നിങ്ങളുടെ യാത്ര മുടങ്ങിയത് ഈ കാരണം കൊണ്ടാണോ?, എന്നാൽ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് ഒമാൻ
മസ്കത്ത്: ഒമാനിൽ അപ്രതീക്ഷിതമായ സാഹചര്യങ്ങളെ തുടര്‍ന്ന് യാത്ര മുടങ്ങിയാൽ വിമാനകമ്പനികളിൽ നിന്ന് യാത്രക്കാരന് നഷ്ടപരിഹാരം ആവശ്യപ്പെടാൻ കഴിയില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി എ എ) അറിയിച്ചു. 'ഫോഴ്സ് മജ്യൂർ' കരാർ വ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് സി എ എ ഇക്കാര്യം വ്യക്തമാക്കിയത്.
അപ്രതീക്ഷിതവും അനിയന്ത്രിതവുമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ കരാർ വ്യവസ്ഥകൾ പാലിക്കാൻ കക്ഷികൾക്ക് സാധിക്കാതെ വരുമ്പോൾ അവരെ തുടർ നടപടികളിൽ നിന്ന് ഒഴിവാക്കുന്ന കരാർ ആണ് 'ഫോഴ്സ് മജ്യൂർ' എന്ന് പറയുന്നത്.
യുദ്ധം, രാഷ്ട്രീയ അസ്വസ്ഥതകൾ, ഇന്ധന വിതരണത്തിലെ പ്രശ്നങ്ങൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, വിമാനത്താവളം അടച്ചുപൂട്ടൽ, കാലാവസ്ഥ, ആരോഗ്യ കാരണങ്ങൾ,വിമാനത്തിൽ പക്ഷി വന്നിടിക്കുക, വിമാനത്തെ ബാധിക്കുന്ന അപ്രതീക്ഷിത പ്രശ്നങ്ങൾ, പണിമുടക്കുകൾ, വ്യോമഗതാഗത നിയന്ത്രണം, വിമാന ലോഡ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ കാരണമാണ് യാത്ര മുടങ്ങുന്നത് എങ്കിൽ നഷ്ടപരിഹാരം ആവശ്യപ്പെടാൻ കഴിയില്ല. ഈ പ്രശ്നങ്ങളെല്ലാം 'ഫോഴ്സ് മജ്യൂർ' കരാറിൽ ഉൾപ്പെടുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, വൈകല്യമുള്ള യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ട നടപടികൾ വിമാന കമ്പനികൾ ഉറപ്പാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ടിക്കറ്റ് റിസർവേഷൻ നടത്തുമ്പോൾ തന്നെ യാത്രക്കാർ അവരുടെ അവസ്ഥയും ആവശ്യമായ ഉപകരണങ്ങളും വിമാന കമ്പനികളെ അറിയിക്കണം. ഇതുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ അധികൃതർ വിമാനത്തിൽ ഒരുക്കി നൽകണം. അതിൽ വീഴ്ച വരുത്തിയാൽ യാത്രക്കാരന് നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.
Gulf news: The Civil Aviation Authority in Oman has clarified that passengers are not entitled to claim compensation from airlines in cases of force majeure.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
