

മലയാളികളുടെ ഓണം ഗംഭീരമായി ആഘോഷിച്ച് ദുബൈ. ഓണദിനത്തിന് ഒപ്പം ഗൾഫ് രാജ്യങ്ങളിലും നബിദിനവുമായി ബന്ധപ്പെട്ട അവധി ദിവസങ്ങൾ വന്നതിനാൽ അവിടങ്ങളിലും ആഘോഷം സജീവമായി. മലയാളികൾ മാത്രമല്ല, മറ്റ് രാജ്യക്കാരെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരും പങ്കെടുത്ത ഓണാഘോഷങ്ങൾ നടക്കുന്നുണ്ട്. ഏറ്റവും പ്രധാനമായും ഓണഘോഷങ്ങൾ നടക്കുന്നത് യു എ ഇയിലാണ്.
ഓണഘോഷവുമായി ബന്ധപ്പെട്ട് യു എ ഇയിലെ ഹോട്ടലുകൾ ഓണസദ്യ ഒരുക്കുന്ന തിരിക്കിലാണ്. പ്രധാനപ്പെട്ട ഹോട്ടലുകൾ, മലയാളി ഹോട്ടലുകൾ മാത്രമല്ല, അല്ലാത്തവരും ഓണസദ്യയുമായി മലയാളിയുടെ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബ്ലൂ ഓഷൻ കോർപ്പറേഷൻ സംഘടിപ്പിച്ച ഓണാഘോഷത്തിൽ, എമിറേറ്റികൾ, ഈജിപ്തുകാർ, നേപ്പാളുകാർ, അൾജീരിയക്കാർ, ഫിലിപ്പിനോകൾ, സിറിയക്കാർ, ടുണീഷ്യക്കാർ, പലസ്തീനികൾ തുടങ്ങി 18 ദേശീയതകളുടെ സംഗമസ്ഥലമായി ഫെസ്റ്റിവൽ മാറി. ഓരോ ഗ്രൂപ്പും അവരുടെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച്, അവരുടെ മാതൃരാജ്യത്തെ പ്രതിനിധീകരിക്കുന്ന പാട്ടുകൾ, നൃത്തങ്ങൾ, ഫാഷൻ ഷോകൾ എന്നിവയുമായാണ് അഘോഷത്തിനെത്തിയത്.
ഓണാഘോഷം ലോകത്തെ വിവിധ സാംസ്കാരിക പാരമ്പര്യങ്ങളുടെ സംഗമസ്ഥാനമായി മാറി. അൾജീരിയൻ സംഗീതവുമായാണ് ഓണാഘോഷത്തിന് ആരംഭം കുറിച്ചത്. പലസ്തീനിൽ നിന്നുള്ള പാട്ടും നേപ്പാളിൽ നിന്നുള്ള ഗിത്താർ സംഗീതവുമൊക്കെ ഒന്നായൊഴുകി ഓണഘോഷത്തിൽ ലയിച്ചു ചേർന്നു.
വിവിധ ഹോട്ടലുകളാണ് ഓണ സദ്യ ഒരുക്കുന്നത്. ദുബൈയിലെ കാലിക്കറ്റ് നോട്ട്ബുക്ക്, കാലിക്കറ്റ് പാരഗൺ, ഇന്ത്യൻ കോഫി ഹൗസ്, പഞ്ചാബ് ഗ്രിൽ,അമൽ, കഥക് തുടങ്ങി വിവിധ ഹോട്ടലുകൾ മലയാളികൾക്കായി ഓണസദ്യ ഒരുക്കുന്നുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ ആറ് സ്ഥാപനങ്ങളിലൂടെ വെള്ളിയാഴ്ച മാത്രം 25,000 ഓണസദ്യ നൽകുമെന്നാണ് കാലിക്കറ്റ് നോട്ട് ബുക്കിന്റെ മാനേജിങ് ഡയറക്ടർ സതീഷ് കുമാറിന് ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച അവധി ദിവസമാണ് തിരുവോണം. അതുകൊണ്ട് തന്നെ അന്ന് ഇത്രയും ആളുകൾ വരുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
കോർപ്പറേറ്റ്, ഇവന്റ് ഓർഡറുകൾ കൂടി ഏറ്റെടുക്കുന്ന ഈ റെസ്റ്റോറന്റ്, സീസണിൽ ഒരു ലക്ഷത്തിലധികം ഓണസദ്യകൾ വിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. "ദുബായിൽ, ഓണം സീസൺ കുറഞ്ഞത് മുഴുവൻ മാസമെങ്കിലും തുടരും," "ഈ മാസത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളിൽ ഞങ്ങൾക്ക് ഇതിനകം നിരവധി ബുക്കിങ്ങുകൾ ഉണ്ട്, അതിനാൽ നല്ലൊരു വിൽപ്പന ഞങ്ങൾ പ്രതീക്ഷിക്കുന്നു." എന്ന് അദ്ദേഹം ഖലീജ് ടൈംസിനോട് പറഞ്ഞു.
കരാമയിലെ ലല്ലുമ്മ റെസ്റ്റോറന്റിൽ ഈ ആഴ്ച 5,000 പേരെങ്കിലും സദ്യ കഴിക്കാനെത്തുമെന്ന പ്രതീക്ഷിക്കുന്നു. ഇന്ന് 800 പേർക്കാണ് സദ്യ നൽകിയതെന്ന് റെസ്റ്റോറന്റ് സ്ഥാപകരിലൊരാളായ അനീസ് ഫരീദ് പറഞ്ഞു. ഞായറാഴ്ച ഓണസദ്യക്ക് വളരെ കുറച്ച് സീറ്റുകൾ മാത്രമേ ബാക്കിയുള്ളൂ. മറ്റെല്ലാം ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates