മനാമ: ഗതാഗത നിയമത്തിൽ ഭേദഗതി വരുത്താനുള്ള പ്രമേയം ബഹ്റൈൻ പാർലമെന്റിൽ അവതരിപ്പിച്ചു. ഇതേ പ്രമേയത്തെ ആദ്യ ഘട്ടത്തിൽ സർക്കാരും ശൂറ കൗൺസിലും ശക്തമായി എതിർത്തിരുന്നു. എന്നാൽ ഭേദഗതിക്ക് രണ്ടാമതും അംഗീകാരം നൽകാനുള്ള നീക്കമാണ് പാർലമെന്റിൽ എം പിമാർ നടത്തുന്നത്.
ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 56 പ്രകാരം പിഴ അടയ്ക്കുന്നതിന് ഏഴ് ദിവസമാണ് സമയ പരിധി അനുവദിച്ചിരിക്കുന്നത്. എന്നാൽ ഇത് അപര്യാപ്തമാണെന്ന് പ്രമേയത്തിലൂടെ എംപിമാർ പറയുന്നു. നിയമലംഘകർക്ക് കുറഞ്ഞ പിഴയുടെ പകുതി തുക മാത്രം അടച്ച ശേഷം ഒത്തുതീർപ്പ് വഴി ബാക്കി തുക അടയ്ക്കാൻ അനുമതി നൽകണമെന്നാണ് പ്രമേയത്തിലെ പ്രധാന നിർദേശം.
ഒത്തുതീർപ്പ് വാഗ്ദാനം ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ ബാക്കി തുക അടയ്ക്കാൻ നിയമലംഘകർക്ക് സമയം ലഭിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകളും വർധിച്ചുവരുന്ന വിലക്കയറ്റവും പരിഗണിച്ചു സമയം നീട്ടി നൽകുന്നത് പൗരന്മാർക്ക് വലിയ ആശ്വാസമാകുമെന്നും എംപിമാർ പറഞ്ഞു.
നിയമലംഘകർക്ക് കോടതിക്ക് പുറത്ത് കേസ് തീർപ്പാക്കാൻ പ്രോത്സാഹിപ്പിക്കും. ഇത് ട്രാഫിക് കോടതികളിലെ കേസുകളുടെ എണ്ണം കുറയ്ക്കുകയും കോടതികളുടെ ജോലിഭാരം ലഘൂകരിക്കുകയും ചെയ്യുമെന്നും എംപി മാർ പറഞ്ഞു. എന്നാൽ ഈ പ്രമേയത്തെ പിന്തുണയ്ക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്ന് സർക്കാർ പാർലമെന്റിനെ അറിയിച്ചു.
ഭേദഗതി, ഗതാഗത നിയമത്തെ ദുർബലപ്പെടുത്തുമെന്നാണ് സർക്കാർ നിലപാട് . പൊതുസുരക്ഷയും ഡ്രൈവർമാർക്കിടയിലെ അച്ചടക്കവും ഉറപ്പാക്കാൻ വേണ്ടിയാണു കർശനമായ നിയമങ്ങൾ നടപ്പിലാക്കുന്നത്. ഇളവ് അനുവദിച്ചാൽ അത് തിരിച്ചടി ആകുമെന്നാണ് സർക്കാർ വാദം. എംപിമാർ സമർപ്പിച്ച പ്രമേയത്തിൽ പാർലമെന്റിന്റെ അടുത്ത സാധാരണ സെഷനിൽ വോട്ടെടുപ്പ് നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates