

ചെന്നൈ: ഡിസ്‌കവറി ചാനലിലെ മാന്‍ വേഴ്‌സസ് വൈല്‍ഡ് പ്രോഗ്രാമിന്റെ ചിത്രീകരണത്തിനിടെ പരിക്കേറ്റെന്ന വാര്‍ത്തയോട് പ്രതികരിച്ച് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. തനിക്ക് കുഴപ്പമൊന്നുമില്ലെന്നും മുള്ളുകൊണ്ടപ്പോഴുണ്ടായ ചെറിയ പോറലുകള്‍ മാത്രമാണ് ഉള്ളതെന്നുമാണ് അദ്ദേഹം പറഞ്ഞത്. കര്‍ണാടകയിലെ ദേശീയ ഉദ്യാനമായ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലാണ് പരിപാടിയുടെ ഷൂട്ടിംഗ് നടക്കുന്നത്.
പരിപാടിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു. ചിത്രീകരണത്തിനിടയില്‍ മുറിവുകളൊന്നും സംഭവിച്ചിട്ടില്ല. ചെറിയ മുള്ളുകള്‍ കൊണ്ട് പോറലുകള്‍ മാത്രമേയുള്ളൂ. അല്ലാതെ കുഴപ്പമൊന്നുമില്ല. ചെന്നൈ എയര്‍പോര്‍ട്ടില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ രജനീകാന്ത് വെളിപ്പെടുത്തിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രജനീകാന്തിന്റെ കണങ്കാലിന് നേരിയ പരിക്കും തോളിനും ചതവും പറ്റിയിട്ടുണ്ടെന്നും ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയുമാണെന്നുമാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്.
ബിയര്‍ ഗ്രില്‍സ് അവതാരകനായി എത്തുന്ന ലോക പ്രശസ്ത സാഹസിക പരിപാടിയില്‍ പങ്കെടുക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് രജനീകാന്ത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരിപാടിയില്‍ അതിഥിയായി എത്തിയിരുന്നു. 28നും 30നും ആറ് മണിക്കൂര്‍ സമയമാണ് ഷൂട്ടിങ്ങിന് അനുമതി നല്‍കിയിരിക്കുന്നത്. ജനുവരി 29ന് ഷൂട്ടിങ് അനുവദിച്ചിട്ടില്ല.
അനുവാദമില്ലാതെ ഡ്രോണ്‍ ഉപയോഗിക്കുന്നത് കര്‍ണാടക വനം വകുപ്പ് വിലക്കിയിട്ടുണ്ട്. വന സ്രോതസ്സുകളെയോ വന്യ ജീവികളെയോ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഷൂട്ടിങ് ടീമിന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്നും വനം വകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ട്. പരിപാടിയുടെ ഷൂട്ടിങ്ങിനായി മൂന്ന്ദിവസത്തെ അനുമതിയാണ് മുംബൈയിലെ സെവന്റോറസ് എന്റര്‍ടെയ്ന്‍മെന്റിന് അനുവദിച്ചിരിക്കുന്നത്. ഷൂട്ടിനായി രജനികാന്ത് കുടുംബസമേതമാണ് എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates