റിയാദ്: സൗദിയിലെ പ്രമുഖ എഴുത്തുകാരനും ഹദീസ് പണ്ഡിതനുമായ ഡോ. അബ്ദുൽ മാലിക് ഖാദിയെ വധിച്ച കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഈജിപ്ഷ്യൻ പൗരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് അതിവേഗം വിചാരണ നടപടികൾ ആരംഭിച്ചു. തെളിവുകൾ അടക്കമുള്ള രേഖകൾ പൊലീസ് കോടതിയിൽ സമർപ്പിച്ചു. ഇത് പരിശോധിച്ച കോടതി വിശദമായ വാദം കേൾക്കുകയും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് കോടതി പ്രതിയെ വധ ശിക്ഷക്ക് വിധിച്ചു. സംഭവം നടന്ന 42ാം ദിവസം പ്രതിയുടെ വധ ശിക്ഷ നടപ്പാക്കുകയും ചെയ്തു.
സൗദിയിലെ ദഹ്റാനിലുള്ള വീട്ടിൽ ഭാര്യയോടൊപ്പം താമസിച്ചു വരുകയായിരുന്നു 80 വയസുകാരനായ ഡോ. അബ്ദുൽ മാലിക് ഖാദി. ഇദ്ദേഹത്തിന്റെ വീടിന് സമീപത്തുള്ള സൂപ്പർമാർക്കറ്റിലെ ഡെലിവറി ജീവനക്കാരനായിരുന്നു പ്രതിയായ ഈജിപ്ഷ്യൻ പൗരൻ മഹ്മൂദ് അൽ മുൻതസിർ അഹ്മദ് യൂസുഫ്.
ജീവനക്കാരനെന്ന നിലയിൽ പ്രൊഫസറും പ്രതിയും തമ്മിൽ അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. വീട്ടിൽ ഇരുവരും മാത്രമേയുള്ളു എന്ന് മനസിലാക്കിയ പ്രതി മോഷണത്തിനായി നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു.
സംഭവം ദിവസം ഇയാൾ വീട്ടിലെത്തുകയും പ്രൊഫസറെ 16 തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം തടയാൻ എത്തിയ പ്രൊഫസറുടെ ഭാര്യ അദ്‌ല ബിന്ത് ഹമീദ് മർദിനിയെ പ്രതി അതിക്രൂരമായി മർദിക്കുകയും മരിച്ചു എന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകത്തിന് 3,000 റിയാലും പ്രതി ഈ വീട്ടിൽ നിന്നും മോഷ്ടിച്ചിരുന്നു
ഗുരുതരമായി പരിക്കേറ്റ പ്രൊഫസറുടെ ഭാര്യ 42 ദിവസമായി ദമ്മാമിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവർ അപകടനില തരണം ചെയ്തിട്ടില്ല.
നിരപരാധികളെ ആക്രമിക്കുക, അവരുടെ രക്തം വീഴ്ത്തുക, സ്വത്ത് മോഷ്ടിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതി ചെയ്തത്. പൗരന്മാർക്ക് സുരക്ഷിതമായി ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കാൻ ധൈര്യപ്പെടുന്ന ഏതൊരാൾക്കും ഈ ശിക്ഷ ഒരു പാഠമാണെന്നും വിധിയിൽ പറയുന്നു.
കിങ് ഫഹദ് സർവകലാശാലയിലെ ഇസ്ലാമിക പഠന വകുപ്പിൽ പ്രഫസറും മേധാവിയുമായിരുന്നു ഖാദി. ജോലിയിൽനിന്ന് വിരമിച്ചതിനുശേഷം അദ്ദേഹം‘ദ എൻസൈക്ലോപീഡിയ ഓഫ് പ്രോഫെറ്റിക് ഹദീസ്’, ‘ദ ഓതേഴ്സ് ഓൺ ദ സുന്നത്ത് ആൻഡ് ബയോഗ്രഫി’ എന്നീ വിജ്ഞാനകോശ പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിരുന്നു.
രാജ്യത്ത് ഏറെ അറിയപ്പെടുന്ന ഒരു പണ്ഡിതനായിരുന്ന ഡോ. അബ്ദുൽ മാലിക് ഖാദിയുടെ കൊലപാതകം സൗദിയിൽ വലിയ ഞെട്ടൽ ഉണ്ടാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates