാണ് രൂപിണിയുടെ യഥാര്‍ത്ഥ പേര്. അഭിഭാഷകനായ കാന്തിലാനും ഡയറ്റീഷ്യനായ പ്രമീളയുമാണ് അച്ഛനും അമ്മയും. ബാലതാരമായിട്ടാണ് രൂപിണി കരിയര്‍ ആരംഭിക്കുന്നത്. ചെറുപ്പം മുതലേ കല രൂപിണിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. നാലാം വയസ് മുതല്‍ നൃത്തം പഠിച്ച് തുടങ്ങിയ രൂപിണി ഭരതനാട്യം, കുച്ചിപ്പുടി, ഒഡീസി, കഥക് എന്നിവയാണ് പരിശീലിച്ചിരുന്നത്. ഇതിനിടെയാണ് സിനിമയിലേക്ക് അവസരം എത്തുന്നത്.
പ്രശസ്ത സംവിധായകന്‍ ഋഷികേശ് മുഖര്‍ജിയാണ് രൂപിണിയെ കണ്ടെത്തുന്നത്. അങ്ങനെ 1975- ല്‍ ബാലതാരമായി രൂപിണി അരങ്ങേറി. മിലി ആയിരുന്നു ആദ്യ സിനിമ. പിന്നീട് ഖുബ്‌സൂരത്ത്, കോട്വാള്‍ സാബ് തുടങ്ങി നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു. 13-ാം വയസിലാണ് രൂപിണി നായികയാകുന്നത്. പായല്‍ കി ജന്‍കര്‍ എന്ന സിനിമയിലൂടെ. തുടര്‍ന്നും നായിക വേഷങ്ങള്‍ തേടിയെത്തിയെങ്കിലും പഠനത്തിന് വേണ്ടി അതെല്ലാം നിരസിച്ചു. രൂപിണി നിരസിച്ച സിനിമകളില്‍ ഫാസില്‍ ഒരുക്കിയ, മോഹന്‍ലാല്‍ വരവറിയിച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കളും ഉണ്ടായിരുന്നു.
പിന്നീടാണ് രൂപിണി തെന്നിന്ത്യന്‍ സിനിമയിലേക്ക് എത്തുന്നത്. ആ സമയത്താണ് കോമള്‍ 'രൂപിണി'യായി മാറുന്നത്. നടനും സംവിധായകനുമായ ഭാഗ്യരാജാണ് ഈ പേര് നിര്‍ദേശിക്കുന്നത്. തീര്‍ത്ഥക്കരയിലെ എന്ന ചിത്രത്തിലൂടെയാണ് തമിഴിലെത്തുന്നത്. തമിഴില്‍ നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ അഭിനയിച്ചു. രജനീകാന്ത്, കമല്‍ഹാസന്‍, വിജയ്കാന്ത്, സത്യരാജ് തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ നായികയായി. തെലുങ്കിലും നിരവധി സിനിമകള്‍ ചെയ്തു.
അങ്ങനെയിരിക്കെയാണ് രൂപിണിയെ തേടി വീണ്ടും മലയാള സിനിമയെത്തുന്നത്. മോഹന്‍ലാല്‍ നായകനായ നാടുവാഴികള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളം അരങ്ങേറ്റം. ചിത്രം വന്‍ വിജയമായി മാറി. രൂപിണി-മോഹന്‍ലാല്‍ ജോഡിയും കയ്യടി നേടി. ഇരുവരും തുടര്‍ന്നും ഒരുമിച്ച് സിനിമകള്‍ ചെയ്തു. മിഥ്യ, കുണുക്കിട്ട കോഴി, ബന്ധുക്കള്‍ ശത്രുക്കള്‍ തുടങ്ങി എന്നീ സിനിമകളിലും രൂപിണി അഭിനയിച്ചു. മലയാളത്തില്‍ സിനിമകള്‍ കുറവാണെങ്കിലും തമിഴില്‍ തിരക്കുള്ള നായികയായിരുന്നു രൂപിണി. 1994 ല്‍ പുറത്തിറങ്ങിയ താമരൈ ന്ന ചിത്രത്തോടെയാണ് രൂപിണി സിനിമാ ലോകത്തോട് വിട പറയുന്നത്. പഠനത്തില്‍ ശ്രദ്ധിക്കാനാണ് താരം സിനിമ വിടുന്നത്.
1995ല്‍ രൂപിണി വിവാഹിതയായി. മോഹന്‍ കുമാറാണ് രൂപിണിയുടെ ഭര്‍ത്താവ്. അനീഷയാണ് ഇരുവരുടേയും മകള്‍. സിനിമയില്‍ നിന്നും വിട്ടു നിന്ന കാലത്ത് രൂപിണി യുഎസില്‍ പോയി നാച്ചുറോപ്പതിയില്‍ പഠനവും പരിശീലനവും പൂര്‍ത്തിയാക്കുകയും ചെയ്തു. പിന്നീട് ചേമ്പൂരില്‍ യൂണിവേഴ്‌സല്‍ ഹാര്‍ട്ട് ഹോസ്പിറ്റല്‍ എന്ന ആശുപത്രിയും സ്ഥാപിച്ചു. വര്‍ഷങ്ങള്‍ക്കിപ്പിറും 2020 ല്‍ ചിത്തി 2 എന്ന തമിഴ് പരമ്പരയിലൂടെ രൂപിണി അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു. എന്നാല്‍ പിന്നീട് അഭിനയത്തില്‍ സജീവമായില്ല. താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകുമ്പോള്‍ തിരിച്ചുവരവ് മോഹങ്ങള്‍ ആരാധകരും പങ്കുവെക്കുകയാണ്.
Latest photos of Rupini goes viral. and fans wonder why she left cinema at the peak of her career.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates