'ഇതൊരു ജീവിതമാണ്. അതിജീവിക്കാന്‍ വെമ്പുന്ന ഒരുപാട് പേരുടെ കഥയാണ് ഈ സിനിമ പറയുന്നത്', ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത 'ഉടലാഴം' എന്ന സിനിമ കണ്ടിറങ്ങിയ ട്രാന്‍സ്‌ജെന്‍ഡര്‍ ശീതള്‍ ശ്യാം പറഞ്ഞു. 'ഗുളികന്‍' എന്ന ട്രൈബല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ഉടലാഴം. നന്നേ ചെറുപ്പത്തില്‍ വിവാഹിതനായ ഗുളികന്‍ അതിനുശേഷം തന്റെ സ്വത്വത്തിലെ അസ്വാഭാവികതകള്‍ തിരിച്ചറിയുന്നതും വ്യക്തിജീവിതത്തിലും സാമൂഹിക ഇടങ്ങളിലും അയാള്‍ നേരിടുന്ന പ്രതിസന്ധികളുമാണ് സിനിമ ചര്‍ച്ചചെയ്യുന്നത്.
കേരളത്തിലെ എല്‍ജിബിടി കമ്യൂണിറ്റി അംഗങ്ങള്‍ക്കായി സൗജന്യമായാണ് ഇന്ന് ഉടലാളത്തിന്റെ പ്രദര്‍ശനം കൊച്ചിയില്‍ നടന്നത്. ഈ സിനിമ കാണേണ്ട കുറേ ആളുകള്‍ അത് കാണാതെ പോകരുതെന്ന ആഗ്രഹത്തില്‍ നിന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇത്തരത്തില്‍ ഒരു സൗജന്യ പ്രദര്‍ശനം ഒരുക്കിയത്. 'നമ്മള്‍ ഇനിഷിയേറ്റിവ് എടുത്താല്‍ ഈ സിനിമ കാണാന്‍ ആഗ്രഹിക്കുന്ന ഒരുപാടുപേര്‍ ഇവരുടെ കൂടെയുണ്ട്. അവരില്‍ എത്രപേര്‍ സ്വന്തമായി ടിക്കറ്റ് എടുത്ത് കാണും എന്ന് ഉറപ്പില്ല. ഉടലാഴം കാണേണ്ട ആളുകള്‍ കാണാതെ തിയേറ്റര്‍ മാറി പോയാല്‍ അത് സങ്കടമാകുന്നത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു കാര്യം ചെയ്തത്', അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
നിലവിലെ സാമൂഹിക വ്യവസ്ഥിതിയെ വരച്ചുകാണിക്കുകയാണ് ഉടലാഴമെന്നാണ് ശീതളിന്റെ വാക്കുകള്‍. ഒരുപാട് പ്രശ്‌നങ്ങളുമായി റിലേറ്റ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. കുറേപേര്‍ നമ്മളെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുമ്പോഴും അതിനെ തടയാനും അതിനെതിരെ പ്രതികരിക്കാനും ഒപ്പം നില്‍ക്കാനും പറ്റുന്ന കുറച്ച് മനുഷ്യരുണ്ട്, (അനുമോള്‍, ജോയ് മാത്യൂ എന്നിവര്‍ സിനിമയില്‍ ചെയ്ത കഥാപാത്രങ്ങള്‍ പോലെ). അത് ഒരു ആശ്വാസമാണ്. ട്രൈബല്‍ പൊളിറ്റിക്‌സ്, ഇന്റര്‍സെക്‌സ് പൊളിറ്റിക്‌സ്, സ്ത്രീ രാഷ്ട്രീയം എന്നിങ്ങനെ വ്യത്യസ്തമായ ഇടങ്ങളില്‍ ഈ സിനിമ ഇടപെട്ടിട്ടുണ്ട്, ശീതള്‍ പറഞ്ഞു.
പണമുണ്ടാക്കാം എന്ന ലക്ഷ്യത്തോടെ എടുത്ത ചിത്രമല്ല ഉടലാഴം എന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ഡോ സജീഷ് പറഞ്ഞു. നൂറ് ശതമാനം സാമൂഹിക പ്രസക്തി ഉള്ളതുകൊണ്ട് എടുത്ത ഒരു ചിത്രമാണിതെന്നാണ് സജീഷിന്റെ വാക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മൂന്ന് ഷോയും ഹൗസ്ഫുള്ളായാണ് മേള വിട്ടത്. പിന്നീട് മുംബൈയില്‍ മാമി ഫിലിം ഫെസ്റ്റിവലിലും ഏഴോളം അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ഉടലാഴം പ്രദര്‍ശനത്തിനെത്തി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തിയേറ്ററുകളിലും ചിത്രം മികച്ച പ്രതികരണം നേടുന്നത്.
നൂറോളം ആദിവാസികള്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത അവരുടെ സ്വാഭാവിക അഭിനയമാണ് പലരെയും ഞെട്ടിച്ചതെന്ന് സജീഷ് പറയുന്നു. പലരും പറയുന്നത് ഇത് ജീവിതം അപ്പാടെ പകര്‍ത്തി വച്ചത് പോലെയുണ്ട് എന്നാണ്. സിനിമയല്ല മറിച്ച് അവരുടെ ജീവിതം അതുപോലെതന്നെ അനുഭവപ്പെടുന്നു എന്നാണ് കണ്ടിറങ്ങുന്നവരില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം.
ചിത്രത്തിന്റെ തിരകഥാകൃത്തും സംവിധായകനുമായ ഉണ്ണി മുന്‍പ് ട്രാന്‍ഡെന്‍ഡേഴ്‌സിനെക്കുറിച്ച് ചെയ്ത ഒരു ഡോക്യുമെന്ററിയില്‍ നിന്നാണ് ഉടലാളത്തിന്റെ ആശയത്തിലേക്കെത്തുന്നത്. ഡോക്യുമെന്ററിയുടെ ഭാഗമായാണ് രാജു എന്ന നിലമ്പൂരൊള്ള ഒരു ആദിവാസി ട്രാന്‍ജെന്‍ഡറിനെ പരിചയപ്പെടുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ചികിത്സ പൂര്‍ത്തിയാക്കാന്‍ കഴിയാതെ അസുഖം ബാധിച്ചാണ് രാജു മരിച്ചത്. രാജുവിന്റെ ജീവിതം ഗുളികന്‍ എന്ന കഥാപാത്രത്തിന്റെ നിര്‍മിതിക്ക് ഒരു കാരണമാണ്. പക്ഷെ രാജു അല്ല ഗുളികന്‍, സജീഷ് പറഞ്ഞു
ആദിവാസികളുടെ ഇടയില്‍ വളരെ നേരത്തെ കല്ല്യാണം കഴിക്കുന്ന ഒരു ശീലമുണ്ട്. ഗുളികന്‍ ഇതുപോലെ വളരെ നേരത്തെ കല്ല്യാണം കഴിച്ചു പോകുന്ന ഒരാളാണ്. പക്ഷെ ഗുളികന്‍ മുതിര്‍ന്നപ്പോള്‍ മാത്രമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് മനസ്സിലാകുന്നത്. അതിനുശേഷം ഗുളികന്റെ ഫാമിലി ലൈഫിലുണ്ടാകുന്ന പ്രശ്‌നങ്ങളും സാമൂഹിക ചുറ്റുപാടില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുമാണ് സിനിമയില്‍ കാണിക്കുന്നത്.
എന്നാല്‍ ചിത്രം തിയേറ്ററുകളിലേക്കെത്തിച്ചപ്പോള്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ചും സജീഷ് തുറന്നുപറഞ്ഞു. രാവിലെ 11 മണിക്കും ഉച്ചയ്ക്കും മൂന്ന് മണിക്കുമൊക്കെ ഷോ സമയം ലഭിച്ചതുകൊണ്ടുതന്നെ വലിയൊരു ശതമാനം പ്രേക്ഷകര്‍ക്കും സിനിമ കാണാന്‍ കഴിയാതെ പോകുകയാണ്. വൈകുന്നേരങ്ങളില്‍ ഒരു ഷോയെങ്കിലും ലഭിക്കുന്ന തരത്തില്‍ തിയേറ്ററുകളില്‍ നിന്ന് പിന്തുണ ലഭിച്ചാന്‍ ഇനിയും ഒരുപാട് ആളുകളിലേക്ക് ഈ ചിത്രം എത്തിക്കാനാകുമെന്ന പ്രതീക്ഷയാണ് അണിയറപ്രവര്‍ത്തകര്‍ക്കുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates