ബോളിവുഡ് നടി ജിയാ ഖാന്റെ മരണത്തിൽ നടൻ സൽമാൻ ഖാനെതിരെ ഗുരുതരമായ ആരോപണവുമായി നടിയുടെ അമ്മ റാബിയാ ഖാൻ രംഗത്ത്. ജിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിസ്ഥാനത്തുനിന്ന സൂരജ് പഞ്ചാളിയെ സംരക്ഷിക്കാൻ സൽമാൻ ഖാൻ ഇടപെടൽ നടത്തി എന്നാണ് അമ്മ പറയുന്നത്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തോടെ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായതിന് പിന്നാലെയാണ് തുറന്നു പറച്ചിൽ.
'ജിയയുടെ മരണത്തിന് രണ്ട് വർഷങ്ങൾക്ക് ശേഷം ഒരു സിബിഐ ഓഫീസറെ ഞാൻ ലണ്ടനിൽ വച്ചു കാണാൻ ഇടയായി. അദ്ദേഹം എന്നോട് പറഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. കേസുമായി ബന്ധപ്പെട്ട് സൽമാൻ ഖാൻ അദ്ദേഹത്തെ എന്നും വിളിക്കാറുണ്ടായിരുന്നു. സൂരജിന്റെ സിനിമയ്ക്കായി താൻ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ പോലീസ് അയാളെ തൊടരുതെന്നായിരുന്നു സൽമാന്റെ ആവശ്യം. കേസുമായി ബന്ധപ്പെട്ട് സൂരജിനെ ചോദ്യം ചെയ്യരുതെന്നും മാനസികമായി വിഷമിപ്പിക്കരുതെന്നും സൽമാൻ അദ്ദേഹത്തോട് പറഞ്ഞു.- റാബിയ വ്യക്തമാക്കി. 2015 ലാണ് ഈ സംഭവമുണ്ടാകുന്നത്. ഇനിയെങ്കിലും ബോളിവുഡ് ഉണർന്ന് പ്രവർത്തിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
സൽമാൻ ഖാനാണ് സൂരജ് പഞ്ചോളിയെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. താരം നിർമിച്ച ഹീറോയിലാണ് സൂരജ് നായകനായി എത്തുന്നത്. 2015ലായിരുന്നു സിനിമ റിലീസ് ചെയ്തത്. 2013 ലാണ് ജിയയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. ജിയാഖാന്‍ എഴുതിയ ആറുപേജുള്ള ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. പ്രണയം നടിച്ച് വഞ്ചിച്ചു എന്നായിരുന്നു ആരോപണം. സൂരജ് കാരണം ഗർഭച്ഛിദ്രം നടത്തേണ്ടിവന്നെന്നും കുറിപ്പിൽ പറഞ്ഞിരുന്നു. തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സൂരജ് പഞ്ചോളിയെ പോലീസ് അറസ്റ്റുചെയ്തിരുന്നു. നടി സെറീന വഹാബിന്റെയും നിർമാതാവ് ആദിത്യ പഞ്ചോളിയുടെയും മകനാണ് സൂരജ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates