കൂടത്തായി കൊലപാതക പരമ്പര വാര്‍ത്തകളില്‍ നിറഞ്ഞതോടെ സംഭവത്തെക്കുറിച്ച് സിനിമ ചെയ്യാന്‍ മത്സരിക്കുകയാണ് സിനിമ പ്രവര്‍ത്തകര്‍. മോഹന്‍ലാലിനെ പ്രധാനകഥാപാത്രമാക്കി കൂടത്തായി സംഭവം സിനിമയാക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിന് മുന്‍പു തന്നെ മറ്റൊരു ടീം സിനിമ പ്രഖ്യാപിച്ചു. കൂടത്തായി എന്ന പേരിട്ട ചിത്രത്തില്‍ നടി ഡിനി ഡാനിയലാണ് ജോളിയുടെ വേഷത്തില്‍ എത്തുക. മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് വാര്‍ത്തവന്നോടെ ഇനി എന്ത് ചെയ്യും എന്നഅങ്കലാപ്പിലായിരുന്നു ഡിനിയും സംഘവും. എന്നാല്‍ കൂടത്തായിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. നടി തന്നെയാണ് ഇത് വ്യക്തമാക്കിയത്.
മറിയക്കുട്ടി കൊലക്കേസില്‍ മലയാളത്തില്‍ രണ്ട് സിനിമകള്‍ വന്നിട്ടുണ്ടെന്നും പോസ്റ്റിലൂടെ താരം ചൂണ്ടിക്കാട്ടുന്നു. ഒരേ വര്‍ഷം റിലീസായിട്ടും രണ്ട് ചിത്രങ്ങളും ഹിറ്റായെന്നാണ് ഡിനി പറയുന്നത്. മത്സരത്തിന് വേണ്ടിയല്ല തങ്ങള്‍ കൂടത്തായി ചെയ്യുന്നതെന്നും ഒരു സിനിമയായി മാത്രം കാണാന്‍ അപേക്ഷിക്കുന്നുവെന്നും ഡിനി പോസ്റ്റില്‍ പറയുന്നു.
ഡിനിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
കേരളത്തില്‍ 1966ലെ മറിയക്കുട്ടി കൊലക്കേസിനെ ആസ്പദമാക്കിയും രണ്ട് സിനിമകള്‍ ഉണ്ടാക്കപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ വഴിവക്കില്‍ മറിയക്കുട്ടി എന്ന വിധവയുടെ ജഡം കണ്ടത് പിന്നീട് രണ്ടു സിനിമകള്‍ക്ക് ആധാരമായി. ഒരേ സമയം വാശിയോടെ വന്ന സിനിമകളുടെ നിര്‍മാണ രംഗത്തു നിന്ന് രണ്ട് ബാനറുകളും തുടക്കം മുതലേ പിന്‍മാറിയില്ല. 1967 ല്‍ ജൂണ്‍ മാസത്തില്‍ തന്നെ രണ്ടു ചിത്രങ്ങളും റിലീസായിരുന്നു.
എക്‌സല്‍ പ്രൊഡക്ഷന്റെ ബാനറില്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത 'മൈനത്തരുവി കൊലക്കേസ്', ഇതില്‍ ഷീലയും സത്യനുമായിരുന്നു അഭിനയിച്ചത്. തോമസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ പി.എ. തോമസ് സംവിധാനം ചെയ്ത 'മാടത്തരുവി കൊലക്കേസ് '. ഈ സിനിമയില്‍ കെ.പി ഉമ്മര്‍ , ഉഷാകുമാരി എന്നിവര്‍ വേഷമിട്ടു.
ഈ കേസില്‍ 1967 ആദ്യം പള്ളിവികാരിയെ വധശിക്ഷയ്ക്കു വിധിച്ച കീഴ് കോടതിയുടെ ഉത്തരവിനെതിരെ കാതോലിക്കാസഭ കേസ് ഏറ്റെടുത്തു. 1967ല്‍ തന്നെ ഹൈക്കോടതിയില്‍ നിന്നും വിടുതല്‍ ചെയ്തു വാങ്ങി. 34 കൊല്ലങ്ങള്‍ക്കു ശേഷം 2000 ആണ്ടില്‍ പ്രസ്തുത വൈദികന്‍ കുറ്റക്കാരനല്ല എന്ന് പിന്നീടുണ്ടായ അന്വേഷണത്തിലൂടെ തെളിഞ്ഞു. കുമ്പസാര രഹസ്യമായ യഥാര്‍ഥ കൊലയാളിയുടെ വിവരം കോടതിയ്ക്ക് കൈമാറാന്‍ തയ്യാറാകാതെ ശിക്ഷ ഏറ്റുവാങ്ങാന്‍ മടി കാട്ടാതിരുന്ന വികാരി ഒടുവില്‍ കുറ്റക്കാരനല്ല എന്ന് തെളിഞ്ഞത് പില്‍ക്കാലത്തും വന്‍ വാര്‍ത്തയായിരുന്നു. ഇതിനോടനുബന്ധിച്ചു ഒരേ സമയം ഇറങ്ങിയ സിനിമകള്‍ രണ്ടും അക്കാലത്തു വന്‍ വിജയമായിരുന്നു താനും .
കൂടത്തായി യാതൊരു മത്സരങ്ങള്‍ക്കും വേണ്ടിയുള്ള ഒരു സിനിമ അല്ല. യാതൊരു മുന്‍വിധികള്‍ക്കു വേണ്ടിയുള്ളതുമല്ല. ഇതിനെ വെറും ഒരു സിനിമ ആയി കാണാന്‍ അപേക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates