നടി ആശാ ശരത്തിന്റെ ഒരു മൂവി പ്രമോഷന്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. ഭര്‍ത്താവിനെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവര്‍ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. 'എവിടെ' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ആശ വീഡിയോ ചെയ്തതെങ്കിലും സംഗതി കൈവിട്ട് പോയ അവസ്ഥയാണ്.
'എവിടെ പ്രമോഷന്‍' എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പോസറ്റ് ചെയ്തത് എങ്കിലും പലരും അത് ശ്രദ്ധിച്ചില്ല. തുടര്‍ന്ന് ആശ ശരത്തിന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് വ്യാപകമായി പ്രചരിക്കപ്പെട്ടു. ആശ അവതരിപ്പിക്കുന്ന ജെസി എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവിനെ കാണാതെ പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഇപ്പോള്‍ ആശ ശരത്തിനെതിരേ പരാതി നല്‍കി അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന രംഗത്തെത്തിയിരിക്കുകയാണ്. സിനിമ പ്രൊമോഷന്‍ എന്നപേരില്‍ സംസ്ഥാനത്തെ ഒരു പൊലീസ് സ്‌റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചാരണം നടത്തിയെന്ന് കാണിച്ചാണ് അഭിഭാഷകന്റെ പരാതി.
ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ.
സിനിമ പ്രൊമോഷന്‍ എന്നപേരില്‍ സംസ്ഥാനത്തെ ഒരു പോലീസ് സ്‌റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചാരണം നടത്തിയ അഭിനേത്രി ആശ ശരത്തിനെതിരെ പരാതി നല്‍കി.
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ വിവിധ ഹൈക്കോടതികള്‍ നിലപാടുകള്‍ എടുത്തിട്ടുള്ള ഘട്ടത്തിലും, സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ അടിയന്തിരമായി നിയന്ത്രിക്കണമെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാറ്റിങ് മന്ത്രി ലോക്‌സഭയില്‍ പ്രസ്താവിച്ച അതേ ദിവസം തന്നെ പരസ്യത്തിനായി പോലീസ് വകുപ്പിനെ ഉള്‍പ്പെടെ ബന്ധപ്പെടുത്തി നടത്തിയ വ്യാജ വീഡിയോ അപകടകരമായ സാഹചര്യം സൃഷ്ട്ടിക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചു.
നിസാരമെന്ന് തോന്നിക്കുമെങ്കിലും വിഷയത്തിന്റെ ഗൗരവം ഇടുക്കി അഡീഷണല്‍ പോലീസ് സൂപ്രണ്ട് മുഹമ്മദ് ഷാഫി ഐപി എസിനെ നേരിട്ട് വിളിച്ച് അറിയിച്ചു. കട്ടപ്പന പോലീസിനെ ഉള്‍പ്പെടെ അറിയിച്ച് ആവശ്യ നടപടിയുണ്ടാകും എന്നദ്ദേഹം അറിയിച്ചു.
പരാതിയുടെ പൂര്‍ണ്ണരൂപം ചുവടെ.
ബഹു. ഇടുക്കി ജില്ല പോലീസ് മേധാവി മുന്‍പാകെ സമപര്‍പ്പിക്കുന്ന പരാതി
വിഷയം : പോലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തെ വഴിതെറ്റിക്കുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയത് സംബന്ധിച്ചത്
സര്‍,
ആശ ശരത്ത് എന്ന് പേരായ അഭിനേത്രി ഒരു സ്ത്രീ ഇന്നലെ 04-07-2019 നു അവരുടെ വേരിഫൈഡ് ഫെയിസ്ബുക്ക് പേജിലൂടെ ഒരു വീഡിയോ ഷെയര്‍ ചെയ്തിരുന്നു. തലക്കെട്ടുകളോ, മറ്റ് വിവരങ്ങളോ ഇല്ലാതെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നും, തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടന്ന് കണ്ടെത്താന്‍ ജനങ്ങള്‍ സഹായിക്കണമെന്നും, ഭര്‍ത്താവിനെ കണ്ടുകിട്ടുന്നവര്‍ 'കട്ടപ്പന' (ഇടുക്കി) പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നുമായിരുന്നു ഇടറുന്ന ശബ്ദത്തോടെ പറഞ്ഞത്.
തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പ്രസ്തുത വാര്‍ത്തയും വീഡിയോയും വ്യാപകമായി സാമൂഹിക മാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റിലും പ്രചരിക്കുകയുണ്ടായി. പ്രസ്തുത വീഡിയോക്ക് കീഴില്‍ നിരവധിയായ കമന്റുകളും പിന്തുണയും ലഭിച്ചു. എന്നാല്‍ അല്‍പ സമയത്തിന് ശേഷം വീഡിയോ ഒരു പരസ്യമാണെന്നും, അവര്‍ അഭിനയിച്ച സിനിമയുടെ പ്രചാരണത്തിന് വേണ്ടി നിര്‍മ്മിച്ചതാണെന്നും ചൂണ്ടിക്കാണിച്ച് പോസ്റ്റ് ചെയ്ത വീഡിയോയുടെ തലക്കെട്ട് എഡിറ്റ് ചെയ്യുകയായിരുന്നു.
എന്നാല്‍ പോസ്റ്റ് ചെയ്ത് 17 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഈ വ്യാജ വാര്‍ത്ത മെസേജിങ് ആപ്പിക്കേഷനുകളിലും, സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുകയാണ്.
തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് പരസ്യമായി രംഗത്ത് വരികയും സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷന്റെ പേര് എടുത്ത് പറഞ്ഞ ശേഷം പ്രസ്തുത പോലീസ് സസ്റ്റേഷനിലേക്ക് വിവരങ്ങള്‍ അറിയിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടതും ഗുരുതരമായ കുറ്റമാണ്. കട്ടപ്പന പോലീസ് സ്റ്റേഷനിലെ ഫോണ്‍ നമ്പറും, സ്ത്രീയുടെ ഭര്‍ത്താവിന്റെ ചിത്രവും വെച്ചുകൊണ്ട് നിരവധി അഭ്യര്‍ത്ഥനകള്‍ ലുക്ക് ഔട്ട് നോട്ടീസ് എന്നതുപോലെ പ്രചരിക്കുന്നുണ്ട്.
സിനിമയുടെ ആവശ്യത്തിനായോ, പരസ്യങ്ങളുടെ ആവശ്യത്തിനായോ പോലീസ് വകുപ്പ് പോലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന ഏറ്റവും സെന്‍സിറ്റീവായ വകുപ്പിനെയും, അതിന്റെ പേരും ഔദ്യോദിക വിവരങ്ങളും മുന്‍കൂര്‍ അനുമതി ഇല്ലാതെ വ്യാജമായി ഉപയോഗപ്പെടുത്തുന്നതും, പോലീസിനെ ാശഴൌശറല ചെയ്യുന്ന രീതിയില്‍ വ്യാജ വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതും ഇന്ത്യന്‍ പീനല്‍കോഡിലെ 107, 117, 182 തുടങ്ങിയ വിവിധ വകുപ്പുകളും, ഐടി ആക്റ്റിലെ വിവിധ വകുപ്പുകളും, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിലെ വകുപ്പുകളും, കേരള പോലീസ് ആക്റ്റിലെ വകുപ്പുകളും പ്രകാരം കുറ്റകരമാണ്.
ഭരണഘടന അനുവദിക്കുന്ന മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യവും ന്യായമായ നിയന്ത്രങ്ങള്‍ക്ക് വിധേയമാണെന്നും, സ്റ്റേറ്റിന്റെ അഖണ്ഡതയ്ക്കും, സുരക്ഷയ്ക്കും, പബ്ലിക്ക് ഓര്‍ഡറിനും എതിരാകുന്ന പക്ഷം അത്തരം ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിയന്ത്രിതവും, കുറ്റകരവുമാകുമെന്നും ബഹു സുപ്രീംകോടതി വിവിധ കേസുകളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.
സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു സെലിബ്രേറ്റികൂടിയായ ആശ ശരത്ത് എന്ന സ്ത്രീ സിനിമയുടെ പരസ്യത്തിനായി അനുമതിയില്ലാതെ നടത്തിയ വ്യാജ പ്രചാരണവും, പോലീസിന്റെ കൃത്യ നിര്‍വഹണത്തെ വഴിതെറ്റിച്ചതും അങ്ങേയറ്റം സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നതിനാലും, സമൂഹത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതിനും, പൊലീസിലുള്ള ഉത്തമ വിശ്വാസം നഷ്ടപ്പെടുത്തുന്നതിനും, കുറ്റകൃത്യങ്ങള്‍ക്ക് പ്രചോദനമാകും എന്നതിനാലും പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് ഈ പരാതി നല്‍കുന്നത്. ആയതിനാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വ്യാജ പ്രചാരണം നടത്തിയ വ്യക്തിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും, പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടികളും, കട്ടപ്പന പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിക്കണം എന്ന വ്യാജ പ്രചാരണമുള്ള വീഡിയോ ആശ ശരത്തിന്റ ഫെയിസ്ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്യാന്‍ ആവശ്യപ്പെടണമെന്നും വിനീതമായി അപേക്ഷിക്കുന്നു.
വിശ്വസ്ഥതയോടെ
അഡ്വ ശ്രീജിത്ത് പെരുമന
1. പരാതിക്ക് കാരണമായ വീഡിയോയുടെ പകര്‍പ്പ്
2. എതിര്‍കക്ഷിയുടെ ഫെയിസ്ബുക്ക് പേജിന്റെ ലിങ്ക്
3. സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളുടെ പോസ്റ്ററുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates