

റിയാദ്: സന്ദർശക വിസയിലെത്തി (വിസിറ്റ് വിസ), കാലാവധി കഴിഞ്ഞു സൗദിയിൽ താമസിക്കുന്ന വിദേശികൾക്ക് നാട്ടിലേക്ക് മടങ്ങിപോകാൻ 30 ദിവസം കൂടുതലായി നൽകുമെന്ന് സൗദി അധികൃതർ അറിയിച്ചു.
എല്ലാ വിഭാഗത്തിലുമുള്ള സന്ദർശക വിസക്കാർക്കും ഈ അധിക സമയം (ഗ്രേസ് പിരീഡ്) ബാധകമാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് അറിയിച്ചു. ഇളവിനുള്ള കാലാവധി ജൂലൈ 27 മുതൽ നടപ്പിൽ വന്നു. എന്നാൽ, സൗദിയിലെ നിയമനുസരിച്ച് നിലവിലുള്ള പിഴയും മറ്റ് ഫീസുകളും അടച്ച ശേഷം മാത്രമേ ഇവർക്ക് മടങ്ങിപോകാനാവുകയുള്ളൂ.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ "അബ്ഷെറി" (Absher) ലെ "തവാസുൽ" സേവനം വഴി യോഗ്യരായ വ്യക്തികൾക്ക് യാത്രാ അപേക്ഷ സമർപ്പിക്കാമെന്ന് ഡയറക്ടറേറ്റ് പറഞ്ഞു. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ യാത്രാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനും കൂടുതൽ പിഴകൾ ഒഴിവാക്കുന്നതിനും സന്ദർശക വിസയിൽ വന്നവർ ഈ സംവിധാനം ഉപയോഗിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ജൂണിൽ ആദ്യമായി അവതരിപ്പിച്ച ഈ പദ്ധതി, മടങ്ങിപോകൽ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും രാജ്യത്തിന്റെ റെസിഡൻസി, ഇമിഗ്രേഷൻ നിയമങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. കഴിഞ്ഞ മാസം (ജൂൺ) 26 മുതൽ പ്രാബല്യത്തിൽ വന്ന ഈ നടപടി പ്രകാരം, കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന വിവിധ തരത്തിലുള്ള വിസകൾക്ക് ( സിംഗിൾ, മൾട്ടിപ്പിൾ എൻട്രി), നാട്ടിലേക്ക് മടങ്ങാൻ പിഴയും അഡ്മിനിസ്ട്രേറ്റീവ് ഫീസും അടയ്ക്കുന്നതിന് 30 ദിവസത്തെ അധിക സമയം (ഗ്രേസ് പിരീഡ്) പ്രഖ്യാപിച്ചിരുന്നു.
വിസ കാലാവധിക്ക് ശേഷം രാജ്യത്ത് തുടരുന്ന സന്ദർശകരുടെ താമസം നിയന്ത്രിക്കുന്നതിനും സുഗമമായ തിരിച്ചുപോകൽ പ്രക്രിയകൾ ഉറപ്പാക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates