കുവൈത്ത് സിറ്റി: ഫർവാനിയയിൽ അനധികൃതമായി പ്രവർത്തിച്ചു വന്നിരുന്ന സ്വകാര്യ ക്ലിനിക്ക് പൂട്ടിച്ചു കുവൈത്ത് പൊലീസ്. ക്ലിനിക്കുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വന്നിരുന്ന നാല് ഇന്ത്യക്കാരടക്കം എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു. പ്രതികളെ തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുവൈത്ത് പൊലീസ് ഫർവാനിയയിൽ പരിശോധന നടത്തിയത്. ഒരു സ്വകാര്യ വസതിക്കുള്ളിൽ അനുമതിയില്ലാതെയാണ് ക്ലിനിക്ക് പ്രവർത്തിച്ചിരുന്നത്. ഇവിടെ പൊലീസ് വിശദമായി പരിശോധന നടത്തി. ഒരു ഡോക്ടറും വിവിധ ഇടങ്ങളിൽ നിന്ന് മരുന്ന് എത്തിക്കുന്ന മൂന്ന് ബംഗ്ലാദേശി പൗരന്മാരെയുമാണ് പൊലീസ് ആദ്യ ഘട്ടത്തിൽ അറസ്റ്റ് ചെയ്തത്.
ഈ കേസിൽ കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ഒരു സർക്കാർ ആരോഗ്യകേന്ദ്രത്തിൽ നിന്ന് മോഷ്ടിച്ച മരുന്നാണ് ഇവിടെ വിതരണം ചെയ്യുന്നത് എന്ന് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഒരു സർക്കാർ ജീവനക്കാരനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ക്ലിനിക്കുകളിൽ ചികിത്സ നൽകുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണ്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെതിരെ കർശന നടപടി തുടരും.
പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുക തന്നെയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates