

ദുബൈ: ടാക്സി സേവനങ്ങൾ മികച്ചതാക്കാൻ 28 പദ്ധതികൾ നടപ്പിലാക്കിയതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ ടി എ). സേവന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി 8 മില്യൺ ദിർഹത്തിലധികം വിലമതിക്കുന്ന പ്രോത്സാഹന സമ്മാന പദ്ധതികൾ ആവിഷ്ക്കരിച്ചു.
ഡ്രൈവർമാർ, ഫ്രാഞ്ചൈസി കമ്പനികൾ എന്നിവരെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിലൂടെ സേവന നിലവാരം ഉയർത്താൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.
വാഹനങ്ങളിലെ വായു ഗുണനിലവാരം തത്സമയം നിരീക്ഷിക്കുന്നതിന് വേണ്ടി സെൻസറുകൾ സ്ഥാപിക്കുക, ടാക്സിയുടെ പ്രവർത്തനം നിരീക്ഷിക്കുക, മാറുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ തുണി ഉപയോഗിച്ച് ഡ്രൈവർമാർക്ക് യൂണിഫോമുകൾ നൽകുക തുടങ്ങിയയാണ് നടപ്പാക്കിയ പ്രധാന നടപടികൾ.
യാത്രക്കാർക്ക് മികച്ച യാത്ര അനുഭവം ഒരുക്കാനായി മികച്ചയിനം ലതർ ഉപയോഗിച്ചു സീറ്റുകൾ നവീകരിച്ചു. എയർ ഫ്രെഷനറുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തുക,ഓരോ ട്രിപ്പ് കഴിയുമ്പോഴും സേവന ഗുണനിലവാരം രേഖപ്പെടുത്താൻ യാത്രക്കാർക്ക് അവസരമൊരുക്കുക തുടങ്ങിയ പദ്ധതികളും നടപ്പിലാക്കി.
ദുബൈ റോഡ് ഗതാഗത അതോറിറ്റിയുടെ നിർദേശങ്ങൾ പാലിക്കുന്ന ഡ്രൈവർമാർ, ഫ്രാഞ്ചൈസി കമ്പനികൾ എന്നിവർക്ക് വിവിധ മാനദണ്ഡങ്ങൾ അനുസരിച്ചാണ് 8 മില്യൺ ദിർഹത്തിലധികം വിലമതിക്കുന്ന പ്രോത്സാഹന സമ്മാനങ്ങൾ നൽകുക.
ഈ വർഷം മൂന്നാം പാദത്തോടെ പദ്ധതികളുടെ 89.8 ശതമാനം പൂർത്തീകരിച്ചു. ദുബൈയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനായി സർക്കാർ നിരവധി പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. അതിന്റെ ഭാഗമായി ആണ് വലിയ സമ്മാനത്തുക പ്രഖ്യാപിച്ചതെന്നും ആർ ടി എ പൊതുഗതാഗത ഏജൻസിയിലെ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ ആദിൽ ശക്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates