സീതയായും പ്രേതമായും , ദേവതയായും ഇനിയും അഭിനയം തുടരും, രാധാ രവിയുടേത് ചീപ്പ് പബ്ലിസിറ്റിക്കുള്ള ശ്രമമെന്ന്‌   നയന്‍താര

പ്രോത്സാഹിപ്പിക്കാന്‍ കേള്‍വിക്കാരുള്ളിടത്തോളം കാലം രാധാരവിയെ പോലുള്ളവര്‍ പൊതു സദസ്സില്‍ സ്ത്രീ വിരുദ്ധതയും സ്ത്രീകളെ അപഹസിക്കുന്ന ' തമാശ'കളും വിളമ്പിക്കൊണ്ടേയിരിക്കും. രാധാരവിയെ പോലുള്ളവരുടെ വാക്കുക
സീതയായും പ്രേതമായും , ദേവതയായും ഇനിയും അഭിനയം തുടരും, രാധാ രവിയുടേത് ചീപ്പ് പബ്ലിസിറ്റിക്കുള്ള ശ്രമമെന്ന്‌   നയന്‍താര
Updated on
2 min read

രാധാരവിയെ പോലുള്ളവര്‍ എത്രയൊക്കെ ആരോപണം ഉയര്‍ത്തിയാലും ഇനിയും സീതയും , പ്രേതവും, ദേവതയും അങ്ങനെ എല്ലാ റോളുകളിലും അഭിനയം തുടരുമെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താര. പ്രോത്സാഹിപ്പിക്കാന്‍ ആളുകള്‍ ഉള്ള കാലത്തോളം രാധാരവിയെ പോലുള്ളവര്‍ പൊതുവേദികളില്‍ സ്ത്രീ വിരുദ്ധതയും സ്ത്രീകളെ അപമാനിക്കുന്ന ' തമാശ'കളും തുടരുമെന്നും അവര്‍ പറഞ്ഞു. 

ജന്‍മം തന്നത് സ്ത്രീയാണെന്നത് പോലും മറന്ന് കൊണ്ടാണ് ഇത്തരമാളുകള്‍ സ്ത്രീകളെ അപമാനിക്കുന്നതെന്നും താരം കുറിപ്പില്‍ വ്യക്തമാക്കി. വര്‍ഷങ്ങളുടെ അനുഭവ പാരമ്പര്യം കൊണ്ടും ലോക പരിചയം കൊണ്ടും പുതിയ തലമുറയ്ക്ക് മാതൃകയാവുന്നതിന് പകരം രാധാരവിയെ പോലുള്ളവര്‍ വില കുറഞ്ഞ പബ്ലിസിറ്റിക്കായി സ്ത്രീ വിദ്വേഷം വിളമ്പി ജനശ്രദ്ധ ആകര്‍ഷിക്കുകയാണെന്നും താരം പറഞ്ഞു.

സുപ്രിം കോടതി വിധി പ്രകാരം വിശാഖ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി രൂപീകരിക്കാന്‍ നടികര്‍സംഘം തയ്യാറാവണമെന്ന ആവശ്യവും അവര്‍ ഉയര്‍ത്തി. രാധാരവിക്കെതിരെ നടപടി സ്വീകരിച്ച ഡിഎംകെ തലവന്‍ സ്റ്റാലിനും പിന്തുണച്ച എല്ലാവര്‍ക്കും താരം നന്ദി അറിയിച്ചിട്ടുണ്ട്.

ഞാന്‍ ചെയ്യുന്ന പ്രൊഫഷണല്‍ വര്‍ക്കുകളാണ് എനിക്ക് പകരം സംസാരിക്കേണ്ടത് എന്ന് വിശ്വസിക്കുന്നതിനാല്‍ സാധാരണയായി പ്രസ്താവനകള്‍ ഇറക്കാറില്ല. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഇത് പുറത്തിറക്കേണ്ടി വരുന്നതാണെന്ന ആമുഖത്തോടെയായിരുന്നു താരത്തിന്റെ കുറിപ്പ്.

നയന്‍താരയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം ഇങ്ങനെ


സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകള്‍ പറയുമ്പോള്‍ തങ്ങള്‍ക്കും ജന്‍മം തന്നത് ഒരു സ്ത്രീയാണെന്ന വസ്തുത രാധാ രവിയെ പോലുള്ളവര്‍ മറക്കരുത്. മനുഷ്യനെന്ന നിലയിലുള്ള വളര്‍ച്ച പാതിവഴിയില്‍ നിലച്ച് പോയ രാധാ രവിയെ പോലുള്ള മനുഷ്യര്‍ സ്ത്രീകളെ ഇകഴ്ത്തിക്കൊണ്ടുള്ള വാക്കുകളില്‍ വലിയ ' പുരുഷത്വം' കണ്ടെത്തുന്നവരാണ് എന്ന് പറയേണ്ടി വരും. ഇത്തരം പുരുഷന്‍മാര്‍ക്കൊപ്പം ജീവിക്കേണ്ടി വരുന്ന സ്ത്രീകളെ ഓര്‍ത്ത് തനിക്ക് വിഷമവും സഹാനുഭൂതിയുമാണ് ഉള്ളത്. ഇങ്ങനെ സ്ത്രീവിരുദ്ധരാവുന്നതിന് പകരം പുതിയ തലമുറയിലുള്ളവര്‍ക്ക് മാതൃകയാവാനാണ് രാധാരവിയെ പോലെ സുദീര്‍ഘമായ അഭിനയ പാരമ്പര്യമുള്ള ഒരാള്‍ ശ്രമിക്കേണ്ടത് എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

വല്ലാത്ത ഒരു കാലത്തിലാണ് സ്ത്രീകള്‍ ജീവിക്കുന്നത്. എന്നിട്ടും സ്വന്തം കഴിവിന്റെ അടിസ്ഥാനത്തില്‍ എല്ലാ രംഗത്തും മുന്‍നിരയിലേക്ക് എത്തുന്നണ്ട്. ബിസിനസ് തകര്‍ന്ന് മറ്റ് ജോലിയില്ലാതെയിരിക്കുമ്പോള്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നതിനായി തരംതാണ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനാണ് രാധാരവിയെ പോലുള്ളവര്‍ ശ്രമിക്കുന്നത്. 

ഇത്രയും സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ട് പോലും ആ സദസ്സില്‍ നിന്ന് രാധാ രവിക്ക് കിട്ടിയ കൈയ്യടിയും പിന്തുണയും അതിഭീകരമാംവിധം ഭയപ്പെടുത്തുന്നതാണ്. ഇത്തരം ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ക്ക് ചിരിച്ചും കൈയ്യടിച്ചും പ്രോത്സാഹിപ്പിക്കാന്‍ കേള്‍വിക്കാരുള്ളിടത്തോളം കാലം രാധാരവിയെ പോലുള്ളവര്‍ പൊതു സദസ്സില്‍ സ്ത്രീ വിരുദ്ധതയും സ്ത്രീകളെ അപഹസിക്കുന്ന ' തമാശ'കളും വിളമ്പിക്കൊണ്ടേയിരിക്കും. രാധാരവിയെ പോലുള്ളവരുടെ വാക്കുകളെ പ്രോത്സാഹിപ്പിക്കരുതെന്ന് എനിക്കേറ്റം പ്രിയപ്പട്ട ആരാധകരോടും പൗരബോധമുള്ളവരോടും അഭ്യര്‍ത്ഥിക്കുകയാണ്.

രാധാരവി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അതിലുപരിയായി എനിക്കുമെതിരെ നടത്തിയ അപമാനകരമായ പ്രസംഗത്തെ അതിശക്തമായി അപലപിക്കുന്നു. അപമാനകരമായ പ്രസ്താവന നടത്തിയ രാധാരവിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഡിഎംകെ കാണിച്ച ധൈര്യത്തിന് നേതാവ് എം കെ സ്റ്റാലിനോട് പ്രത്യേക നന്ദി അറിയിക്കുന്നു.

തമിഴ്മക്കളുടെ വാത്സല്യവും സ്‌നേഹവും അനുഭവിക്കാനും മികച്ച ചിത്രങ്ങളും അവസരങ്ങളും ലഭിക്കാനും ദൈവം അനുഗ്രഹിച്ചു. പ്രൊഫഷണലായുള്ള എന്റെ ശ്രമങ്ങള്‍ക്ക് , നല്ല അഭിനയത്തിന് തമിഴ്‌നാട് പ്രോത്സാഹനം നല്‍കി. രാധാരവിയെ പോലുള്ളവര്‍ ഉയര്‍ത്തുന്ന അടിസ്ഥാനരഹിതമായ എല്ലാ ആരോപണങ്ങളും അവിടെ നില്‍ക്കുമ്പോള്‍ തന്നെ ഇനിയും സീതയായും, പ്രേതമായും, ദേവതയായും സുഹൃത്തും ഭാര്യയും കാമുകിയും അങ്ങനെ എല്ലാ റോളുകളിലും അഭിനയം തുടരാന്‍ തന്നെയാണ് എന്റെ തീരുമാനം. ആരാധകരെ പരമാവധി രസിപ്പിക്കുക തന്നെയാണ് ലക്ഷ്യം.

സുപ്രിം കോടതി വിധി പ്രകാരം വിശാഖ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി രൂപീകരിക്കാന്‍ നടികര്‍സംഘം തയ്യാറാണോ എന്ന ഒരു ചോദ്യം ഈ അവസരത്തില്‍ ചോദിക്കാന്‍  ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. 

ഇത്തരമൊരു സാഹചര്യത്തിലും പിന്തുണയുമായി ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി പറയുന്നു. ദൈവത്തിന്റെയും നിങ്ങളുടെയും അകമഴിഞ്ഞ സ്‌നേഹത്തിന്റെ പിന്‍ബലത്തില്‍ വീണ്ടും അഭിനയത്തിലേക്ക് മടങ്ങുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com