

നടി ഗൗരി കിഷനെതിരായ ബോഡി ഷെയ്മിങ് സംഭവത്തില്‍ പ്രതികരണവുമായി യൂട്യൂബര്‍ കാര്‍ത്തിക്. ഗൗരിയോട് താന്‍ തെറ്റായൊന്നും ചോദിച്ചിട്ടില്ലെന്നും അതിനാല്‍ മാപ്പ് പറയില്ലെന്നുമാണ് കാര്‍ത്തിക് പറയുന്നത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതായിരുന്നു യൂട്യൂബര്‍. സംഭവത്തില്‍ ഗൗരിയ്ക്ക് പിന്തുണയുമായി ദേശീയ മാധ്യമങ്ങളടക്കം രംഗത്തു വന്നിട്ടും തന്റെ തെറ്റ് അംഗീകരിക്കാന്‍ പോലും ഇയാള്‍ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
''എന്റെ ചോദ്യത്തില്‍ ബോഡി ഷെയ്മിങ് ഇല്ല. നടിയെ നടന്‍ എടുത്തുയര്‍ത്തിയെന്ന് പറഞ്ഞാല്‍ നാല് പേര് കൂടുതല്‍ തിയേറ്ററിലേക്ക് വരും. അതല്ലാതെ പിന്നെ ട്രംപിനേയും മോദിയേയും കുറിച്ച് നടിയോട് ചോദിക്കണമോ? ആ നടിയ്ക്ക് മാര്‍ക്കറ്റ് ഇല്ല. മാര്‍ക്കറ്റ് വാല്യു ഉണ്ടാക്കാന്‍ വേണ്ടിയും അവരുടെ പുതിയ സിനിമ ഓടാന്‍ വേണ്ടിയുമാണ് ഈ വിഷയത്തെ വലുതാക്കുന്നത്.'' എന്നാണ് യൂട്യൂബര്‍ പറയുന്നത്.
എന്നെ വിഡ്ഢി, സെന്‍സില്ലാത്തവന്‍ എന്നൊക്കെയാണ് വിളിച്ചത്. ഇന്നലെ വന്ന നടിയ്ക്ക് ഇത്ര ഈഗോ ഉണ്ടെങ്കില്‍ 32 വര്‍ഷമായി സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനായ എനിക്ക് എത്രമാത്രമുണ്ടാകും? അവര്‍ക്ക് വേണമെങ്കില്‍ എന്നോട് നേരിട്ട് വന്ന് സംസാരിക്കാമായിരുന്നില്ലേ? എന്നും അയാള്‍ ചോദിക്കുന്നു. മാപ്പ് പറയുമോയെന്ന് ചോദിച്ചപ്പോള്‍ താന്‍ എന്തിന് മാപ്പ് പറയണമെന്നാണ് കാര്‍ത്തിക് ചോദിക്കുന്നത്.
''ഞാന്‍ എന്തിന് മാപ്പ് ചോദിക്കണം? ഞാന്‍ തെറ്റ് ചോദിച്ചിട്ടില്ല. എല്ലാവരും ചോദിക്കുന്നത് പോലൊരു ചോദ്യമാണ് ചോദിച്ചത്. എന്റെ മനസ് വേദനിപ്പിച്ചതിന് അവരാണ് മാപ്പ് പറയേണ്ടത്. വിവാദമാക്കിയത് സോഷ്യല്‍ മീഡിയയാണ്'' എന്നായിരുന്നു യൂട്യൂബറുടെ പ്രതികരണം. സംഭവത്തില്‍ ഗൗരിയ്ക്ക് പിന്തുണയുമായി തമിഴ്-മലയാളം താരങ്ങള്‍ രംഗത്തെത്തിയിരുന്നു. മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയും ചെന്നൈ പ്രസ് ക്ലബ്ബും ഗൗരിയ്ക്ക് പിന്തുണയറിയിച്ചിരുന്നു.
സംഭവത്തില്‍ തനിക്ക് പിന്തുണയറിയിച്ച അമ്മയ്ക്കും ചെന്നൈ പ്രസ് ക്ലബ്ബിനും സൗത്ത് ഇന്ത്യ നടികര്‍ സംഘത്തിനും ഗൗരി കിഷന്‍ പ്രസ്താവനയിലൂടെ നന്ദി പറഞ്ഞു. ഒരു വ്യക്തിയുടെ ശരീരത്തെക്കുറിച്ചും രൂപത്തക്കുറിച്ചും മോശമായി സംസാരിക്കുന്നത് അംഗീകരിക്കാനാകില്ലന്നും ഇതുപോലെ അഗ്രസീവായ ഭാഷയില്‍ ഒരു നടനോട് അവര്‍ ഇതേ ചോദ്യം ചോദിക്കുമോ എന്നും ഗൗരി പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്. താന്‍ സംസാരിച്ചത് തനിക്ക് വേണ്ടി മാത്രമല്ല, സമാന അനുഭവമങ്ങളുണ്ടായിട്ടുള്ള എല്ലാവര്‍ക്കും വേണ്ടിയാണെന്നും ഗൗരി പറയുന്നു.
അതേസമയം ഈ സംഭവത്തിന്റെ പശ്ചാത്തില്‍ ഒരാളെ മാത്രമായി ടാര്‍ജറ്റ് ചെയ്യരുതെന്നും ഗൗരി പറയുന്നുണ്ട്. കൂടുതല്‍ അനുപാതവും സെന്‍സിറ്റിവിറ്റിയും ആദരവോടും കൂടി മുന്നോട്ട് പോകാന്‍ സാധിക്കട്ടെ എന്ന് ഗൗരി തന്റെ പ്രസ്താവനയില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates