

അബുദാബി: സ്വയം നിയന്ത്രിത വാഹനങ്ങളും ഫ്ലൈയിംഗ് ടാക്സികളും ഉൾപ്പെടെയുള്ള പുതിയ കണ്ടുപിടിത്തങ്ങളുടെ പ്രദർശനമാണ് 'ഓട്ടോണോമിസ് വീക്ക് അബുദാബി'' യുടെവേദികളിൽ നടക്കുന്നത്. ഓട്ടോണമസ് വാഹനങ്ങൾ മാത്രമല്ല ബാരിസ്റ്റാ റോബോട്ടുകൾ, ഡെലിവറി ബോട്ടുകൾ, മനുഷ്യരുടെ സഹായത്തിനായി നിർമ്മിച്ച ഹ്യൂമാനോയിഡുകളും ഇവിടെ പ്രദർശനത്തിന് എത്തുന്നുണ്ട്.
എന്നാൽ, എമിറാത്തി പരമ്പരാഗത വേഷം ധരിച്ച് നൃത്തം ചെയ്യുന്ന ചെറിയൊരു റോബോട്ടാണ് സന്ദർശകരുടെ എല്ലാം ശ്രദ്ധ പിടിച്ചുപറ്റിയത്.
ചൈനീസ് കമ്പനി ബൂസ്റ്റർ റോബോട്ടിക്‌സ് വികസിപ്പിച്ച ബൂസ്റ്റർ കെ 1 എന്ന ഹ്യൂമാനോയിഡ് റോബോട്ടാണ് ഇത്. എമിറാത്തി പുരുഷന്മാരുടെ വേഷം ധരിച്ചു കയ്യിൽ പ്രത്യേക തരത്തിലുള്ള വടിയും പിടിച്ചു പരമ്പരാഗത ആയ്യാല നൃത്തം (Ayyalah) ആണ് ബൂസ്റ്റർ കെ 1 റോബോട്ടുകൾ അവതരിപ്പിച്ചത്. ഡാൻസ് തുടങ്ങിയതോടെ കാണികൾക്കും ആവേശമായി.
റോബോട്ടുകൾ നൃത്തം ചെയ്യുമ്പോൾ, പ്രേക്ഷകരും പാട്ടിനൊപ്പം ചുവട് വെച്ചു. രാജ്യത്തിന്റെ പ്രസിഡന്റിനോടുള്ള ആദരവാണ് റോബോട്ടുകൾ പ്രകടിപ്പിച്ചത് എന്ന് കമ്പനി അധികൃതരും വ്യക്തമാക്കി.
ഗീക്,എഡ്യൂക്കേഷൻ, പ്രൊഫഷണൽ എന്നീ മൂന്ന് തരത്തിലുള്ള ബൂസ്റ്റർ കെ 1 മോഡലുകൾ ആണ് കമ്പനി അവതരിപ്പിച്ചത്. വിദ്യാഭ്യാസ രംഗത്ത് എ ഐ അധിഷ്ഠിത പഠന സഹായിയായി ഉപയോഗിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.
19.5 കിലോ ഭാരമുള്ള ഈ റോബോട്ടിന്റെ ഉയരം 95 സെ.മീ മാത്രമാണ്. വളരെ എളുപ്പം കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിലാണ് റോബോട്ട് രൂപകൽപന ചെയ്തിരിക്കുന്നത്. $5,999 (ഏകദേശം 5 ലക്ഷം രൂപ) ഇതിന്റെ വില. എന്തായാലും ഡാൻസ് കളിച്ചു അബുദാബിക്കാരുടെ മനസിൽ കയറിയിരിക്കുകയാണ് ഈ കുഞ്ഞൻ റോബോട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates