

ചെന്നൈ: കമൽഹാസനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ഷൂട്ടിങ്ങിനിടെ ക്രെയിൻ മറിഞ്ഞാണ് അപകടം ഉണ്ടായത്. സഹസംവിധായകൻ കൃഷ്ണ (34), നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍(60), സെറ്റിൽ ഭക്ഷണം വിതരണം ചെയ്യുന്ന സംഘത്തിലെ മധു (29) എന്നിവരാണ് മരിച്ചത്.
പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം നടന്നത്.ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി ഇന്നലെ വൈകിട്ടു മുതല്‍ സെറ്റ് ഇടുന്ന ജോലി നടന്നുവരികയായിരുന്നു.
ഇതിനിടെ ക്രെയിനിന്റെ മുകളില്‍ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകള്‍ ചെരിഞ്ഞു വീണതാണ് അപകടത്തിനിടയാക്കിയത്. 150 അടിയിലേറെ ഉയരമുള്ള ക്രെയിൻ സംവിധായകൻ ഉൾപ്പെടെ ഉള്ളവർ ഇരുന്ന ടെന്റിനു മുകളിലേക്കു മറിയുകയായിരുന്നു. ക്രെയിനിന്റെ അടിയില്‍പ്പെട്ട മൂന്നുപേര്‍ തല്‍ക്ഷണം മരിച്ചു. അപകടത്തെത്തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചു.
സംവിധായകൻ ഷങ്കറിന് കാലിനു പരുക്കേറ്റതായി ആദ്യം വാർത്തകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് പരുക്കില്ലെന്ന് സിനിമാ വൃത്തങ്ങൾ അറിയിച്ചു. സംഭവ സമയത്ത് നടന്‍ കമല്‍ഹാസനും സെറ്റില്‍ ഉണ്ടായിരുന്നു. പൂനമല്ലി പൊലീസ് അപകടസ്ഥലത്തെത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി കമൽഹാസൻ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നടന്‍ വിജയ് അഭിനയിച്ച ബിഗില്‍ സിനിമയുടെ സെറ്റിലും ഇത്തരത്തില്‍ ക്രെയിന്‍ മറിഞ്ഞ് അപകടം നടന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates