അബുദാബി: വില്ലകളും ഫ്ലാറ്റുകളും വേർതിരിച്ച് അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താൻ പരിശോധന ആരംഭിച്ച് അബുദാബി അധികൃതർ. പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആണ് നടപടി. വില്ലകള്‍ അനധികൃതമായി വിഭജിച്ച് അനുവദനീയമായതില്‍ കൂടുതൽ ആളുകൾ താമസിക്കുന്നത് കണ്ടെത്തിയതോടെയാണ് നഗര, ഗതാഗത വകുപ്പിന്‍റെ നേതൃത്വത്തിൽ മുഴുവൻ സ്ഥലങ്ങളിലും പരിശോധന ആരംഭിച്ചത്. നിയമ ലംഘനം കണ്ടത്തിയ പല വില്ലകളുടെയും ഉടമകൾക്ക് അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്.
ഇതോടെ കുറഞ്ഞ ചെലവിൽ റൂമുകളിൽ താമസിച്ചു വന്നിരുന്ന പ്രവാസികൾ ഇനി എങ്ങോട്ട് പോകുമെന്ന ആശങ്കയിലാണ്. ജോലിസ്ഥലത്തേക്കുള്ള ദൂരം, വരുമാനം ഇതൊക്കെ പരിഗണിച്ചാണ് പലരും തൊട്ടടുത്ത് ലഭിക്കുന്ന ഇത്തരം ബെഡ് സ്പേസുകൾ തെരഞ്ഞെടുത്തത്. ഉയർന്ന വരുമാനം ഇല്ലാത്ത ആർക്കും അബുദാബിയിൽ ഒരു റൂം എടുത്തു താമസിക്കാൻ കഴിയില്ലെന്നും പ്രവാസികൾ പറയുന്നു.
അതേസമയം, കുറഞ്ഞ വരുമാനക്കാരായ ആളുകൾക്ക് ചെലവ് കുറഞ്ഞ രീതിയിൽ താമസിക്കാൻ കഴിയുന്ന തരത്തിലുള്ള വീടുകൾ ലഭ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങൾ സ്വീകരിച്ചു വരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അബുദാബിയിലെ ജനസംഖ്യ ഉയരുന്നത് കണക്കിലെടുത്ത് മികച്ച താമസ സ്ഥലങ്ങൾ ഒരുക്കാൻ ഉള്ള ശ്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് നഗര, ഗതാഗത വകുപ്പ് ഉപദേഷ്ടാവ് മുഹമ്മദ് അല്‍മസാസ്മി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates