

എൻ. ആർ. ഐ കമ്മീഷന്റെ മേഖലാതല അദാലത്തുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. ജസ്റ്റിസ് (റിട്ട) സോഫി തോമസ് ചെയർപേഴ്സണായ പുനഃസംഘടിപ്പിക്കപ്പെട്ട പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ ആദ്യ യോഗത്തിലാണ് തീരുമാനം. 2015ൽ സംസ്ഥാനത്ത് രൂപീകരിച്ച അർദ്ധ ജുഡീഷ്യൽ സംവിധാനമാണ് എൻ ആർ ഐ കമ്മീഷൻ
പ്രവാസി മലയാളികളുടെയും അവരുടെ കുടുംബത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുക, പ്രവാസി കേരളീയരുടെ കേരളത്തിലുള്ള സ്വത്തുക്കൾക്കും നിക്ഷേപങ്ങള്‍ക്കും സംരക്ഷണം ഉറപ്പാക്കുക, അനധികൃത വിദേശ തൊഴില്‍ റിക്രൂട്ട്മെന്റുകളിന്‍ മേല്‍ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് കമ്മീഷന്റെ പ്രധാന ചുമതലകള്‍. പ്രവാസികളുടെ പരാതികളിന്മേലും ചില സന്ദര്‍ഭങ്ങളില്‍ സ്വമേധയായും കമ്മീഷന്‍ ഇടപെടാനാകും.
പരാതികള്‍ പരിഗണിക്കുവാന്‍ കമ്മീഷന്‍ നിശ്ചിത ഇടവേളകളില്‍ സംസ്ഥാനത്തുടനീളം സിറ്റിങ്ങുകളും/അദാലത്തുകളും നടത്തി പരാതികളിൽ നടപടി സ്വീകരിക്കും.
പുനഃസംഘടിപ്പിച്ച ആറംഗ പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷനിൽ ജസ്റ്റിസ് (റിട്ട) സോഫി തോമസ്സ് ആണ് അധ്യക്ഷ. പി.എം ജാബിർ, ഡോ. മാത്യൂസ്.കെ.ലൂക്കോസ്, എം.എം നയീം, ജോസഫ് ദേവസ്യ പൊൻമാങ്കൽ, എൻ.ആർ.ഐ (കെ) കമ്മീഷൻ സെക്രട്ടറി ജയറാം കുമാർ ആർ എന്നിവരാണ് അംഗങ്ങൾ.
ചെയർപേഴ്സൺ ജസ്റ്റിസ് (റിട്ട) സോഫി തോമസ്സ് 2021 മുതൽ 2025 ഫെബ്രുവരി വരെ കേരള ഹൈക്കോടതി ജസ്റ്റിസായിരുന്നു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിനിയാണ്.
തിരുവനന്തപുരത്ത് യോഗത്തോടനുബന്ധിച്ചു നടന്ന അദാലത്തിൽ 12 പരാതികൾ പരിഗണിച്ചു. റിക്രൂട്ട്മെന്റ്-വിസാ തട്ടിപ്പുകൾ, ഫണ്ട് തിരിമറി, അതിർത്തി തർക്കം, ആനുകൂല്യം നിഷേധിക്കൽ, ബിസിനസ് തർക്കം, കുടുംബ തർക്കം, ഉപേക്ഷിക്കൽ തുടങ്ങിയ പരാതികളാണ് കമ്മീഷന് മുന്നിലെത്തിയത്. അടുത്ത അദാലത്ത് എറണാകുളം കലക്ടറേറ്റിൽ സെപ്റ്റംബർ 16 ന് രാവിലെ പത്ത് മണിക്ക് നടക്കും.
പ്രവാസികളുടെ സ്വത്തിനെയും ജീവനെയും സംബന്ധിക്കുന്ന ഏതു വിഷയവും അർദ്ധ ജുഡീഷ്യൽ രീതിയിൽ പ്രവർത്തിക്കുന്ന പ്രവാസി കമ്മീഷൻ മുമ്പാകെ ഉന്നയിക്കാം.
ചെയർ പേഴ്സൺ, എൻ ആർ ഐ കമ്മീഷൻ (കേരള), നോർക്കാ സെന്റർ, തൈക്കാട്, തിരുവനന്തപുരം 695014 എന്ന വിലാസത്തിലോ secycomns.nri@kerala.gov.in ലോ പരാതികൾ അറിയിക്കാം.
കമ്മീഷൻ അംഗങ്ങളായ പി.എം ജാബിർ, എം.എം നയീം, ജോസഫ് ദേവസ്സ്യ പൊൻമാങ്കൽ, ഡോ. മാത്യൂസ് കെ ലൂക്കോസ് മന്നിയോട്, കമ്മീഷൻ സെക്രട്ടറി ജയറാം കുമാർ ആർ എന്നിവർ ആദ്യ യോഗത്തിൽ പങ്കെടുത്തു.
2015 ൽ ആരംഭിച്ച കമ്മീഷൻ ഇടക്കാലത്ത് പുനഃസംഘടന വൈകിയത് കാരണം പ്രവർത്തനങ്ങൾ നിലച്ചിരുന്നു. പ്രവാസികൾക്കും നാട്ടിലെ ബന്ധുക്കൾക്കും ഈ കമ്മീഷൻ പ്രവർത്തനം സഹായകരമാണെന്നും അതിനാൽ പുനഃസംഘടന വേഗത്തിലാക്കി പ്രവർത്തനം സജീവമാക്കണമെന്ന് വിവിധ സംഘടനകൾ സർക്കാരിന് അപേക്ഷ നൽകിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
