

ദുബൈ: യുഎയിൽ നമ്മൾ കുടിക്കുന്ന സോഫ്റ്റ് ഡ്രിങ്ക്സ് അടക്കമുള്ള പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് അനുസരിച്ചാകും ഇനി പണം നൽകേണ്ടി വരുക. പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് അനുസരിച്ച് 50% നികുതി ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ഇതോടെ പല പാനീയങ്ങളുടെയും വിലയിൽ വൻ വർദ്ധനവ് ഉണ്ടാകും. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആണ് പുതിയ നികുതി രീതി നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഫെഡറൽ ടാക്സ് അതോറിറ്റി വെള്ളിയാഴ്ച പുറത്തിറക്കി.
പുതിയ നികുതി 2026 മുതൽ നടപ്പിലാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. നിലവിൽ, സോഡ, എനർജി ഡ്രിങ്ക്, പൗഡർ മിക്സ് ഉൾപ്പെടെയുള്ള മധുര പാനീയങ്ങൾക്ക് 50% നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇനി മുതൽ ഓരോ 100 മില്ലി ലിറ്ററിലും എത്ര പഞ്ചസാര അടങ്ങിയിരിക്കുന്നു എന്നത് അടിസ്ഥാനമാക്കിയാകും നികുതി നിശ്ചയിക്കുക. കൂടുതൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് കൂടുതൽ നികുതിയും, കുറഞ്ഞ പഞ്ചസാര അടങ്ങിയിട്ടുള്ളവയ്ക്ക് കുറഞ്ഞ നികുതിയുമാകും ഇനി ഏർപ്പെടുത്തുക.
പഞ്ചസാരയുടെ അളവ് കുറച്ചു പാനീയങ്ങൾ പുറത്തിറക്കാനുള്ള സാവകാശം ഉൽപാദകർക്ക് നൽകാനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നേരത്തെ നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നടത്തുന്ന ഈ നീക്കത്തിലൂടെ ആരോഗ്യകരമായ പാനീയങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. പുകയില ഉൽപന്നങ്ങൾക്കും ,കാർബണേറ്റഡ് - എനർജി പാനീയങ്ങൾക്കും 2017 മുതൽ യു എ ഇയിൽ എക്‌സൈസ് തീരുവ ഏർപ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates