

ദുബൈ: ആപ്പിളിന്റെ പുതിയ ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് ഫോണുകളുടെ വില്‍പന യുഎഇയില്‍ ആരംഭിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ ഒഴുക്ക്. വിമാന ടിക്കറ്റ് നിരക്കും വിസ ചെലവും കൂട്ടിയാലും ഗള്‍ഫില്‍ നിന്ന് ഐഫോണ്‍ വാങ്ങുന്നത് ലാഭമാണെന്നതുകൊണ്ടാണ് ഇന്ത്യക്കാര്‍ യുഎഇയിലേക്ക് വണ്ടി കയറുന്നത്.
കുടുംബാംഗങ്ങള്‍ക്കായി ഒന്നിലേറെ ഫോണുകള്‍ വാങ്ങുന്നവര്‍ക്കാണ് ഈ വില വ്യത്യാസം ഏറെ പ്രയോജനപ്പെടുന്നത്. യുഎഇയില്‍ ഐഫോണ്‍ 18 പ്രോയ്ക്ക് 5,099 ദിര്‍ഹവും പ്രോ മാക്‌സിന് 5,499 ദിര്‍ഹവുമാണ് ആരംഭ വില. ഇന്ത്യയില്‍ ഇവയുടെ വില യഥാക്രമം 1,64,900 രൂപയും 1,79,900 രൂപയുമാണ്.
ഇന്ത്യയിലെ ഉയര്‍ന്ന നികുതി കാരണം യുഎഇയില്‍ നിന്ന് ഫോണ്‍ വാങ്ങുന്നത് ഇപ്പോഴും ലാഭകരമാണെന്നാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. വിമാന ടിക്കറ്റ് നിരക്കും വിസ ചെലവും കൂട്ടിയാലും ഇന്ത്യയേക്കാള്‍ 30,000 രൂപ മുതല്‍ 60,000 രൂപ വരെ ലാഭം ലഭിക്കുമെന്നും ഇവര്‍ പറയുന്നു.
രാജ്യത്ത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ആവശ്യക്കാരുടെ തിരക്ക് ഏറെ കുറവായിരുന്നു. മുന്‍പ് പുതിയ മോഡലുകള്‍ എത്തുമ്പോള്‍ കണ്ടിരുന്ന വന്‍ ജനത്തിരക്കോ നീണ്ട നിരയോ ഇത്തവണ അനുഭവപ്പെട്ടില്ല. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് കടകളില്‍ നിന്ന് നേരിട്ട് ഫോണ്‍ നല്‍കിയത്.
ഐഫോണ്‍ 18 എത്തിയെങ്കിലും ആപ്പിളിന്റെ മടക്കാവുന്ന ആദ്യത്തെ ഫോണായ 'ഐഫോണ്‍ ഡ്യുവോയ്ക്കായി കാത്തിരിക്കുകയാണ് ഉപയോക്താക്കള്‍. ഫോണിന്റെ ബുക്കിങ് അടുത്ത മാസം 16ന് ആരംഭിക്കും. 23 മുതല്‍ വിപണിയിലെത്തും. ഇതിന് 8,499 ദിര്‍ഹമാണ് പ്രതീക്ഷിക്കുന്ന പ്രാരംഭവില.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates