

മലയാള സിനിമാലോകം വിവാദങ്ങളാല്‍ പുകയുകയാണ്. അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തുമ്പോള്‍ യാതൊരു വിധത്തിലുള്ള പ്രതികരണങ്ങളും നടത്താതെ മറ്റൊരു വിഭാഗം നിലനില്‍ക്കുന്നു. ഇതിനിടെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്തതിനെ കുറിച്ചും മമ്മൂട്ടിയുടെ സ്ത്രീവിരുദ്ധ നിലപാടിനെക്കുറിച്ചും ചില തുറന്നു പറച്ചിലുകള്‍ നടത്തി ദുല്‍ഖര്‍ രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ സിനിമകളില്‍ സ്ത്രീവിരുദ്ധത ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും പറഞ്ഞ ദുല്‍ഖര്‍ സല്‍മാന്‍, രാഷ്ട്രീയം പറയാനല്ല, തന്റെ സിനിമകളിലൂടെ നിലപാടും അഭിപ്രായവും അറിയിക്കാനാണ് താത്പര്യമെന്നും വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞത്.
നടിയെ ആക്രമിച്ച സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ യുവനടന്മാര്‍ ആരും പ്രതികരിച്ചില്ലെന്ന രേവതിയുടെ പരാമര്‍ശത്തെ കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ ദുല്‍ഖറിന്റെ മറുപടി ഇങ്ങനെയായിരുന്നു; ''ഒരഭിപ്രായം പറയാന്‍ എളുപ്പമാണ്. വിവാദവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന എല്ലാ ആളുകളെയും ചെറുപ്പം മുതല്‍ അറിയാം. എന്നോട് നല്ല രീതിയിലെ എല്ലാവരും പെരുമാറിയിട്ടുള്ളൂ. പോരാത്തതിന് അമ്മ എക്‌സിക്യൂട്ടീവിലെ അംഗവുമല്ല ഞാന്‍. അതുകൊണ്ട് ആ വിഷയത്തില്‍ അഭിപ്രായം പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.''
''എനിക്ക് വാപ്പിച്ചിയെ നന്നായറിയാം. എന്നെയും സഹോദരിയെയും എങ്ങനെയാണ് വളര്‍ത്തിയത് എന്നുമറിയാം. സ്ത്രീകളെ ബഹുമാനിക്കുന്ന കുടുംബമാണ് ഞങ്ങളുടേത്. വീടിനകത്തും പുറത്തും.''- ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത് മമ്മൂട്ടി കൂടി പങ്കെടുത്ത യോഗത്തിലാണല്ലോ എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു ദുല്‍ഖര്‍ മറുപടി പറഞ്ഞത്.
''സിനിമ കണ്ടോ, അതിലെ സംഭാഷണങ്ങള്‍ കൊണ്ടോ വാപ്പിച്ചിയെ വിലയിരുത്തരുത്. പൊതുവേദികളില്‍ ഒരിക്കല്‍പ്പോലും സ്ത്രീകള്‍ക്കെതിരായി ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് അദ്ദേഹം. വാപ്പിച്ചിയെ ബാധിക്കുന്നതെന്നും എന്നെയും ബാധിക്കും. ആരെയും മനപ്പൂര്‍വ്വം വേദനിപ്പിക്കുന്ന ആളല്ല വാപ്പിച്ചി.''
''ചെറുപ്പം മുതലെ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞുമാറിനില്‍ക്കാനാണ് ശ്രമിച്ചിട്ടുള്ളത്. സിനിമയുടെ രാഷ്ട്രീയമോ, ദേശീയ രാഷ്ട്രീയമോ എന്തുതന്നെയായാലും താത്പര്യമില്ല. എല്ലാ വിഷയത്തിനും രണ്ടുവശങ്ങളുണ്ട്. ഒരഭിപ്രായം പറയണമെങ്കില്‍ അതിലൊരു വശത്ത് നില്‍ക്കേണ്ടിവരും.''
''എന്റെ സിനിമകളിലൂടെ നിലപാടും അഭിപ്രായവും അറിയിക്കാനാണ് താത്പര്യം. തന്റെ സിനിമകളില്‍ ഇതുവരെ സ്ത്രീവിരുദ്ധത ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുകയുമില്ല. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുപോലുമില്ല.'' അന്നത്തെ തിരക്കഥകള്‍ അത്തരത്തില്‍ ഉള്ളതായിരുന്നുവെന്നും ദുല്‍ഖര്‍ വിശദീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates