മനാമ: സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിയമം കൂടുതൽ കർശനമാക്കാനൊരുങ്ങി ബഹ്‌റൈൻ. ലൈസൻസില്ലാതെ സാമ്പത്തിക,ബാങ്കിങ്, ഇൻഷുറൻസ്, ബ്രോക്കറേജ് സേവനങ്ങൾ നടത്തുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും. ഇത് സംബന്ധിച്ചുള്ള പുതിയ കരട് നിയമം നിയമനിർമാണ സഭയ്ക്ക് ബഹ്‌റൈൻ സർക്കാർ കൈമാറി.
നിലവിലുള്ള നിയമം അനുസരിച്ച് ഈ കുറ്റകൃത്യങ്ങളിൽ പിടിക്കപെടുന്നവർക്ക് പിഴ ശിക്ഷ മാത്രമാണ് ഉള്ളത്. പുതിയ നിയമത്തിന് അംഗീകാരം ലഭിക്കുന്നതോടെ ജയിൽ ശിക്ഷയും പ്രതികൾക്ക് ലഭിക്കും. സാമ്പത്തിക സേവനങ്ങൾ നൽകുന്നവർക്ക് സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈന്റെ (സി ബി ബി) ലൈസൻസ് നിർബന്ധമാണ്.
ലൈസൻസ് ഇല്ലാതെ നടത്തുന്ന എല്ലാത്തരം സേവനങ്ങളും കുറ്റകരമാണ്. കുറ്റവാളികൾക്ക് ജയിൽശിക്ഷയോ അല്ലെങ്കിൽ 10 ലക്ഷം ബഹ്‌റൈൻ ദിനാറിൽ കവിയാത്ത പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്താൻ ആണ് കരട് നിയമത്തിലെ വ്യവസ്ഥ.
സി ബി ബിയുടെ ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ ബാങ്ക്,ഇൻഷുറൻസ്, റീ-ഇൻഷുറൻസ് എന്ന വാക്കോ അതിന് സമാനമായ മറ്റു വാക്കുകളോ ഉപയോഗിക്കാൻ പാടില്ല. വ്യാപാര സ്ഥാപനങ്ങളുടെ വിലാസങ്ങളിലും ഇൻവോയ്സുകളിലും ഈ വാക്കുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. പുതിയ നിയമത്തിലൂടെ ലൈസൻസില്ലാത്ത സ്ഥാപനങ്ങളെ നിയന്ത്രിക്കാനായി കൂടുതൽ അധികാരം സി ബി ബിക്ക് ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates