ദുബൈ: ഇന്ത്യൻ യുവതിയുടെ വയറ്റിൽ നിന്നും 14.5 കിലോ ഗ്രാം ഭാരമുള്ള മുഴ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. വളരെ സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ദുബൈയിലുള്ള സ്വകര്യ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. ഇതോടെ യുവതിയുടെ ഭാരം 75 കിലോയിൽ നിന്ന് 60 ആയി കുറഞ്ഞു.
30 വയസുള്ള ഇന്ത്യൻ യുവതി വണ്ണം കുറയ്ക്കാനായി വിവിധ തരത്തിലുള്ള മാർഗങ്ങൾ സ്വീകരിച്ചു വരിക ആയിരുന്നു. അതിനിടെയാണ് യുവതിയുടെ വയർ ദിവസേന വലുതായി വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ യുവതി ഇത് കാര്യമാക്കിയില്ല. 2022 ൽ ഇവർ നടത്തിയ സ്കാനിങ്ങിൽ വയറിൽ എന്തോ വളരുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു.
എന്നാൽ അത് എന്തെങ്കിലും തരത്തിലുള്ള സ്കാനിങ്ങിലെ പിഴവാണ് എന്ന് കരുതി അവർ തുടർ പരിശോധന നടത്തിയില്ല. ഒടുവിൽ ശ്വാസ തടസ്സമടക്കുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതോടെയാണ് ഇവർ ഡോക്ടറെ സമീപിച്ചത്.
തുടർന്ന് ഡോക്ടർമാർ സ്കാനിംഗ് നടത്താൻ തീരുമാനിച്ചു. ആദ്യം നടത്തിയ സ്കാനിങ്ങിൽ 37 സെന്റി മീറ്റർ വലിപ്പമുള്ള വയർ മുഴുവൻ വ്യാപിച്ചു കിടക്കുന്ന തരത്തിലുള്ള മുഴ കണ്ടെത്തി. വിശദമായി പരിശോധിക്കാനായി എം ആർ ഐ സ്കാനിങ് നടത്തി. അതിലൂടെ ഇതൊരു പാരാഓവറിയൻ ട്യൂമർ (paraovarian tumour) ആണെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്തു. ഇതേതുടർന്ന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചു.
പക്ഷെ, ഡോക്ടർമാർക്ക് മുന്നിൽ വലിയ ചില വെല്ലുവിളികൾ ഉണ്ടായിരുന്നു. മുഴ വയറ്റിനുള്ളിൽ വെച്ചു പൊട്ടിയാൽ അതുനുള്ളിൽ കാൻസർ ഉണ്ടെങ്കിൽ വയറ്റിൽ വ്യാപിക്കാനുള്ള സാധ്യതയുണ്ട് എന്ന് ഡോക്ടർമാർ വിലയിരുത്തി. അത് കൊണ്ട് ശാസ്ത്രക്രിയക്കായി പ്രത്യേക മുൻകരുതലുകൾ ഡോക്ടർമാർ സ്വീകരിച്ചിരുന്നു. എന്നാൽ ഈ മുഴ മറ്റൊരു അവയവത്തോടും ചേർന്ന് ആയിരുന്നില്ല ഉണ്ടായിരുന്നത്. അതിനാൽ ശസ്ത്രക്രിയ കൂടുതൽ സുരക്ഷിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതായി ഡോക്ടർമാർ അറിയിച്ചു.
ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് ദിവസം യുവതിയെ നിരീക്ഷത്തിൽ വെച്ചിരുന്നു. ആരോഗ്യവതിയാണെന്ന് ഡോക്ടർമാർക്ക് ബോധ്യപ്പെട്ടതോടെ ഇവരെ ഡിസ്ചാർജ് ചെയ്തു. വയറ്റിൽ നിന്ന് മുഴ നീക്കിയതിലൂടെ തനിക്ക് വലിയ ആശ്വാസമായെന്നും ഇപ്പോൾ പഴയത് പോലെ ശ്വസിക്കാൻ ആകുന്നുണ്ടെന്നും യുവതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
